ഴിമതിയും കൈക്കൂലിയും തുടച്ചുനീക്കുമെന്ന പ്രതിജ്ഞയോടെയാണ് ഡൽഹിയിൽ ആം ആദ്മി സർക്കാർ അധികാരത്തിലേറിയത്. എന്നാൽ, സ്വന്തം പാളയത്തിൽനിന്നുപോലും ഈ കറകൾ നീക്കം ചെയ്യാനാവുന്നില്ലെന്ന ഗതികേടിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ. ഡൽഹി മന്ത്രിക്കുവേണ്ടി സഹോദരനും ജോലിക്കാരനും കൈക്കൂലി ചോദിച്ച് ഒളിക്യാമറയിൽ കുടുങ്ങിയത് അതിന് തെളിവാണ്.

ഡൽഹി ഭക്ഷ്യവകുപ്പ് മന്ത്രി ഇമ്രാൻ ഹുസൈന്റെ സഹോദരനും ജോലിക്കാരനും ക്കൈൂലി ചോദിക്കുന്ന ദൃശ്യങ്ങളാണ് കോൺഗ്രസ് പുറത്തുവിട്ടത്. കെജരീവാൾ സർക്കാർ ഒരുവർഷം പൂർത്തിയാക്കുന്ന വേളയിലാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നത്. കൈക്കൂലി വെളിപ്പെടുത്തുന്ന രണ്ട് ഓഡിയോ ടേപ്പുകളും ഡൽഹി കോൺഗ്രസ് പ്രസിഡന്റ് അജയ് മാക്കൻ പുറത്തുവിട്ടിട്ടുണ്ട്.

ഓഡിയോ ടേപ്പുകളിലൊന്നിൽ പരാതിക്കാരനായ ക്വാസിം എന്നയാളും മന്ത്രിയുടെ സഹോദരനായ ഫർഖൻ ഹുസൈനുമായുള്ള സംഭാഷണമാണുള്ളത്. മറ്റൊന്നിൽ ക്വാസിമിന്റെ വീട് നിർമ്മിക്കുന്ന കോൺട്രാക്ടർ സമീറും ജൂനിയർ എൻജിനിയറുമായുള്ള സംഭാഷണവും. വീഡിയോയിൽ മന്ത്രിയുടെ സഹായിയായ ഹമദും ക്വാസിമുമായുള്ള ദൃശ്യങ്ങളും.

നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്ന സൈറ്റുകൾ സന്ദർശിക്കുകയും 'നേതാജി'ക്കുവേണ്ടി പണം ശേഖരിക്കുകയുമാണ് താൻ ചെയ്യുന്നതെന്ന് ഹമദ് വീഡിയോയിൽ ക്വാസിമിനോട് പറയുന്നുണ്ട്. പണം കിട്ടാത്തതിൽ ഇമ്രാൻ ഭായ് കുപിതനാണെന്നും ഹമദ് പറയുന്നു. 30 ലക്ഷം രൂപയാണ് ഇമ്രാൻ ആവശ്യപ്പെടുന്നതെന്നും ഇതു വളരെക്കൂടുതലാണെന്നും ക്വാസിം പറയുന്നു.

തിരഞ്ഞെടുപ്പിന് ആറേഴുകോടി രൂപയാണ് ഇമ്രാൻ ഭായ് ചെലവഴിച്ചതെന്നും അത് തിരിച്ചുകിട്ടിയേ തീരൂ. സീറ്റ് കിട്ടുന്നതിനും ജയിച്ചപ്പോൾ മന്ത്രിയാകുന്നതിനും എത്രയാണ് ചെലവിട്ടതെന്ന് നിങ്ങൾക്കറിയാമോ എന്ന് മറുപടിയായി ഹമദ് ചോദിക്കുന്നു. ഈ പണമൊക്കെ എങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് കരുതുന്നതെന്നും ഹമദ് ചോദിക്കുന്നു.