ന്യൂഡൽഹി: പേര് പറയാതെ അരവിന്ദ് കെജ്രിവാളിനെ വിമർശിച്ച് നരേന്ദ്ര മോദി അരിവിന്ദ് കെജ്രിവാളിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരന് വീണ്ടും അവസരം ഒരുക്കുകയാണോ? ഇന്ന് രാംലീലാ മൈതാനിയിൽ മോദി നടത്തിയ പ്രസംഗം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള ശ്രമങ്ങൾ കെജ്രിവാൾ തുടങ്ങിക്കഴിഞ്ഞു. മോദിയുടെ വിമർശനം ഉർവശീശാപം ഉപകാരമായി എന്നതു പോലെയാക്കാനുള്ള ശ്രമത്തിലാണ് കെജ്രിവാൾ. ഏറെക്കാലമായി കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ അവഗണിച്ച കെജ്രിവാൾ ഇന്ന് മോദിക്ക് മറുപടി പറഞ്ഞുകൊണ്ട് ലൈംലൈറ്റിലേക്ക് തിരികെ എത്തിക്കഴിഞ്ഞു. മോദി തന്നെ വ്യക്തിപരമായി അവഗണിക്കുകയാണെന്ന് പറഞ്ഞ് സാധാരണക്കാരുടെ മനസിൽ ഇടംപിടിക്കാനുള്ള ശ്രമമാണ് കെജ്രിവാൾ നടത്തുന്നത്.

തങ്ങൾക്ക് ഭരിക്കാനും പ്രതിഷേധിക്കാനും അറിയാമെന്നാണ് അരവിന്ദ് കെജ്രിവാൾ മോദിക്ക് നൽകിയ മറുപടി. ബിജെപിക്ക് ഭരിക്കാനോ പ്രതിഷേധിക്കാനോ അറിയില്ല. തെരുവിൽ പ്രകടനം നടത്തുന്ന പാർട്ടി ആ പണി തന്നെ ചെയ്യട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിഹസിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെജ്രിവാൾ ഇക്കാര്യം പറഞ്ഞത്. ഡൽഹിയിലെ ജനങ്ങൾക്ക് തന്നെ അറിയാം. താനും ആം ആദ്മി പാർട്ടി നേതാക്കളും അരാജകവാദികളാണെന്ന പരാമർശം വ്യക്തിപരമായ ആക്രമണമാണ്. താൻ ആരെയും വ്യക്തിപരമായി വിമർശിച്ചിട്ടില്ല. ഡൽഹിയിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ കൃത്യമായ തെരഞ്ഞെടുപ്പ് അജണ്ടയില്ലാത്തതിനാലാണ് ബിജെപി വ്യക്തിപരമായ ആക്രമണം നടത്തുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.

മോദിയുടെ വിമർശനങ്ങൾക്ക് മറുപടി പറയാനായി കെജ്രവാൾ ഇന്ന് വാർത്താസമ്മേളനം തന്നെ വിളിച്ചു. കഴിഞ്ഞ തണുപ്പുകാലത്താണ് ആം ആദ്മി ഇന്ത്യയിൽ തരംഗമായി മാറിയതെങ്കിൽ അക്കാലത്ത് ധരിച്ച അതേ മഫഌ ധരിച്ചുകൊണ്ടായിരുന്നു കെജ്രിവാളിന്റെ വാർത്താസമ്മേളനം. ഫലത്തിൽ മോദിയുടെ തെരഞ്ഞെടുപ്പ് ഗോഥയിലേക്കുള്ള ക്ഷണം സ്വീകരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയുടെ വികസനത്തിന് ബിജെപിക്ക് പോസിറ്റീവായ ഒരു അജണ്ടയുമില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം മറന്നു. 49 ദിവസം കൊണ്ട് ആം ആദ്മി സർക്കാർ ഡൽഹിയിലെ അഴിമതി ഇല്ലാതാക്കി. എന്നാൽ കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ എന്തു ചെയ്തുവെന്നും കെജ്‌രിവാൾ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

ബിജെപി അധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെയും കെജ്‌രിവാൾ രൂക്ഷ വിമർശനം ഉന്നയിച്ചു. അനധികൃത കോളനികൾ നിയമവിധേയമാക്കുന്നതിന് പാർലമെന്റിൽ നിയമം കൊണ്ടു വന്നുവെന്നാണ് അമിത് ഷായുടെ അവകാശവാദം. എന്നാൽ ഏത് നിയമത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്ന് കെജ്‌രിവാൾ ചോദിച്ചു. പണപ്പെരുപ്പ നിരക്ക് കുറഞ്ഞുവെന്നും അമിത് ഷാ അവകാശപ്പെടുന്നു. എന്നാൽ ഇതും അടിസ്ഥാനരഹിതമായ വാദമാണെന്ന് കെജ്‌രിവാൾ പറഞ്ഞു.

ആം ആദ്മി തരംഗം ഇല്ല എന്നതുപോലെ തന്നെ ഭരണത്തിൽ എത്തിയതോടെ മോദി തരംഗവും ഡൽഹിയിൽ ഇല്ലെന്ന വിലയിരുത്തലാണ് പൊതുവിൽ ഉള്ളത്. അതുകൊണ്ട് തന്നെ ഇപ്പോൾ തന്നെ അടിത്തട്ടിൽ നിന്നും കെജ്രിവാളും കൂട്ടരും പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഡൽഹി തെരഞ്ഞെടുപ്പിന് ഫണ്ട് സ്വരൂപിക്കാനായി അത്താഴപ്പർട്ടികൾ നടത്തുകയാണ് ഡൽഹി മുന്മുഖ്യമന്ത്രി. ഈ പാർട്ടികൾക്ക് മികച്ച സ്വീകരണം ലഭിക്കുന്നുവെന്നത് ആം ആദ്മിയെ എഴുതിത്ത്ത്തള്ളാൻ ആയിട്ടില്ലെന്ന സൂചനയാണ്.