ന്യൂഡൽഹി: ദേ പോയി... ദാ വന്നു... എന്ന് പറഞ്ഞ പോലെയാണ് ഏതാണ്ട് ഒരു വർഷം കഴിഞ്ഞ് ആം ആദ്മി പാർട്ടി ഡൽഹിഭരണത്തിൽ തിരിച്ചെത്തിയിരിക്കുന്നത്. ഭരണത്തിലേറി ദിവസങ്ങൾ മാത്രമുള്ളപ്പോൾ രാജിവച്ചിറങ്ങിപ്പോയ കെജ്രിവാളിന്റെ പുതിയ മന്ത്രിസഭയ്ക്ക് തങ്ങൾ നിർത്തിയേടത്ത് നിന്ന് തന്നെ തുടങ്ങേണ്ട അവസ്ഥയാണുള്ളത്. വൈദ്യുതി ബിൽ കുറയ്ക്കുമെന്ന് കഴിഞ്ഞ പ്രാവശ്യ ഭരണത്തിലേറിയപ്പോൾ അദ്ദേഹം നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. രണ്ടാംവട്ടം മുഖ്യമന്ത്രിയാകുമ്പോൾ തന്റെ പഴയ വാക്ക് പാലിക്കുന്നതിനായിരിക്കും അദ്ദേഹം മുൻഗണന നൽകുന്നത്. എന്നാൽ ഇത് ചില്ലറക്കാര്യമല്ലെന്നോർക്കുക. അതായത് വൈദ്യുതിബിൽ കുറയ്ക്കാനായി പുതിയ സർക്കാരിന് 1600 കോടിയെങ്കിലും കണ്ടെത്തേണ്ടി വരും. പുതിയ ആം ആദ്മി എംഎൽമാർ മറുപക്ഷത്തിന്റെ പ്രലോഭനങ്ങളിൽ എളുപ്പം വശംവദരാകാൻ സാധ്യതയേറെയാണ്. അതിനാൽ അവർ തന്റെ കൂടാരത്തിൽ നിന്നും മറുപക്ഷത്തേക്ക് വഴുതിപ്പോകാതിരിക്കാൻ കരുതൽ സ്വീകരിക്കുകയെന്ന വെല്ലുവിളിയും കെജ്രിവാളിനെ കാത്തിരിക്കുന്നുണ്ട്.

ഡൽഹിക്കാർക്ക് ഒരു അഴിമതി രഹിത ജീവിതവും കോഴയെ നേരിടാനായി ആന്റി െ്രെബബറി ഹെൽപ് ലൈനും സത്വരം നടപ്പിലാക്കുമെന്ന ശപഥത്തോടെയായിരുന്നു 2013 ഡിസംബർ 28ന് ഡൽഹി മുഖ്യമന്ത്രിയായി കെജ്രിവാൾ സത്യപ്രതിജ്ഞ ചെയ്തിരുന്നത്. 49 ദിവസത്തെ ഭരണത്തിനിടയിൽ ഇത് നടപ്പിലാക്കാനുള്ള പ്രാരംഭപ്രവർത്തനങ്ങൾ ആം ആദ്മി സർക്കാർ അന്ന് ആരംഭിച്ചിരുന്നു. ഇതിന് പുറമെ വൈദ്യുതി ബിൽ കുറയ്ക്കാനും സൗജന്യ ജലവിതരണം നടപ്പിലാക്കാൻ ജനലോക്പാൽ സ്വരാജ് എന്നീ രണ്ട് നിയമനിർമ്മാണങ്ങളിലൂടെ അന്ന് ശ്രമമാരംഭിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം ഇപ്പോൾ തിരിച്ചെത്തിയിരിക്കുന്ന ആം ആദ്മി സർക്കാരിനെ ഈ നടപടികളുടെ യാഥാർത്ഥ്യവൽക്കരണമെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കാത്തിരിക്കുന്നത്.

അഴിമതിക്കെതിരെയുള്ള പോരാട്ടമായിരുന്നു ആദ്യ ആം ആദ്മി സർക്കാരിന്റെ പ്രധാന അജൻഡ. ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നതിനെ സംബന്ധിച്ച് അറിവ് കിട്ടിയാൽ ജനങ്ങൾക്ക് ആ വിവരം അറിയിക്കാൻ അന്ന് ഒരു ഹെൽപ് ലൈനും സർക്കാർ ലോഞ്ച് ചെയ്തിരുന്നു. ആന്റി കറപ്ഷൻ ബ്രാഞ്ചിന്റെ അധികാരപരിധിക്കകത്ത് നിന്ന് കൊണ്ട് ആം ആദ്മി പ്രവർത്തകരുടെ സഹായത്തോടെയാണീ ഹെൽപ് ലൈൻ അന്ന് പ്രവർത്തിച്ചിരുന്നത്. എന്നാൽ കെജ്രിവാൾ രാജിവച്ചൊഴിഞ്ഞതിനെത്തുടർന്ന് ഈ ഹെൽപ് ലൈൻ നിർജീവമായി. തുടർന്ന് ലെഫ്റ്റനന്റ് ഗവർണർ ഇത് പുനരുജ്ജീവിപ്പിക്കുകയുമുണ്ടായി. 1031 എന്നാണ് ഇതിന്റെ നമ്പർ. എങ്കിലും കഴിഞ്ഞ വർഷം ജൂൺ മുതൽ ഇതിൽ വെറും 100 കാളുകൾ മാത്രമെ ലഭിച്ചിട്ടുള്ളൂ. ഈ ഹെൽപ് ലൈനിനെ സജീവമാക്കാൻ കെജ്രിവാൾ പ്രാമുഖ്യം നൽകുമെന്നുറപ്പാണ്.

