ന്യൂഡൽഹി: പാർലമെന്റിലേക്ക് കടക്കുന്നത് എങ്ങനെയെന്നത് സംബന്ധിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത ആം ആദ്മി എംപി ഭഗവന്ത് മന്നിന് എതിരെ അച്ചടക്ക നടപടി. ഭഗവത് മൻ ലോക്‌സഭയിൽ പങ്കെടുക്കുന്നതിൽ നിന്നും വിട്ടു നിൽക്കണമെന്ന് സ്പീക്കർ സുമിത്രാ മഹാജൻ നിർദേശിച്ചു.സംഭവത്തെക്കുറിച്ച് അന്വഷിക്കാൻ ഒമ്പതംഗ സമിതിയേയും സ്പീക്കർ നിയോഗിച്ചു. ഇവരുടെ റിപ്പോർട്ട് ലഭിക്കുന്നത് വരെയാണ് മന്നിന് സഭയിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

സെൽഫി വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത് വിവാദമായതിനെത്തുടർന്ന് ഭഗവന്ത് മൻ നിരുപാധികം ക്ഷമാപണം നടത്തിക്കൊണ്ടുള്ള കത്ത് സ്പീക്കർക്ക് നൽകിയിരുന്നുവെങ്കിലും അത് സ്പീക്കർ സ്വീകരിച്ചില്ല. വിഷയം വളരെ ഗൗരവതരമാണെന്നും ഭഗവന്ത് സിങ്ങിനെതിരെ നടപടി വേണ്ടിവരുമെന്നും സ്പീക്കർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടികൾ പുരോഗമിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ഭഗവന്ത് വിഡിയോ പരസ്യമാക്കിയത്. ഭഗവന്തിന്റെ വാഹനം പാർലമെന്റിലെ ബാരിക്കേഡുകൾ കടന്ന് അകത്തുകയറുന്നതുമുതലുള്ള ദൃശ്യങ്ങളാണ് 12 മിനിറ്റുവരുന്ന വീഡിയോയിലുള്ളത്. സഭയിലുയർത്തുന്ന ചോദ്യങ്ങൾ തിരഞ്ഞെടുക്കുന്ന മുറിയിലെ ദൃശ്യങ്ങളും ഫേസ്‌ബുക്കിലിട്ട വീഡിയോയിലുണ്ട്.

സംഭവം വിവാദമായപ്പോൾ താൻ ഇനിയും ഇതുപോലെ ചെയ്യുമെന്ന ഭഗവന്തിന്റെ പ്രതികരണം പ്രതിഷേധം ആളിക്കത്തിച്ചു. തന്നെ വോട്ടുചെയ്തു ജയിപ്പിച്ച പഞ്ചാബിലെ ജനങ്ങളെ പാർലമെന്റ് പ്രവർത്തനരീതികൾ കാണിച്ചുകൊടുക്കാനാണ് വീഡിയോ ചിത്രീകരിച്ച് ഫേസ്‌ബുക്കിലിട്ടതെന്നായിരുന്നു എംപി.യുടെ വിശദീകരണം. ഇരുസഭകളിലും പ്രതിഷേധം രൂക്ഷമായതിനെത്തുടർന്ന് എംപി. മാപ്പുപറയുകയായിരുന്നു.

പാർലമെന്റിന്റെ സുരക്ഷയ്ക്ക് ദോഷകരമായി പ്രവർത്തിച്ച ഭഗവന്തിനെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബിജെപി ഇന്ന് ലോക്‌സഭയിൽ നോട്ടീസ് നൽകിയിരുന്നു.