ന്യൂഡൽഹി: ദേശീയ രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ പോന്ന രാഷ്ട്രീയ എതിരാളിയാര് എന്ന ചോദ്യം ഇടയ്ക്കിടെ ഉയരാറുണ്ട്. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി മോദിയെ എതിരിടാൻ കരുത്തില്ലെന്ന് പലവട്ടം തെളിയിച്ച കാര്യമാണ്. ഇപ്പോൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയാണ് മോദിയുടെ എതിരാളിയായി രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ, കഴിവും സമാർത്ഥ്യവും കൊണ്ട് മോദിയുടെ യഥാർത്ഥ എതിരാളായാകാൻ താനാണ് മിടുക്കനെന്ന് തെളിയിക്കുകയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മോദിയുടെ വിദ്യാഭ്യാസ യോഗ്യതാ വിഷയം ആയുധമാക്കി പ്രധാനമന്ത്രിയെ വെള്ളം കുടിപ്പിക്കുകയാണ് കെജ്രിവാൾ.

മോദിക്ക് ഡൽഹി സർവകലാശാലയിൽ നിന്നുള്ള ബിഎ ബിരുദമില്ലെന്ന് ആവർത്തിച്ചുകൊണ്ടാണ് കെജ്രിവാൾ രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ബിരുദത്തിന്റെ രേഖകൾ കാണിക്കാൻ ഡൽഹി സർവകലാശാല വിസമ്മതിക്കുകയാണ്. എന്തുകൊണ്ടാണിത്? അദ്ദേഹത്തിന് ബിഎ ബിരുദമില്ലെന്നാണ് തനിക്കു ലഭിച്ച വിവരമെന്നും ആംആദ്മി പാർട്ടി നേതാവ് വ്യക്തമാക്കി.

ഡൽഹി സർവകലാശാലയിൽ ഇതുസംബന്ധിച്ച രേഖകളില്ല. ചില പത്രങ്ങൾ പ്രസിദ്ധീകരിച്ച രേഖകൾ വ്യാജമാണെന്ന ആരോപണവും കെജ്രിവാൾ ഉന്നയിച്ചു. പ്രധാനമന്ത്രിയുടെ ബിരുദ രേഖകൾ പുറത്തുവിടുന്നതിന് ഡൽഹി സർവകലാശാല മടിക്കുന്നത് എന്തിന്? സർവകലാശാലയിൽ പഠനത്തിനു പ്രവേശിച്ചതിന്റെയോ ബിരുദത്തിന്റെയോ മാർക്ക് ഷീറ്റിന്റെയോ കൺവക്കേഷന്റെയോ രേഖകൾ ഡൽഹി സർവകലാശാലയിൽ ഇല്ലെന്നും കെജ്രിവാൾ ആരോപിച്ചു.

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഡൽഹി സർവകലാശാലയിൽ നിന്ന് ബിഎയും ഗുജറാത്ത് സർവകലാശാലയിൽ നിന്ന് ബിരുദാന്തര ബിരുദവും പാസായതായിട്ടാണ് മോദി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്. എന്നാൽ വിവരാവകാശപ്രകാരുമുള്ള അപേക്ഷയ്ക്ക് മറുപടിയായി തങ്ങളുടെ പക്കൽ വിശദാംശങ്ങളൊന്നുമില്ല എന്ന മറുപടിയാണ് ഡൽഹി സർവകലാശാല നൽകിയത്. പിന്നീട് മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് ഗുജറാത്ത് സർവകലാശാലയിലും പ്രധാനമന്ത്രിയുടെ ഓഫീസിലും അപേക്ഷ നൽകിയെങ്കിലും ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല.

പിന്നീട് 1983 ൽ നരേന്ദ്ര മോദി പൊളിറ്റിക്കൽ സയൻസിൽ ഗുജറാത്ത് സർവകലാശാലയിൽ നിന്നു ഒന്നാം ക്ലാസോടെ ബിരുദാനന്തര ബിരുദം നേടിയെന്നാണ് സംഭവം വിവാദമായപ്പോൾ ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തത്. പൊളിറ്റിക്കൽ സയൻസിൽ 62.3 ശതമാനം മാർക്കാണ് മോദി നേടിയത്. 800ൽ 499 മാർക്കാണ് മോദിക്കുള്ളത്. ആദ്യ വർഷം 400 മാർക്കിൽ 237 മാർക്കും രണ്ടാം വർഷം 262 മാർക്കുമാണ് മോദി നേടിയത്. പൊളിറ്റിക്കൽ സയൻസിൽ 64, യൂറോപ്യൻ ആൻഡ് സോഷ്യൽ പൊളിറ്റിക്കൽ തോട്‌സ് 62, ആധുനീക ഇന്ത്യ 69, പൊളിറ്റിക്കൽ സൈക്കോളജി 67 എന്നിങ്ങനെയാണ് രണ്ടാം വർഷം മോദിയുടെ മറ്റു വിഷയങ്ങളിലെ മാർക്ക്. മോദിയുടെ റോൾ നമ്പറും പുറത്തായി. 71ആണ് മോദിയുടെ റോൾ നമ്പർ. എന്നാൽ മോദി ഡിഗ്രി പഠനം എവിടെ നിന്നാണ് പൂർത്തിയാക്കിയത് എന്നത് അന്നു വ്യക്തമായിരുന്നില്ല.

അതേസമയം നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൈമാറാനുള്ള കേന്ദ്ര വിവരാവകാശ കമീഷൻ നിർദേശത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസിന് (പി.എം.ഒ) അതൃപ്തിയുണ്ടെന്ന റിപ്പോർട്ടും പുറത്തുവന്നു. പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത അറിയിക്കണമെന്നാവശ്യപ്പെട്ട് കെജ്രിവാൾ നൽകിയ കത്ത് വിവരാവകാശ അപേക്ഷയായി പരിഗണിച്ചാണ് കമീഷൻ സർവകലാശാലകൾക്കും പ്രധാനമന്ത്രിയുടെ ഓഫിസിനും നിർദ്ദേശം നൽകിയത്.

ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസയോഗ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ അത് നൽകാതിരിക്കുന്നത് ശരിയല്‌ളെന്ന് ഇൻഫർമേഷൻ കമീഷണർ ശ്രീധർ ആചാര്യലു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയക്കാരന്റെയോ പൊതുപ്രവർത്തകന്റെയോ വിദ്യാഭ്യാസ യോഗ്യത സ്വകാര്യവിവരമായി പരിഗണിക്കാനാകില്‌ളെന്നും അദ്ദേഹം വ്യക്തമാക്കി. വിവരാവകാശ കമീഷന്റെ ഉത്തരവ് നിയമസാധുതയില്ലാത്തതാണെന്നും അധികാരപരിധിക്ക് പുറത്തുള്ളതാണെന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫിസിന്റെ പക്ഷം. കെജ്രിവാളിന്റെ കത്ത് വിവരാവകാശ അപേക്ഷയായി പരിഗണിക്കാനുള്ള ശ്രീധർ ആചാര്യലുവിന്റെ തീരുമാനം നിയമപരമായി നിലനിൽക്കില്‌ളെന്നും പി.എം.ഒ കരുതുന്നു.