കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃക്കാക്കരയിൽ എ.എ.പിയും ട്വന്റി-ട്വന്റിയും കൈകോർക്കാണ് മത്സരത്തിന് ഇറങ്ങുന്നത്. ഈ പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് കേരളത്തിൽ പുതിയ തുടക്കമാകുമെന്നാണ് ട്വന്റി-ട്വന്റി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് പറയുന്നത്. ആരാകണം സ്ഥാനാർത്ഥി എന്നതിൽ അടക്കം ആലോചനകൾ നടത്തി വരികയാണ് ഈ സഖ്യം. മുൻ ഡിജിപി കൂടിയായ പി ശ്രീലേഖ, ചാർട്ടേഡ് അക്കൗണ്ടന്റായ ജോസ് ജോർജ്ജ്, ആം ആദ്മി നേതാവ് വിൻസെന്റ് എന്നിവരിൽ ഒരാളെ സ്ഥാനാർത്ഥിയാക്കാനാണ് ആലോചന നടക്കുന്നത്. യുഡിഎഫിന് ബദലാകുക എന്നതാണ് ലക്ഷ്യമെന്ന് സാബു സൂചിപ്പിക്കുമ്പോൾ വെല്ലുവിളി നേരിടേണ്ടി വരിക കോൺഗ്രസ് ആകുമെന്ന് ഉറപ്പാണ്. കെജ്രിവാൾ കേരളത്തിൽ എത്തുന്ന ദിവസം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക എന്ന രീതിയിലാണ് കാര്യങ്ങൾ മുന്നോട്ടു പോകുന്നത്. 

മുന്നണികൾ വികസനത്തിനൊപ്പം എന്ന് പറഞ്ഞതുകൊണ്ട് മാത്രമായില്ലെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാഗ്ദാനങ്ങൾ നടപ്പിലാകില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള ചർച്ചകൾക്കായി അരവിന്ദ് കെജ്രിവാൾ ഈ മാസം 15ന് കൊച്ചിയിലെത്തുന്നുണ്ട്. ഒരുപക്ഷേ അന്ന് തന്നെ മുന്നണി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണ് സാധ്യത. ഇതിന്റെ ഭാഗമായി കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തി അരവിന്ദ് കെജ്രിവാൾ ദേശീയ നേതാക്കളുമായി യോഗം ചേർന്നിരുന്നു. കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വസതിയിൽ നടന്ന യോഗത്തിൽ സോംനാഥ് ഭാരതിയടക്കം മുതിർന്ന നേതാക്കൾ പങ്കെടുത്തു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച് കേരളത്തിന്റെ ചുമതലയുള്ള നേതാക്കൾ നൽകിയ റിപ്പോർട്ടും ചർച്ചയായി. തെരഞ്ഞെടുപ്പിൽ എ.എ.പിയുടെ സ്ഥാനാർത്ഥിയെ നിർത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ഇതുവരെ ദേശീയ നേതൃത്വം എടുത്തിട്ടില്ലെന്നാണ് വിവരം. ഏഴു പേരുടെ പട്ടിക നിലവിൽ ദേശീയ നേതൃത്വത്തിന്റെ മുന്നിലുണ്ട്. എന്നാൽ ട്വന്റി-ട്വന്റിയുമായി ആലോചിച്ച ശേഷമേ അന്തിമ തീരുമാനം എടുക്കൂ. എ.എ.പിയിലേക്ക് ട്വന്റി ട്വന്റി ലയിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നിലവില്ലെന്നാണ് വിവരം. ഇരു പാർട്ടികളും കേരള വികസനത്തിനായി സഹകരിച്ച് നീങ്ങാനാണ് നിലവിലെ ധാരണ.

കരുത്തു തെളിയിച്ചു ആപ്പിന്റെ സംസ്ഥാന കൺവെൻഷൻ

തൃക്കാക്കര തെരഞ്ഞെടുപ്പിന് മുന്നോടിയായി ആപ്പിന്റെ സംസ്ഥാന കൺവെൻഷൻ ഇന്നലെ നടന്നിരുന്നു. ഇത് അവരുടെ കരുത്തു തെളിയിക്കുന്ന സമ്മേളനമായി മാറി. എറണാകുളം ടൗൺ ഹാളിൽ വെച്ച് നടത്തപ്പെട്ട ആം ആദ്മി പാർട്ടി സംസ്ഥാന കൗൺസിൽ പ്രതിനിധി സമ്മേളനത്തിൽ വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെട്ടത്. അതിരാവിലെ തന്നെ ഒഴുകിയെത്തിയ ആം ആദ്മികളെകൊണ്ട് പത്തുമണിയോടെ തന്നെ എറണാകുളം ടൗൺഹാൾ നിറഞ്ഞു കവിഞ്ഞിരുന്നു. വെറും നാനൂറിൽ താഴെ അംഗങ്ങളെ പ്രതീക്ഷിച്ച എറണാകുളം സമ്മേളനത്തിലേയ്ക്ക് കേരളത്തിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുമായി എത്തിയത് എണ്ണൂറിൽ കൂടുതൽ ആം ആദ്മി പ്രതിനിധികളാണ്. പലർക്കും ഇരിക്കാൻ കസേര കിട്ടാഞ്ഞതുകൊണ്ട് പലരും നിന്നുകൊണ്ടായിരുന്നു മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുത്തത്. സംസ്ഥാന നേത്ര്യത്വത്തെ ഞെട്ടിക്കുന്ന തരത്തിലുള്ള ജനപങ്കാളിത്തമായിരുന്നു വർഷങ്ങൾക്ക് ശേഷം നടന്ന ഈ കേരള സംസ്ഥാന കൗൺസിൽ ആം ആദ്മി പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ഉണ്ടായിരുന്നത്.

