- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മിയിലൂടെ വിപ്ലവം സ്വപ്നം കണ്ടവരെല്ലാം കടുത്ത നിരാശയിൽ; വിമതരില്ലാതെ ആപ്പ് കത്തിപ്പടരുമെന്ന് കെജരീവാൾ; ഭൂഷണും യാദവും ഇല്ലാത്ത ആപ്പിന്റെ ഭാവി ഇനിയെന്ത്?
ഡൽഹിയിൽ സമ്പൂർണാധികാരത്തിലേക്കുള്ള ആം ആദ്മി പാർട്ടിയുടെ കുതിച്ചുകയറ്റം ഇന്ത്യയിലെ പതിവ് രാഷ്ട്രീയക്കാരെ കണ്ട് മടുത്ത കോടിക്കണക്കിന് ജനങ്ങൾക്ക് വലിയ പ്രതീക്ഷ പകർന്നിരുന്നു. എന്നാൽ, ആം ആദ്മിയിലെ ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങൾ അവരുടെയെല്ലാം പ്രതീക്ഷകൾക്ക് നേർ വിപരീതമാണ്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്

ഡൽഹിയിൽ സമ്പൂർണാധികാരത്തിലേക്കുള്ള ആം ആദ്മി പാർട്ടിയുടെ കുതിച്ചുകയറ്റം ഇന്ത്യയിലെ പതിവ് രാഷ്ട്രീയക്കാരെ കണ്ട് മടുത്ത കോടിക്കണക്കിന് ജനങ്ങൾക്ക് വലിയ പ്രതീക്ഷ പകർന്നിരുന്നു. എന്നാൽ, ആം ആദ്മിയിലെ ഏറ്റവുമൊടുവിലത്തെ സംഭവവികാസങ്ങൾ അവരുടെയെല്ലാം പ്രതീക്ഷകൾക്ക് നേർ വിപരീതമാണ്. പ്രശാന്ത് ഭൂഷണിനെയും യോഗേന്ദ്ര യാദവിനെയും പുറത്താക്കിയ അരവിന്ദ് കെജരീവാളിന്റെ നടപടി, ആം ആദ്മിയും വേറിട്ടൊരു പാർട്ടിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം ആം ആദ്മിയുടെ പ്രവർത്തനങ്ങളിൽ പ്രശാന്ത് ഭൂഷണും യോഗേന്ദ്ര യാദവും സജീവമായി ഇടപെട്ടിരുന്നില്ല. പാർട്ടിയെ തോൽപിക്കാനാണ് ഇരുവരും ശ്രമിച്ചതെന്ന കെജരീവാളിന്റെ ആരോപണത്തിന്റെ അടിസ്ഥാനമിതാണ്. ദേശീയ കൗൺസിലിൽ, തന്നെ വേണോ അവരെ വേണോ എന്ന ചോദ്യമാണ് കെജരീവാൾ ഉയർത്തിയത്. പാർട്ടിയെ ഡൽഹിയിൽ പരമാധികാരത്തിലേക്കുയർത്തിയ കെജരീവാളിനൊപ്പം നിൽക്കുകയല്ലാതെ ദേശീയ കൗൺസിലിലെ അംഗങ്ങൾക്ക് വേറെ വഴിയുണ്ടായിരുന്നില്ല.
എന്നാൽ, പ്രശാന്ത് ഭൂഷണിനും യോഗേന്ദ്ര യാദവിനും പകരക്കാരെ കണ്ടെത്തുകയെന്ന ശ്രമകരമായ ദൗത്യം കെജരീവാളിന് മുന്നിലുണ്ട്. രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനാണ് യോഗേന്ദ്ര യാദവ്. പ്രശാന്ത് ഭൂഷണാകട്ടെ, സുപ്രീം കോടതിയിലെ തിരക്കേറിയ അഭിഭാഷകനും ജനസമ്മതനും. ഇരുവരെയും പുറത്താക്കിയതിൽ വേദനിക്കുന്ന പ്രവർത്തകർ ആപ്പിലുണ്ട്. അവരെ സംഘടിപ്പിച്ച് മറ്റൊരു പ്രസ്ഥാവുമായി മുന്നോട്ടുപോകാൻ ഇരുവരും ശ്രമിക്കുന്നതിന് മുമ്പ് പാർട്ടിയെ പുനഃസംഘടിപ്പിക്കുന്നതിനാണ് കെജരീവാളിന്റെ ശ്രമം
എന്നാൽ, അതത്ര എളുപ്പമാകില്ല. യാദവ്-ഭൂഷൺ സംഘത്തിന് മുന്നിൽ നിലവിൽ പല സാധ്യതകളുണ്ട്. അതവർ വ്യക്തമാക്കുകയും ചെയ്തു. 'ഞങ്ങൾക്ക് വേണമെങ്കിൽ ഒരിക്കൽ കൂടി ദേശീയ കൗൺസിൽ ചേരണമെന്ന് ആവശ്യപ്പെടാം. പുറത്താക്കൽ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെയോ തിരഞ്ഞെടുപ്പു കമ്മീഷനെയോ തീരുമാനിക്കാം. ഇത് ഞങ്ങളെ പിന്തുണയ്ക്കുന്ന വളണ്ടിയർമാരോട് ആലോചിച്ചേ തീരുമാനിക്കൂ' എന്ന് പ്രശാന്ത് ഭൂഷൺ പറഞ്ഞു.
എ.എ.പിയെ ഇപ്പോഴത്തെ സംഭവങ്ങൾ കണ്ട് വിലയിരുത്തരുതെന്നും വലിയ ലക്ഷ്യങ്ങളും വലിയ സ്വപ്‌നങ്ങളും അതിന് ഉണ്ടെന്നുമാണ് യോഗേന്ദ്ര യാദവ് പ്രതികരിച്ചത്. ഭാവി പരിപാടികൾ ആലോചിക്കാൻ വൈകീട്ട് ഇവർ യോഗം ചേരുകയും ചെയ്തു. ഈ നേതാക്കളെ പുറത്താക്കിയതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ ഒഴിവാക്കാൻ കെജരീവാളിനും അണികൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. താനൊരു ഏകാധിപതിയല്ലെന്ന് ഭരണത്തിലൂടെ ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്ന വലിയ ഉത്തരവാദിത്തവും അദ്ദേഹത്തിന് മുന്നിലുണ്ട്.

