ന്യൂഡൽഹി: ഞെക്കി കൊല്ലാൻ ശ്രമിക്കുന്ന കേന്ദ്രസർക്കാറിനോട് പോരാടിയാണ് ഡൽഹിയിലെ ആം ആദ്മി സർക്കാർ മുന്നോട്ടു പോകുന്നത്. പാർട്ടിയിലെ നേതാക്കളെയും എംംഎൽഎമാരെയുമൊക്കെ നോട്ടമിട്ടാണ് കേന്ദ്രസർക്കാറിന്റെ പ്രവർത്തനം. ഇതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകുമ്പോഴും രാഷ്ട്രീയം സംശുദ്ധിയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ചയ്ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തയ്യാറല്ല. മന്ത്രിസഭയിലെ മന്ത്രിക്കെതിരെ ലൈംഗിക ആരോപണം ഉയർന്നതിന് പിന്നാലെ അദ്ദേഹത്തെ പുറത്താക്കി കൊണ്ടാണ് സർക്കാർ നടപടി കൈക്കൊണ്ടത്.

സാമൂഹിക ക്ഷേമവകുപ്പുമന്ത്രി സന്ദീപ് കുമാറിനെയാണ് ഡൽഹി നിയമസഭയിൽനിന്നു പുറത്താക്കിയത്. രണ്ടു സ്ത്രീകൾക്കൊപ്പമുള്ള അശ്ലീല ദൃശ്യങ്ങളടങ്ങിയ സിഡി ലഭിച്ചതിനെ തുടർന്നാണ് സന്ദീപിനെ പുറത്താക്കിയതെന്നാണ് വിവരം. അപകീർത്തിപരമായ സിഡി ലഭിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിൽ സന്ദീപിനെ പുറത്താക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു. കെജ്രിവാൾ ട്വിറ്ററിൽ ഈ വിവരം കുറിക്കുമ്പോളാണ് ഈ വിവാദത്തെ കുറിച്ച് ലോകം അറിയുന്നതും.

ആദർശങ്ങൾ നിറഞ്ഞ പാർട്ടിയാണ് എഎപി. അഴിമതി, അപകീർത്തി എന്നിവയിൽ ഒരു വിട്ടുവീഴ്ചയും നടത്തില്ല. കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയ മന്ത്രിമാരെ ഉടൻ തന്നെ പുറത്താക്കിയിട്ടുണ്ട്. സന്ദീപിനെതിരെ വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും കേജ്‌രിവാൾ ട്വിറ്ററിൽ വ്യക്തമാക്കി. കേജ്‌രിവാൾ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു സന്ദീപ്. സുൽത്താൻപൂരിലെ മജ്‌റ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്.

മുതിർന്ന 'ആപ്' നേതാക്കളുടെ യോഗത്തിലാണ് മന്ത്രിയെ പുറത്താക്കാൻ തീരുമാനമെടുത്തത്. അഴിമതിയും കുറ്റകൃത്യവും വച്ചുപൊറുപ്പിക്കില്‌ളെന്ന് കെജ്രിവാൾ മുന്നറിയിപ്പുനൽകി. സീഡിയിൽ സന്ദീപ്കുമാർ രണ്ടു സ്ത്രീകൾക്കൊപ്പമുള്ള ദൃശ്യങ്ങളാണുള്ളത്. വിവാഹിതാനായ സന്ദീപ് കുമാർ മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും അടങ്ങുന്ന സിഡിയാണ് പുറത്തുവന്നത്. മുഖ്യമന്ത്രി കെജ്രിവാളിന് ഒരു അജ്ഞാതനാണ് പരാതിയുള്ള കത്ത് സഹിതം വീഡിയോ നൽകിയത്. ഇക്കാര്യം പരിശോധിച്ച ശേഷമാണ് വിഷയം കൂടുതൽ നാറ്റിക്കാതെ കെജ്രിവാൾ കൈകാര്യം ചെയ്തത്.

ഡൽഹി മന്ത്രിസഭയിലെ പ്രധാനപ്പെട്ട ദളിത് മുഖം കൂടിയായിരുന്നു 35 കാരനായ സന്ദീപ് കുമാർ. ഡൽഹിയിലെ കെജ്രിവാൾ മന്ത്രിസഭയിൽ ആറ് അംഗങ്ങളാണുള്ളത്. സാമൂഹ്യ ക്ഷേമത്തിന് പുറമെ വനിതാ ശിശുക്ഷേപമ വകുപ്പിന്റെയും ചുമതല സന്ദീപ് കുമാറിനായിരുന്നു. ഒന്നര വർഷത്തിനിടെ 'ആപ്' മന്ത്രിസഭയിൽനിന്ന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ മന്ത്രിയാണ് സന്ദീപ്കുമാർ. നിയമമന്ത്രിയായിരുന്ന ജിതേന്ദ്ര സിങ്, ഭക്ഷ്യമന്ത്രിയായിരുന്ന അഹ്മദ് ഖാൻ എന്നിവരാണ് മുമ്പ് പുറത്താക്കപ്പെട്ടത്.

കഴിഞ്ഞ ഒക്ടോബറിൽ കൈക്കൂലി ആവശ്യപ്പെടുന്നത് പിടിക്കപ്പെട്ടതിനെ തുടർന്ന് ഭക്ഷ്യപരിസ്ഥിതി മന്ത്രിയായിരുന്ന ആസിം അഹമദ് ഖാനെ കെജ്രിവാൾ പുറത്താക്കിയിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നല്ല തന്റെ മകനായാൽ പോലും കളങ്കിതരെ വച്ചുപൊറുപ്പിക്കില്ലെന്ന് അന്ന് കെജ്രിവാൾ പറയുകയും ചെയ്തിരുന്നു.