ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ വോട്ടർമാരെ അഭിനന്ദിച്ച് ആംആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ കൂട്ടായ്മ. അണുക്കളെ തുരത്തുന്നതിൽ ഡെറ്റോളിനേക്കാൾ മികച്ചതാണ് കേരളത്തിന്റെ പ്രകടനം എന്ന് കപിൽ എന്ന ട്വിറ്റർ അക്കൗണ്ടിലൂടെ ടീം പങ്കുവെച്ചു.

കേരളത്തിൽ എൽഡിഎഫ് 100, യുഡിഎഫ് 40, ബിജെപി പൂജ്യം, മറ്റുള്ളവർ പൂജ്യം എന്ന കണക്കും ഇവർ ഷെയർ ചെയ്തിട്ടുണ്ട്.

ആദ്യഘട്ടത്തിൽ നേമത്തും, പാലക്കാടും തൃശൂരിലും ബിജെപി മുന്നിട്ട് നിന്നെങ്കിലും അവസാനഘട്ടത്തിലെത്തിയപ്പോൾ പൂജ്യത്തിലേക്ക് ഒതുങ്ങുകയായിരുന്നു.

ബിജെപിയുടെ ഏക സിറ്റിങ് സീറ്റായ നേമത്ത് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി വിജയിച്ചു. 5571 ആണ് ശിവൻകുട്ടിയുടെ ഭൂരിപക്ഷം. ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ രണ്ടാം സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീരൻ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.പാലക്കാട് 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്.

പാലക്കാട് മണ്ഡലത്തിൽ നിന്ന് 10000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ വിജയിക്കുമെന്നായിരുന്നു മെട്രോമാൻ ശ്രീധരൻ അവകാശപ്പെട്ടിരുന്നത്. ബൂത്തുകളിൽ നടത്തിയ കണക്കെടുപ്പിൽ നിന്നും ബിജെപി കണക്കാക്കുന്ന ഭൂരിപക്ഷമാണെന്നും ശ്രീധരൻ പറഞ്ഞിരുന്നു. തന്റെ സ്ഥാനാർത്ഥിത്വം ബിജെപിക്ക് ജനങ്ങളിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയെന്നും ശ്രീധരൻ അവകാശപ്പെട്ടിരുന്നു