ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ കഷ്ടകാലം ഇപ്പോഴും തീർന്നിട്ടില്ല. ഒന്നൊഴിയാതെ ആരോപണങ്ങൾ ആം ആദ്മിക്ക് എതിരായി ഉയർന്നിരുന്നു. ഏറ്റവും ഒടുവിലായിതാ ഡൽഹി മന്ത്രിസഭയിലെ രണ്ടാമൻ മനീഷ് സിസോദിയക്കെതിരായാണ് ആരോപണം ഉയർന്നിരിക്കുന്നത്.

സർക്കാർ പരസ്യങ്ങളുടെ കരാർ ബന്ധുക്കൾക്ക് കൊടുക്കാൻ വഴിവിട്ട് പ്രവർത്തിച്ചു എന്നാണ് ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയ്‌ക്കെതിരായ ആരോപണം. സോംനാഥ് ഭാരതി ഉണ്ടാക്കിയ തലവേദനയുടെ ആഘാതം മാറുംമുമ്പാണു പുതിയ ആരോപണം ഉയർന്നിരിക്കുന്നത്.

സർക്കാർ പരസ്യങ്ങളുടെ കരാർ ബന്ധുക്കൾക്ക് നൽകാൻ വഴിവിട്ടു പ്രവർത്തിച്ചതായുള്ള പരാതികൾ ലഭിച്ചതായി ഡൽഹി ആന്റി കറപ്ഷൻ ബ്യൂറോ ചീഫ് എം.കെ.മീണ പറഞ്ഞു. പരാതികൾ പരിശോധിച്ച് വരുകയാണെന്നും ഇത് സംബന്ധിച്ച് ഡയറക്ടറേറ്റ് ഓഫ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റിക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും മീണ പറഞ്ഞു. അതേ സമയം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സിസോദിയയെ അറസ്റ്റ് ചെയ്യാൻ എ.എ.പി നേതാവ് അശുതോഷ് വെല്ലുവിളിച്ചു. ആന്റികറപ്ഷൻ ബ്രാഞ്ചിന് പകരം സിബിഐയെ കൊണ്ട് തന്നെ അന്വേഷിപ്പിക്കണമെന്ന് അശുതോഷ് പരിഹസിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തിലാണ് അഴിമതി വിരുദ്ധ ബ്രാഞ്ചെന്നും അശുതോഷ് കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം റേഡിയോ പരസ്യങ്ങൾക്ക് മാത്രം ആം ആദ്മി പാർട്ടി നീക്കി വച്ചത് 500 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. പ്രചാരണ പരിപാടികൾക്കായി എ.എ.പി കഴിഞ്ഞ വർഷം 526 കോടി നീക്കി വച്ചെങ്കിലും 24 കോടി മാത്രമാണ് ചെലവാക്കിയതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ ആരോപിച്ചു. അടിസ്ഥാന സൗകര്യ, വികസന പദ്ധതികളുടെ തുക വക മാറ്റുന്ന എ.എ.പി സർക്കാർ പാർട്ടി പരിപാടികൾക്ക് ഉപയോഗിക്കുകയാണ്. ഇത് അഴിമതിയല്ലേ എന്നും അജയ് മാക്കൻ ചോദിച്ചു.