നിലവിലെ രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചും ആം ആദ്മി പാർട്ടിയുടെ വളർച്ചയെക്കുറിച്ചും പൊതുതെരഞ്ഞെടുപ്പിനു ശേഷമുള്ള സർക്കാർ രൂപീകരണത്തിൽ തമിഴ് നാട് മുഖ്യമന്ത്രി ജെ ജയലളിത വഹിച്ചേക്കാവുന്ന പങ്കിനെക്കുറിച്ചും സിപിഐ(എം) സംസ്ഥാനസെക്രട്ടറി പ്രകാശ് കാരാട്ട് സംസാരിക്കുന്നു.

  • നാലു സംസ്ഥാനങ്ങളിലേക്കു നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുശേഷം നിലവിലുള്ള രാഷ്ട്രീയ സ്ഥിതിഗതികളെക്കുറിച്ചു താങ്കളുടെ വിലയിരുത്തലെന്താണ്?

നാല് ഉത്തരേന്ത്യൻ സംസ്ഥാങ്ങളിലെ തെരഞ്ഞെടുപ്പ്ഫലം വ്യക്തമായ കോൺഗ്രസ് വിരുദ്ധവികാരം പ്രതിഫലിപ്പിക്കുന്നു. കോൺഗ്രസ് ഭരണകക്ഷിയായിരുന്ന ഡൽഹിയിലും രാജസ്ഥാനിലും ദയനീയമായ പരാജയമാണ് അവർ ഏറ്റുവാങ്ങിയത്.

ഈ സംസ്ഥാനങ്ങളിലെ രാഷ്ട്രീയം ദീർഘകാലമായി ഇരുകക്ഷികൾ തമ്മിലുള്ള വടംവലിയായിരുന്നതിനാൽ സ്വാഭാവികമായി ഇതിന്റെ ഗുണഫലം അനുഭവിച്ചത് ബിജെപിയാണ്. കോൺഗ്രസിനും ബിജെപിക്കും ഫലപ്രദമായ ബദലാകാനാകുമെന്ന് കാട്ടിയതിലൂടെ ആം ആദ്മി പാർട്ടി ഡൽഹിയിൽ നേട്ടം കൊയ്തതാണ് ഇതിന് അപവാദമായത്.

ബിജെപിക്കും കോൺഗ്രസിനുമെതിരെ ഒരു വിശ്വസനീയ ബദലുണ്ടെങ്കിൽ ജനം അതിനെ പിന്തുണയ്ക്കുമെന്നാണ് ആപ്പിന്റെ വളർച്ച സൂചിപ്പിക്കുന്നത്.

  • നരേന്ദ്രമോദിയുടെ കാര്യമോ? അദ്ദേഹത്തെ ചുറ്റിപ്പറ്റി ഏറെ പ്രതീക്ഷകളായിരുന്നല്ലോ...

മോദി ഫാക്റ്ററിനേക്കാൾ ആഴമേറിയ കോൺഗ്രസ് വിരുദ്ധവികാരമാണ് ഈ തെരഞ്ഞെടുപ്പുകളിൽ കണ്ടത്.

  • ആപ്പിന്റെ വളർച്ചയെ എങ്ങനെ കാണുന്നു?

ആപ്പിന്റെ ഉയർച്ചയും പ്രമുഖ മെട്രോപ്പൊളീറ്റൻ നഗരങ്ങളിൽ ലഭിക്കുന്ന സ്വീകാര്യതയും പുതിയ പ്രതിഭാസമാണ്. സാധാരണഗതിയിൽ അരാഷ്ട്രീയരായ മദ്ധ്യവർഗ്ഗത്തെ ആകർഷിക്കാൻ അവർക്കു കഴിഞ്ഞിട്ടുണ്ട്. ക്ലീൻ പാർട്ടി എന്ന അതിന്റെ പ്രതിച്ഛായയും അതിനോടുള്ള ജനങ്ങളുടെ പ്രതികരണത്തെ സ്വാധീനിച്ചിട്ടുണ്ട്. നഗരങ്ങൾക്കു പുറത്തേക്ക് ഇതെത്രമാത്രം പോകുമെന്ന് കണ്ടുതന്നെ അറിയണം. പല സംസ്ഥാനങ്ങളിലും കാലങ്ങളായി വേരുറപ്പിച്ചിട്ടുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളുണ്ട്. അവയിൽ ചിലത്, ഒരേ സമയം കോൺഗ്രസിനോടും ബിജെപിയോടും പൊരുതിനിൽക്കുന്നവയാണ്. അത്തരം സംസ്ഥാനങ്ങളിൽ ആപ്പിന് കാര്യമായ ഇടം കണ്ടെത്താനാവുമോ എന്നു സംശയമാണ്. ഡൽഹിയിൽ പോലും ആപ്പിന്റെ രൂപീകരണത്തിനുശേഷം അവർ അഴിമതി എന്ന ഏകവിഷയം മാത്രമല്ല, ഏറ്റെടുത്തത്. വൈദ്യുതി നിരക്കും വെള്ളക്കരവും അടക്കമുള്ള വിഷയങ്ങളിലൂടെയാണ് അവർ വ്യാപകമായ പിന്തുണയാർജ്ജിച്ചത്.

  • പരമ്പരാഗതമായി ഇടതുപക്ഷം കയ്യാളിയിരുന്ന വിഷയങ്ങളാണല്ലോ ആപ് ഉയർത്തുന്നത്. ആം ആദ്മി പാർട്ടി ഇടതുപക്ഷത്തിന്റെ സ്ഥാനം ഏറ്റെടുക്കുകയാണോ?

