സിഡ്നി: ഐപിഎല്ലിൽ പങ്കെടുക്കാനായി ഓസ്ട്രേലിയൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പരമ്പരകളിലെ മത്സരങ്ങൾ ഉപേക്ഷിച്ച കളിക്കാരെ രൂക്ഷമായി വിമർശിച്ച് നായകൻ ആരോൺ ഫിഞ്ച്. രാജ്യത്തിനായി നന്നായി കളിക്കുന്നവരെയാണ് ട്വന്റി 20 ലോകകപ്പിനായി പരിഗണിക്കുന്നതെന്നും ഫിഞ്ച് മുന്നറിയിപ്പ് നൽകി.

വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ് പരമ്പരകൾ പ്രധാനപ്പെട്ടവയാണെന്ന് അവർ ഓർക്കമായിരുന്നുവെന്നും ഫിഞ്ച് പറഞ്ഞു. ഏഴ് പ്രമുഖ താരങ്ങളാണ് ഐപിഎല്ലിൽ പങ്കെടുക്കാനായി ഓസ്ട്രേലിയൻ ദേശീയ ടീമിൽ നിന്ന് മാറിനിൽക്കുന്നത്. ഡേവിഡ് വാർണർ, പാറ്റ് കമ്മിൻസ്, ഗ്ലെൻ മാക്സ്വെൽ, മാർക്കസ് സ്റ്റോയിനിസ്, ജേ റിച്ചാർഡ്സൺ, കെയ്ൻ റിച്ചാർഡ്സൺ, ഡാനിയൽ സാംസ് എന്നിവരാണ് ഈ താരങ്ങൾ.

ഇവരെ ഒഴിവാക്കി കഴിഞ്ഞ ദിവസം ഓസ്ട്രേലിയൻ ടീം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നായകൻ ആരോൺ ഫിഞ്ച് അതിരൂക്ഷ വിമർശനവുമായെത്തിയത്. കളിക്കാരുടെ നിലപാട് ഞെട്ടിച്ചെന്ന് വ്യക്തമാക്കിയ ഫിഞ്ച് രാജ്യത്തിന്റെ താൽപര്യത്തെക്കാൾ ഐപിഎല്ലിന് പ്രാധാന്യം കൊടുക്കാനുള്ള തീരുമാനത്തെ ന്യായീകരിക്കാൻ താരങ്ങൾ വല്ലാതെ പാടുപെടുമെന്ന് പറഞ്ഞു.

പ്രമുഖ താരങ്ങളുടെ അഭാവത്തിൽ നിരവധി യുവ കളിക്കാർക്ക് ഓസ്ട്രേലിയൻ ടീമിൽ ഇടംപിടിക്കാനായി. വരാനിരിക്കുന്ന പരമ്പരകളിൽ നന്നായി കളിച്ചാൽ ഇവരെയാകും ട്വന്റി 20 ലോകകപ്പിന് പരിഗണിക്കുകയെന്ന മുന്നറിയിപ്പ് കൂടി വിട്ടുനിൽക്കുന്ന കളിക്കാർക്ക് ഓസീസ് നായകൻ നൽകുന്നു.

അടുത്ത മാസമാണ് ഓസ്ട്രേലിയൻ ടീമിന്റെ വെസ്റ്റ് ഇൻഡീസ് പര്യടനം. അഞ്ച് ട്വന്റി 20യും മൂന്ന് ഏകദിന മത്സരങ്ങളും ഇരു ടീമും കളിക്കും. പിന്നാലെ ബംഗ്ലാദേശ് പര്യടനമുണ്ട്. ബംഗ്ലാദേശ് പര്യടനത്തിന്റെ തീയതി അന്തിമ തീരുമാനമായിട്ടില്ല. അതേസമയം സെപ്റ്റംബർ 19നാണ് ഐപിഎൽ 14-ാം സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾക്ക് യുഎഇയിൽ തുടക്കമാവുക. ആരോൺ ഫിഞ്ച് കഴിഞ്ഞ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. ഇത്തവണത്തെ ലേലപ്പട്ടികയിൽ പേരുണ്ടായിരുന്നെങ്കിലും ഫിഞ്ചിനെ ഒരു ടീമും വാങ്ങിയിരുന്നില്ല.