സാധാരണ ആം ആദ്മി പ്രവർത്തകർക്ക് ഈ സമ്മേളനത്തിലേയ്ക്ക് പ്രവേശനം ഇല്ലാതിരുന്നതിനാൽ വാർഡ് തലം മുതൽ സംസ്ഥാന തലം വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ ആയിരുന്നു ഇന്നത്തെ സമ്മേളനത്തിൽ പങ്കെടുത്തത്. ഡൽഹിയിൽ നിന്നുള്ള നാഷണൽ ഒബ്‌സെർവർമാരായ ശ്രീ.എൻ രാജയും , ശ്രീ. അജയ് രാജു, സംസ്ഥാന കൺവീനർ ശ്രീ. പി സി സിറിയക്കും, സെക്രട്രറി പത്മനാഭൻ ഭാസ്‌കരനും , ട്രെഷറർ മുസ്തഫ പി കെയും സമ്മേളനത്തിൽ പങ്കെടുത്തു.

നേതാക്കളുടെ പ്രസംഗങ്ങളെ നിറഞ്ഞ കൈയടികളോടെയാണ് പ്രതിനിധി സമ്മേളനത്തിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. കേന്ദ്ര നേതൃത്വം തൃക്കാക്കരയിൽ മത്സരിക്കാൻ തീരുമാനമെടുക്കുയാണെങ്കിൽ , ഉടൻ തന്നെ പ്രഗത്ഭനായ ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന അറിയിപ്പ് വളരെയധികം ആവേശത്തോടെയാണ് ടൗൺ ഹാളിൽ എത്തിയ ആം ആദ്മി പ്രതിനിധികൾ സ്വീകരിച്ചത്. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ ഡൽഹി പഞ്ചാബ് മോഡലിലുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആം ആദ്മി പാർട്ടി തൃക്കാക്കരയിൽ ഒരുക്കാൻ പോകുന്നത്.

ഡൽഹി മോഡൽ വികസനത്തിൽ, അഴിമതിയും ധൂർത്തും പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് തൃക്കാക്കരയിലെ എല്ലാ വോട്ടർമാരെയും സ്വാധീനിക്കാൻ കഴിയുന്ന പദ്ധതികളായിരിക്കും ആം ആദ്മി പാർട്ടി ഒരുക്കുന്നത്. അതോടൊപ്പം കെജ്രിവാളിന്റെ ആദ്യ കേരള സന്ദർശനം ഒരു വൻ വിജയമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഓരോ ആദ്മി പാർട്ടി പ്രവർത്തകരും . അതിനായി പ്രത്യേക കമ്മിറ്റികളെ തയ്യാറാക്കി കഴിഞ്ഞു. മെയ് 15 ന് കെജ്രരിവാൾ പങ്കെടുക്കുന്ന സമ്മേളന നഗരിയിലേയ്ക്ക് ഒരു ലക്ഷം ആം ആദ്മി പാർട്ടി പ്രവർത്തകരെ എത്തിക്കുവാനുള്ള പദ്ധതിയാണ് പാർട്ടി തയ്യാറാക്കുന്നത്.

20/20 യും , ആം ആദ്മി പാർട്ടിയും തമ്മിൽ ഉണ്ടാക്കിയ ഈ മികച്ച കൂട്ടുകെട്ട് കേരള സമൂഹത്തിലും വിദേശ മലയാളികൾക്കിടയിലും വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തത്തോടെ ഇന്ന് നടന്ന സംസ്ഥാന പ്രതിനിധി സമ്മേളന വിജയം കേരള സംസ്ഥാന നേതാക്കൾക്കും വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത് . ഈ പ്രതിനിധികളെ ഉൾപ്പെടുത്തി 20/ 20 യുമായി വ്യക്തമായ പദ്ധതികളോടെ ഈ ഒരു മാസം പ്രവർത്തിച്ചാൽ പഞ്ചാബ് മോഡൽ വിജയം തൃക്കാക്കരയിലും ആം ആദ്മി പാർട്ടിക്ക് ഉണ്ടാക്കാം എന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

അതേസമയം, കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിക്കഴിഞ്ഞു. അന്തരിച്ച എംഎ‍ൽഎ പി.ടി. തോമസിന്റെ ഭാര് ഉമ തോമസാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ജില്ലയിലെ കോൺഗ്രസ് നേതാക്കളിൽ നിന്നുതന്നെ വിമതസ്വരം ഉയരുന്നുണ്ട് എന്നതും വസ്തുതയാണ്. എങ്കിലും അനുനയത്തിന്റെ ഭാഷയിൽ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം.

എൽ.ഡി.എഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് മുന്നണി കൺവീനർ ഇ.പി. ജയരാജൻ അറിയിച്ചിരിക്കുന്നത്. സിപിഐ.എമ്മിന്റെ നയത്തിന്റെ ഭാഗമായി യുവാക്കളെയായിരിക്കും പരിഗണിക്കുക. അഡ്വ. കെ.എസ്. അരുൺ കുമാറിനായിരിക്കും സാധ്യതയെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി സ്ഥാനാർത്ഥിയെ വരും ദിവസത്തിൽ തന്നെ പ്രഖ്യാപിക്കുമെന്ന് സംസ്ഥാന നേതൃത്വം വ്യക്തമാക്കിയിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണനെയാവും ബിജെപി കളത്തിലിറക്കുക എന്നാണ് സൂചന. മെയ് 31നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മെയ് പതിനൊന്ന് വരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം, 12-നാണ് പത്രികകളുടെ സൂക്ഷമപരിശോധന. 16 വരെ പത്രിക പിൻവലിക്കാനും സമയം അനുവദിക്കും. ജൂണ് മൂന്നിന് വോട്ടെണ്ണൽ നടക്കും.