ന്യൂഡൽഹി: പാവപ്പെട്ടവർക്കായി വോട്ട് ചോദിച്ചാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്. ആഡംബരവും അനാവശ്യ ചെലവുകളും ഒഴിവാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പാവങ്ങൾക്കായി എന്ന മുദ്രാവാക്യം ആപ്പ് ഉയർത്തി. അങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റുകളിൽ ബഹുഭൂരിഭാഗവും നേടി അരവിന്ദ് കെജ് രിവാൾ അധികാരത്തിലെത്തി. എന്നാൽ പറഞ്ഞതൊന്നും അല്ല കെജ് രിവാൾ നടപ്പാക്കുന്നതെന്ന വിമർശനം ഇതിനോടകം പല കോണുകളും ഉയർത്തുന്നുണ്ട്. അതിനെ ആപ്പ് പ്രതിരോധിക്കുന്നുമുണ്ട്. അതിനിടെയാണ് സർക്കാരിനെ വെട്ടിലാക്കുന്ന പരസ്യക്കണക്ക് പുറത്താകുന്നത്.

ഡൽഹിയിലെ ആം ആദ്മി സർക്കാർ കഴിഞ്ഞ മൂന്നുമാസത്തിനിടെ അച്ചടിമാദ്ധ്യമങ്ങളിലൂടെയുള്ള പരസ്യത്തിനായി മാത്രം ചിലവഴിച്ചത് 15 കോടി രൂപ. ഈ വർഷം ഫെബ്രുവരി 10 മുതൽ മെയ് 11 വരെയുള്ള കാലത്ത് 14.56 കോടി രൂപ പരസ്യത്തിനായി മാത്രം ചെലവിട്ടെന്ന് വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ പറയുന്നു. മലയാള മാദ്ധ്യമങ്ങളിലും പരസ്യമെത്തി. മാതൃഭൂമിക്കും മനോരമയ്ക്കുമെല്ലാം ഇതിന്റെ ഗുണം ആവോളം കിട്ടി. കേരളം, കർണാടക, ഒഡീഷ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ മാദ്ധ്യമങ്ങളിലും പരസ്യങ്ങൾ നൽകിയിരുന്നുവെന്നും വിവരാവകാശ മറുപടിയും വ്യക്തമാക്കുന്നുണ്ട്.

ഡൽഹി സർക്കാരിന്റെ ആഗോള പ്രശസ്തിക്ക് വേണ്ടിയാണ് പരസ്യം നൽകൽ എന്നാണ് ഉയരുന്ന ആരോപണം. പരസ്യ വാചകങ്ങളല്ലാതെ ജനങ്ങൾക്കായി ഒന്നും ചെയ്യാൻ കെജ് രിവാളിന് കഴിയുന്നില്ലെന്നാണ് കുറ്റപ്പെടുത്തൽ. സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഒരുവശത്ത് ശുചീകരണ തൊഴിലാളികൾക്ക് ശമ്പളം നൽകാനും പെൻഷൻ നൽകാനും പണമില്ലെന്ന് പറയുന്ന സർക്കാരാണ് വൻതുക പരസ്യത്തിനായി ചെലവിട്ടതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ കുറ്റപ്പെടുത്തി.

എന്നാൽ ഇതെല്ലാം രാഷ്ട്രീയ ആക്ഷേപങ്ങൾ മാത്രമായി കാണാനാണ് ആപ്പിന് താൽപ്പര്യം. വാഹന നിയന്ത്രണവുമായി ബന്ധപ്പെട്ട് നിരവധി ബോധവൽക്കരണം നടത്തേണ്ടി വന്നു. ഇതുകൊണ്ട് മാത്രമാണ് പരസ്യചെലവ് ഉയർന്നതെന്നാണ് ആംആദ്മി പാർട്ടി വിവാദങ്ങളോട് പ്രതികരിക്കുന്നത്.