ഛണ്ഡീഗഡ്: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ 117 സീറ്റുകളിൽ 100ഉം ആം ആദ്മി പാർട്ടി കരസ്ഥമാക്കുമെന്നാണ് പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തെ രാഷ്ട്രീയ പര്യടനത്തിന് ഇവിടെയെത്തിയ കെജ്രിവാൾ പഞ്ചാബികൾക്കിടയിൽ തരംഗമായി തേരോട്ടം നടത്തുന്നുവെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ തീ പിടിച്ച വാക്കുകൾ ഏറ്റ് വാങ്ങി പഞ്ചാബികൾ പുളകം കൊള്ളുകയാണ്. ഇതോടെ തെരഞ്ഞെടുപ്പിൽ ആം ആദ്മി തങ്ങളെ അട്ടിമറിച്ച് മുന്നേറുമോയെന്ന ഭയാശങ്കയിലായിരിക്കുകയാണ് കോൺഗ്രസും ബിജെപിയും അകാലിദളുമെന്നും റിപ്പോർട്ടുണ്ട്.

സിഖുകാരുടെ രണ്ട് തീർത്ഥാടന കേന്ദ്രങ്ങളിൽ കയറി പ്രാർത്ഥിച്ചതിന് ശേഷമാണ് അദ്ദേഹം രാഷ്ട്രീയപര്യടനമാരംഭിച്ചിരിക്കുന്നത്. ദേശീയവ്യാപകമായി നടത്തിയ വിവിധ സർവേകളുടെ അടിസ്ഥാനത്തിലാണ് താൻ ഈ അവകാശവാദമുന്നയിക്കുന്നതെന്നും കെജ്രിവാൾ പറയുന്നു. തങ്ങൾ അധികാരത്തിലെത്തിയാൽ ഒരു മാസത്തിനകം പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയുടെ ശല്യം ഇല്ലാതാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. ഇവിടെ അഴിമതി നടത്തി കൊള്ളയടിച്ച മുൻ ഭരണാധികാരികളെയെല്ലാം തങ്ങൾ അധികാരത്തിലെത്തിയാൽ ജയിലിലാക്കുമെന്നും കെജ്രിവാൾ തുറന്നടിച്ചിരുന്നു.

ഈ വർഷം രണ്ടാം തവണയാണ് കെജ്രിവാൾ പഞ്ചാബിൽ രാഷ്ട്രീയപര്യടനത്തിനെത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ അദ്ദേഹം ഇവിടെ അഞ്ച് ദിവസത്തെ പര്യടനം നടത്തിയിരുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ഇവിടെ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് അദ്ദേഹം ഈ പര്യടനങ്ങൾ നടത്തുന്നത്. ഭരണകക്ഷിയായ അകാലിദൾ-ബിജെപി സഖ്യത്തിനും പ്രതിപക്ഷമായ കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി കടുത്ത വെല്ലുവിളിയുയർത്തുന്നുണ്ട്.എഎപിയുടെ ഡൽഹി ലെജിസ്ലറ്ററായ നരേഷ് യാദവ് പഞ്ചാബിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മാലെർകോട്ലയിൽ വച്ച് ഖുറാനെ അപമാനിച്ചുവെന്നതുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടയിലാണ് കെജ്രിവാളിന്റെ സന്ദർശനം.

ഇതിനെ തുടർന്ന് യാദവിന്റെ മേൽ പഞ്ചാബ് പൊലീസ് കുറ്റം ചുമത്തുകയും ചെയ്തിരുന്നു. എന്നാൽ ശിരോമണി അകാലിദൾ-ബിജെപി ഗവൺമെന്റ് തങ്ങളുടെ നേതാക്കളെ കള്ളക്കേസിൽ കുടുക്കുകയാണെന്ന ആരോപണവുമായി എഎപി നേതാക്കൾ ഇതിനെ തുടർന്ന് രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ യാദവിനെതിരെ ക്രിമിനൽ കേസെടുത്തുവെന്ന ആരോപണം പഞ്ചാബ്മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ ഇന്നലെ നിഷേധിച്ചിരുന്നു. പ്രസ്തുത സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.കെജ്രിവാളിന്റെ സന്ദർശനം പ്രമാണിച്ച് എഎപി നേതൃത്വം യുവജനങ്ങളിലും മറ്റ് കാറ്റഗറികൽും പെട്ട വോട്ടർമാരിലേക്കെത്തിച്ചേരാനാണ് ശ്രമിക്കുന്നത്. പഞ്ചാബിൽ നിന്നും എഎപിക്ക് നാല് എംപിമാരാണുള്ളത്. ഇവരിൽ രണ്ടു പേരെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.