ഡൽഹിയിൽ ഇടതുപക്ഷം ഒരു പ്രധാനശക്തിയായിരുന്നില്ല. ഇടതിന് കാര്യമാത്രസാന്നിദ്ധ്യമില്ലാത്ത ഇതരസംസ്ഥാനങ്ങളിലും പല പ്രാദേശികരാഷ്ട്രീയകക്ഷികളും ആ രാഷ്ട്രീയഇടം കയ്യാളിയിട്ടുണ്ട്. ആപ് സ്വയം എടുത്തണിയുന്ന അഴിമതിവിരുദ്ധമായ ക്ലീൻ ഇമേജ്, ഭരണാധികാരികൾ പ്രത്യേക ആനുകൂല്യങ്ങളും അധികസൗകര്യങ്ങളും വേണ്ടെന്നുവയ്ക്കുന്നത്, അധികാരവികേന്ദ്രീകരണം തുടങ്ങിയവയൊക്കെ ആദ്യകാലംമുതൽത്തന്നെ ഇടതുപക്ഷം ചെയ്തുപോരുന്നതാണ്. പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലുമുണ്ടായിട്ടുള്ള ഇടതുപക്ഷസർക്കാരുകളെല്ലാം തന്നെ അവയുടെ സുതാര്യമായ പ്രതിച്ഛായയ്ക്കും നേതാക്കളുടെ ലളിതമായ ജീവിതത്തിനും കേൾവിപെട്ടവയായിരുന്നു. ത്രിപുരയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി ഇന്ത്യയിലെ ഏറ്റവും നിസ്വനായ മുഖ്യമന്ത്രിയായാണ് അറിയപ്പെടുന്നത്.

  • ആപ്പിന്റെ നയങ്ങളേയും തത്വങ്ങളേയും കുറിച്ച് താങ്കളെന്താണു കരുതുന്നത്?

ആപ്പിന്റെ തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ ഡൽഹിയിലെ ജനങ്ങളുടെ ചില പ്രശ്‌നങ്ങളേറ്റെടുക്കുകയും അവ പരിഹരിക്കാമെന്ന് വാഗ്ദാനം നൽകുകയും ചെയ്തു. എന്നാൽ ആപ്പ് നേതൃത്വം ഇതേവരെ തങ്ങളുടെ അടിസ്ഥാനപരിപാടിയോ അതിന്റെ നയങ്ങളോ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. ഉദാഹരണത്തിന്, അടിസ്ഥാനസേവനങ്ങളുടെ സ്വകാര്യവത്കരണത്തെ അവർ അനുകൂലിക്കുന്നുണ്ടോ? നിരന്തരമായ വൈദ്യുതിനിരക്കു വർദ്ധനവ്, വൈദ്യുതിവിതരണത്തിന്റെ സ്വകാര്യവത്കരണത്തിന്റെ ഫലമാണ്. എന്താണ് നവലിബറൽ സാമ്പത്തികനയങ്ങളോടുള്ള അവരുടെ സമീപനം? വർഗ്ഗീയതയോടുള്ള അവരുടെ നിലപാടിനെ സംബന്ധിച്ച് വലിയ നിശബ്ദതയാണുള്ളത്. അവർ ബിജെപിയെ വിമർശിക്കുമ്പോൾ അവരുടെ ഹിന്ദുത്വ അജണ്ടയെ വിമർശിക്കാറില്ല. തങ്ങളുടെ നയവും പരിപാടിയും സുഗ്രാഹ്യമാക്കാത്തിടത്തോളം ഞങ്ങൾക്ക് അവരുടെ ഭാവിദിശയും സ്ഥാനവും നിർണ്ണയിക്കാനാവില്ല.

  • ആം ആദ്മി പാർട്ടിയുമായി ഇടതുപക്ഷം കൈകോർക്കാനുള്ള സാധ്യത കാണുന്നുണ്ടോ?

അവർ പരിണമിച്ചെത്തുന്ന രാഷ്ട്രീയനയനിലപാടുതറകളെ ആശ്രയിച്ചിരിക്കും, അത്തരം ആലോചനകൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ കോൺഗ്രസിതര, ബിജെപിയിതര ശക്തിയായി ഞങ്ങളതിനെ കാണുന്നു. അവർ ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷകളുണർത്തിയിട്ടുണ്ട്.

  • വരുന്ന ലോകസഭാതെരഞ്ഞെടുപ്പിനുള്ള ഇടതുതന്ത്രങ്ങളെക്കുറിച്ച് എന്താണുപറയാനുള്ളത്?

വിവിധ കോൺഗ്രസേതര മതേതര പാർട്ടികളും പ്രാദേശികകക്ഷികളും ഇടതുപക്ഷവും തമ്മിൽ അയഞ്ഞ ധാരണയ്ക്ക് സാധ്യതയുണ്ട്. ഇത് ഒരു വ്യക്തമായ തെരഞ്ഞെടുപ്പുസഖ്യത്തിലേക്ക് നീങ്ങണമെന്നില്ല. എന്നാൽ ഒരു ബൃഹത്തായ ഏകോപനത്തിന്റെ ഭാഗമായി അതുമാറും. തെരഞ്ഞെടുപ്പിനുശേഷം ഇതൊരു സഖ്യശക്തിയായി മാറാം.

  • തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനപങ്കുവഹിക്കുമെന്ന വർത്തമാനം കേൾക്കുന്നു

തമിഴകത്ത് എഐഎഡിഎംകെ നയിക്കുന്ന മുന്നണി മെച്ചപ്പെട്ട നിലയിൽ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഭാവി സജ്ജീകരണത്തിൽ ജയലളിത പ്രധാനപങ്ക് വഹിക്കുന്ന നിലയിലേക്ക് വന്നേക്കാം.

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