ന്യൂഡൽഹി: ഐഐടികളിൽ സംസ്‌കൃതം പഠിപ്പിക്കാൻ ആവശ്യപ്പെട്ട കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ പരിഹസിച്ച് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ രംഗത്ത്. കമ്പ്യൂട്ടർ ഭാഷയിലേക്കു സംസ്‌കൃതം കടന്നുവരുമ്പോൾ ജാവ സ്‌ക്രിപ്റ്റ് പോലുള്ള സാങ്കേതിക ഭാഷകളെയൊക്കെ രാജ്യദ്രോഹികളാക്കി പ്രഖ്യാപിക്കൂ എന്നാണ് സിസോദിയയുടെ പരിഹാസം.

സംസ്‌കൃതം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പഠിപ്പിക്കണമെന്ന കേന്ദ്ര മാനവവിഭവ ശേഷി മന്ത്രിയുടെ നിർദ്ദേശം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് വ്യാപക എതിർപ്പിന് ഇടയാക്കിയിരുന്നു. ഇതെത്തുടർന്നാണു ജാവ സ്‌ക്രിപ്റ്റിനേയും കമ്പ്യൂട്ടർ ഭാഷകളേയും രാജ്യദ്രോഹികളായി പ്രഖ്യാപിക്കൂവെന്നു ഡൽഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചത്.

'നമ്മൾ മനസ്സിലേക്കേണ്ടത് സംസ്‌കൃതമാണ് സിപ്ലസ്, എസ്ഒഎൽ, പൈഥോൺ, ജാവാസ്‌ക്രിപ്റ്റ് തുടങ്ങിയ കമ്പ്യൂട്ടർ ഭാഷകളോട് പൊരുതാൻ കഴിയുന്ന ഏക ഭാഷയെന്നാണ്' - ആദ്യ ട്വീറ്റിലെ പരാമർശം ഇങ്ങനെ.

അടുത്ത ട്വീറ്റിൽ പറയുന്നത് ഇതാണ്: 'സിപ്ലസ്, ജാവ, എസ്ഒഎൽ, പൈഥോൺ എന്നിവ ഉപയോഗിക്കുന്ന ഇന്ത്യയിലെ എല്ലാ കമ്പ്യൂട്ടറുകളെയും രാജ്യദ്രോഹിയായി പ്രഖ്യാപിക്കണം, അതും ഐഐടി വിദ്യാർത്ഥികൾ സംസ്‌കൃതത്തിൽ ജോലി ചെയ്യാൻ പഠിച്ചതിന് ശേഷം.'

ശാസ്ത്രവും സാങ്കേതിക വിദ്യയും സംസ്‌കൃത ഭാഷയിൽ പ്രതിഫലിക്കുന്നതിനാൽ പഠനത്തിൽ സംസ്‌കൃതവും കൊണ്ടുവരാനായിരുന്നു സ്മൃതി ഇറാനിയുടെ അപേക്ഷ. ആർഎസ്എസ് അജൻഡ നടപ്പാക്കാനുള്ള ശ്രമമെന്നാണ് പ്രതിപക്ഷ പാർട്ടികൾ ഇതിനെ വിലയിരുത്തിയത്.