- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒടുവിൽ ആപ്പിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രം; ആം ആദ്മി വിദേശത്ത് നിന്നും പണം സ്വീകരിക്കുന്നതു നിയമാനുസൃതമെന്ന് കോടതിയിൽ സർക്കാരിന്റെ സത്യവാങ്മൂലം
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കു ലഭിക്കുന്ന വിദേശ ധനസഹായത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചട്ടങ്ങൾ ലംഘിച്ചാണു എഎപി വിദേശ സഹായം സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണു കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്. എഎപിക്ക

ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കു ലഭിക്കുന്ന വിദേശ ധനസഹായത്തിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്നു കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ചട്ടങ്ങൾ ലംഘിച്ചാണു എഎപി വിദേശ സഹായം സ്വീകരിക്കുന്നതെന്നും ഇക്കാര്യത്തിൽ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി പരിഗണിക്കവേയാണു കേന്ദ്ര സർക്കാർ നിലപാട് വ്യക്തമാക്കിയത്.
എഎപിക്കു ലഭിക്കുന്ന വിദേശ ധനസഹായം സംശയാസ്പദമാണെന്നും വിശദ അന്വേഷണം വേണമെന്നും ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി ആവശ്യപ്പെട്ടിരുന്നു. വലിയ ചർച്ചകൾക്കും ഇത് വഴിവച്ചു. പാർട്ടിക്കു ലഭിക്കുന്ന വിദേശ സഹായത്തെക്കുറിച്ചു രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചെന്നും ക്രമവിരുദ്ധമായി ഒന്നും കണ്ടെത്തിയില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കോടതിയെ അറിയിച്ചു.
എന്നാൽ, ഇക്കാര്യത്തിൽ പുതിയ തൽസ്ഥിതി റിപ്പോർട്ട് മുദ്ര വച്ച കവറിൽ കൈമാറാൻ ചീഫ് ജസ്റ്റിസ് ജി. രോഹിണി, ജസ്റ്റിസ് ആർ.എസ്. എൻദ്‌ലാവ എന്നിവരുൾപ്പെട്ട ബെഞ്ച് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്തും ഇത്തരത്തിൽ ഉയർന്നു വന്ന ആരോപണങ്ങൾ അന്വേഷിച്ചിരുന്നതായും ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നും കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു
നിയമാനുസൃതമായി മാത്രമാണു പാർട്ടി സംഭാവന സ്വീകരിച്ചതെന്ന് എഎപിയും ഹൈക്കോടതിയിൽ വ്യക്തമാക്കി. പാർട്ടിക്ക് ആകെ ലഭിച്ചതു 30 കോടിയാണ്. ഇതിൽ 8.5 കോടി വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരിൽ നിന്നു ലഭിച്ചതാണ്. ഇന്ത്യൻ പൗരത്വമുള്ളവരിൽ നിന്നു മാത്രമാണു സംഭാവന സ്വീകരിച്ചത്. പ്രധാന രാഷ്ട്രീയ പാർട്ടികൾക്കു ലഭിക്കുന്ന സംഭാവനയെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്‌ഐടി) അന്വേഷണം ആവശ്യപ്പെട്ട് പാർട്ടി ചീഫ് ജസ്റ്റിസിനു കത്തെഴുതിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
അഭിഭാഷകനായ എം.എൽ. ശർമ്മയാണ് ഹർജി നൽകിയത്. രണ്ട് വ്യാജ വിദേശ കമ്പനികളിൽ നിന്ന് രണ്ടു കോടി രൂപ ലഭിച്ചെന്നായിരുന്നു ആരോപണം. ആം ആദ്മി പാർട്ടിയിൽ നിന്ന് വിട്ടുപോയവർ രൂപീകരിച്ച എ.എ.പി വോളന്റിയർ ആക്ഷൻ മഞ്ച് എന്ന സംഘടനയാണ് ആരോപണവുമായി ആദ്യം രംഗത്തുവന്നത്. അതേസമയം, ഫണ്ട് സ്വീകരിച്ചത് ചെക്ക് മുഖേനയാണെന്നും ഏത് അന്വേഷണത്തിനും തയ്യാറാണെന്നും ആം ആദ്മി പാർട്ടി വ്യക്തമാക്കിയിരുന്നു.