വൈദുതിബിൽ കുറയ്ക്കുമെന്ന തന്റെ വാഗ്ദാനം പാലിക്കാൻ 400 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റൊന്നിന് ആം ആദ്മി സർക്കാർ 50 ശതമാനം സബ്‌സിഡി നൽകേണ്ടി വരും. ഇതിനായി പുതിയ സർക്കാരിന് വർഷം തോറും 1400 കോടിമുതൽ 1600 കോടി വരെ കണ്ടെത്തേണ്ട വെല്ലുവിളി ഏററെടുക്കേണ്ടി വരുമെന്നാണ് വിഗദ്ധർ അഭിപ്രായപ്പെടുന്നത്. ഗാർഹിക ഉപഭോക്താക്കൾക്ക് വൻതോതിൽ ഊർജ സബ്‌സിഡി നൽകാനായി ആം ആദ്മി സർക്കാരിന്റെ ബജറ്റിൽ പ്രൊവിഷനുകൾ ഏർപ്പെടുത്തിയിരുന്നു. ഡൽഹിയിലെ ഇപ്പോഴത്തെ ഭരണസംവിധാനത്തിൻ കീഴിൽ വൈദ്യുതി താരിഫുകൾക്ക് സബ്‌സിഡി നൽകാനായി 260 കോടി അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം ആദ്യത്തെ രണ്ടു സ്ലേബുകളിലാണ് കഴിഞ്ഞ വർഷം ആഗസ്റ്റ 11 മുതൽ ഇതിൽ 30 ശതമാനവും ചെലവഴിച്ചിരിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണറുടെ നിർദേശാനുസരണമാണിത് നടപ്പിലാക്കിയത്. ഈ സബ്‌സിഡി മാർച്ച് 31 ന് അവസാനിക്കുകയാണ്. അതിനാൽ വൈദ്യുതി ബിൽ കുറയ്ക്കുന്ന കാര്യത്തിൽ പുതിയ കെജ്രിവാൾ സർക്കാരിന് ഉടൻ തീരുമാനമെടുത്തേ പറ്റൂവെന്ന് ചുരുക്കം.

തെരഞ്ഞെടുപ്പിൽ നേടിയ സീറ്റുകളുടെ എണ്ണത്തിലല്ല കാര്യമെന്നും തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ സർക്കാരിന്റെ കാലാവധി കഴിയുന്നത് വരെ കൂടെ നിർത്തുകയെന്നതിലാണ് കാര്യമെന്നും മറ്റേത് പാർട്ടിയേയുമെന്നത് പോലെ ആം ആദ്മിക്കും നന്നായറിയാം. മറ്റ് പാർട്ടികളിൽ നിന്നും വ്യത്യസ്തമായി ആദർശത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന പാർട്ടിയായ ആപ്പിന് തങ്ങളുടെ പുതിയ എംഎൽഎമാരെ പാർട്ടിയുടെ ആദർശത്തിൽ ദീർഘകാലം ഉറപ്പിച്ച് നിർത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. പാർട്ടി നേരിടുന്ന ഈ പുതിയ വെല്ലുവിളിയെക്കുറിച്ച് ചൊവ്വാഴ്ച നടന്ന വിജയാഘോഷങ്ങൾക്കിടയിൽ ആപ്പ് നേതാവ് പ്രശാന്ത് ഭൂഷൻ ഓർമപ്പെടുത്തുകയും ചെയ്തിരുന്നു. സ്ഥാനാർത്ഥികള തെരഞ്ഞെടുത്തതിനോട് യോജിപ്പില്ലാത്തതിനാൽ ഡൽഹി പ്രചാരണത്തിൽ നിന്നും വിട്ടു നിന്നയാളാണ് ഭൂഷൺ. മറ്റ് പാർട്ടികളിൽ നിന്നു ആപ്പിലെത്തിയ ചില സ്ഥാനാർത്ഥികൾ അധാർമികമായി ജീവിക്കുന്നവരാണെന്നും അവർ ആപ്പിന്റെ ആദർശങ്ങളോട് ദീർഘകാലം പൊരുത്തപ്പെടില്ലെന്നുമാണ് ഭൂഷൺ മുന്നറിയിപ്പ് നൽകുന്നത്. ഈ പ്രശ്‌നം ചർച്ച ചെയ്യാൻ പാർട്ടിയുടെ നാഷണൽ എക്‌സിക്യൂട്ടീവ് ഫെബ്രുവരി 14ന് ശേഷം വിളിച്ച് കൂട്ടുന്നുണ്ട്. ഇത്തരം എംഎൽമാരെ ആദർശത്തിനനുസരിച്ച് പ്രവർത്തിപ്പിക്കുകയും ദീർഘകാലം കൂടെ നിർത്തുകയും ചെയ്യുകയെന്നത് കെജ്രിവാൾ നേരിടുന്ന പ്രധാന വെല്ലുവിളി തന്നെയാണ്.