ന്യൂഡൽഹി: അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചാണ് അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി ഡൽഹിയിൽ അധികാരത്തിൽ എത്തിയത്. അതുവരെ അധികാരത്തിലിരുന്ന സർക്കാറുകളിൽ നിന്നും വ്യത്യസ്തമായി സാധാരണക്കാർക്ക് വേണ്ടി സഹായങ്ങൾ ചെയ്താണ് കെജ്രിവാൾ സർക്കാർ ജനങ്ങളുടെ കൈയടി നേടുന്നത്. ഇതിനിടെ മാദ്ധ്യമങ്ങളെ കൂട്ടുപിടിച്ചും ആം ആദ്മി സർക്കാറിനെ നാണം കെടുക്കാൻ വേണ്ടി മറ്റ് രാഷ്ട്രീയ പാർട്ടികൾ ശ്രമം നടത്തുകയും ചെയ്യുന്നു. ഇതിനിടെയാണ് ഒരു മന്ത്രിയുടെ സ്ഥാനചലനം വാർത്തകളിൽ ഇടംപിടിക്കുന്നത്. അഴിമതി കേസിൽ മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെതിരെ എഫ്‌ഐആർ ഇടാൻ നിർദ്ദേശം നൽകിയതിന്റെ മൂന്നാം നാൾ ഡൽഹി നിയമമന്ത്രിയെ തൽസ്ഥാനത്തു നിന്നും നീക്കിയതാണ് വിവാദത്തിന് ഇടനൽകുന്നത്.

ഡൽഹി നഗരത്തിൽ വെള്ളം എത്തിക്കുന്നതിന് വേണ്ടി ടാങ്കറുകൾ വനാങ്ങിയ സംഭവത്തിൽ സംസ്ഥാന സർക്കാറിന് 400 കോടിയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് ഷീലാ ദീക്ഷിതിനെ പ്രതിചേർക്കാൻ നിയമമന്ത്രി കപിൽ മിശ്ര നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ തൽസ്ഥാനത്തു നിന്നും കെജ്രിവാൾ നീക്കിയത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഈ സ്ഥാനം ഏറ്റെടുത്തത്. മന്ത്രിയെ മാറ്റിയതിന് പിന്നിൽ ഷീലാ ദീക്ഷിതിന് എതിരായ നടപടിയാണെന്ന ആരോപണവും ഇതോടെ ഉയർന്നിട്ടുണ്ട്.

മിശ്രയെ മാറ്റിയ നടപടി വിവാദത്തിൽ ആയതോടെ വിശദീകരണവുമായി ആം ആദ്മി വൃത്തങ്ങളും രംഗത്തെത്തി. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽപ്പെട്ട ജിതേന്ദർ സിങ് തോമറിന് പകരക്കാരനായാണ് മിശ്രയെ നിയമന്ത്രിയുടെ ചുമതല ഏൽപ്പിച്ചത്. ഇത് താൽക്കാലിക നടപടിയുടെ ഭാഗമായിട്ടാണെന്നും അതിന് ശേഷമാണ് ഇപ്പോൾ വകുപ്പ് ഉപമുഖ്യമന്ത്രി ഏറ്റെടുക്കാൻ തീരുമാനിച്ചതെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം ഷീലാ ദീക്ഷിതിനെതിരെ നടപടി സ്വീകരിച്ചതിന്റെ പേരിൽ നിയമവകുപ്പിന്റെ ചുമതല എടുത്തുമാറ്റിയതിൽ മിശ്രയ്ക്ക് കെജ്രിവാളിനോട് അമർഷമുണ്ടെന്ന മാദ്ധ്യമവാർത്തകളും പുറത്തുവരുന്നുണ്ട്. അതേസമയം ടൂറിസം- ജലസേചന വകുപ്പുകളുടെ ചുമതലയും മിശ്ര വഹിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടിയാണ് നിയമവകുപ്പ് എടുത്തുമാറ്റിയതെന്നും സർക്കാർ വ്യക്തമാക്കി.