ന്യൂഡൽഹി: സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ അവഗണിച്ച് പരസ്യത്തിനായി 526 കോടി ചെലവഴിച്ച ഡൽഹിയിലെ ആംആദ്മി പാർട്ടി, 97 കോടി രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കണമെന്ന് ഡൽഹി ലഫ്. ഗവർണർ ഉത്തരവിട്ടു. സർക്കാർ പണം മുഖ്യമന്ത്രിയുടെയും ആംആദ്മി പാർട്ടിയുടെയും പരസ്യത്തിനായി ഉപയോഗിച്ചെന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തിലാണ് ലഫ്. ഗവർണർ അനിൽ ബൈജാൽ വൻതുക തിരിച്ചടയ്ക്കാൻ എഎപിയോട് ആവശ്യപ്പെട്ടത്.

എത്രയും വേഗം 97 കോടി രൂപ എഎപിയിൽനിന്ന് ഈടാക്കാൻ ലഫ്. ഗവർണർ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. വിഷയത്തേക്കുറിച്ച് വിശദമായ അന്വേഷണത്തിനും ലഫ്. ഗവർണർ ഉത്തരവിട്ടു. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെയും പാർട്ടിയുടെയും പബ്ലിസിറ്റിക്കായി വൻതുക ചെലവഴിച്ച ആം ആദ്മി സർക്കാരിന്റെ നീക്കത്തിനെതിരെ പാർട്ടിക്കകത്തും പുറത്തും രൂക്ഷവിമർശനമുയർന്നിരുന്നു. സ്വന്തം പബ്ലിസിറ്റിക്കു വൻതുക നീക്കിവച്ചതിലൂടെ കേജ്രിവാൾ സർക്കാർ വൻ അഴിമതിയാണു നടത്തിയതെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവ് അജയ് മാക്കൻ, ഇതേക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര വാർത്താവിതരണ മന്ത്രാലയം നിയോഗിച്ച മൂന്നംഗ കമ്മിറ്റിക്ക് പരാതിയും നൽകി.

എന്നാൽ, പരസ്യത്തിന്റെ ചെലവ് പ്രത്യേകം പരാമർശിച്ചതിനാലാണു ഭീമമായ തുകയായി തെറ്റിധരിക്കുന്നതെന്നായിരുന്നു ഇതേക്കുറിച്ച് എഎപി സർക്കാരിന്റെ വിശദീകരണം. ഇത് കഴിഞ്ഞ സർക്കാരുകൾ ചെലവഴിച്ചതിനെക്കാൾ കുറവാണെന്നും അവർ ചൂണ്ടിക്കാട്ടി. പരസ്യത്തിനായി മാത്രം 526 കോടി ചെലവഴിച്ചതായുള്ള വാർത്ത പുറത്തുവന്നതിനു പിന്നാലെ കോൺഗ്രസും ബിജെപിയും എഎപിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മുൻ സർക്കാർ 24 കോടി മാത്രം ചെലവഴിച്ച സ്ഥാനത്താണു എഎപി സർക്കാർ 526 കോടി ചെലവഴിക്കുന്നതെന്നു ഡിപിസിസി പ്രസിഡന്റ് അജയ് മാക്കൻ ചൂണ്ടിക്കാട്ടിയപ്പോൾ, ഇത് നഗ്‌നമായ അഴിമതിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്തയുടെ ആരോപണം.