- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടുമുറ്റത്ത് ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്ത് അടിച്ചുകയറ്റി ആരോൺ; നാലര വയസ്സുകാരനായ മലയാളി ബാലനെ നെഞ്ചേറ്റി ഫുട്‌ബോൾ ലോകം; 'ട്രിക് ഷോട്ട്' കണ്ട് ഒപ്പം ഫുട്‌ബോൾ പരിശീലിക്കാൻ ക്ഷണിച്ച് റയൽ താരം ടോണി ക്രൂസ്
തൃശൂർ: 'ട്രിക് ഷോട്ട്' വീഡിയോയിലൂടെ ലോകമെമ്പാടുമുള്ള ഫുട്‌ബോൾ പ്രേമികളുടെ ഹൃദയം കവർന്ന മലയാളി ബാലനെ തന്നൊടൊപ്പം ഫുട്‌ബോൾ പരിശീലിക്കാൻ ക്ഷണിച്ച് റയൽ മഡ്രിഡ് മിഡ്ഫീൽഡർ ടോണി ക്രൂസ്. വീട്ടുമുറ്റത്തുകൂടി ഉരുണ്ടുനീങ്ങുന്ന ടയറിനുള്ളിലേക്ക് പന്ത് അടിച്ചുകയറ്റിയതിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നാലര വയസ്സുകാരനായ ആരോൺ റഫായേലിനെ ശ്രദ്ധേയനാക്കിയത്. ബെംഗളൂരുവിലെ ഹാപ്പി വാലി സ്‌കൂളിൽ എൽകെജി വിദ്യാർത്ഥിയാണ് ആരോൺ.
ആരോൺ റഫായേൽ എന്ന കുട്ടിയുടെ 'ട്രിക് ഷോട്ട്' കണ്ട് ഇഷ്ടപ്പെട്ടാണ് ടോണി ക്രൂസ് ഒരാഴ്ച തന്നോടൊപ്പം ഫുട്‌ബോൾ പരിശീലിക്കാൻ ആരോണിനെ സ്‌പെയിനിലേക്കു ക്ഷണിച്ചത്. ആ ഹ്രസ്വ വിഡിയോ പിറന്നതിനു പിന്നിൽ വലിയ കഥയുണ്ടെന്ന് ആരോണിന്റെ അച്ഛനും വിഡിയോ ചിത്രീകരിച്ചയാളുമായ മാള അഷ്ടമിച്ചിറ നെല്ലിശേരി റഫായേൽ പറയുന്നു.
https://www.instagram.com/reel/CZb1xNshL_I/?utm_source=ig_web_copy_link
പത്താം മാസത്തിൽ പിച്ചവച്ചു നടക്കാൻ തുടങ്ങിയപ്പോൾ മുതൽ ആരോണിന്റെ ഇഷ്ടതോഴനായിരുന്നു ഫുട്‌ബോൾ. രണ്ടാം വയസ്സു മുതൽ ഫുട്‌ബോൾ 'സ്‌കിൽസ്' കാഴ്ചവച്ചു തുടങ്ങി. മൂന്നു വയസ്സു കഴിഞ്ഞപ്പോൾ പിതാവിനു കീഴിൽ ശാസ്ത്രീയ പരിശീലനം തുടങ്ങി.
ആരോണിന്റെ മികവു കണ്ടു ബോധ്യപ്പെട്ടാണ് ബെംഗളൂരു എഫ്‌സിയുടെ സോക്കർ സ്‌കൂൾ ആരോണിനെ പരിശീലനത്തിനു തിരഞ്ഞെടുത്തത്. ഇതിനിടെ കഴിഞ്ഞ ജനുവരിയിൽ ടോണി ക്രൂസിന്റെ ഫുട്‌ബോൾ അക്കാദമി ലോകവ്യാപകമായി ഒരു ട്രിക് ഷോട്ട് മത്സരം ഓൺലൈനായി നടത്തി.
ആരോൺ ടയറിനുള്ളിലേക്കു പന്തടിച്ചു കയറ്റുന്ന വിഡിയോ പോസ്റ്റ് ചെയ്യുമ്പോൾ റഫായേൽ കൂടുതലായൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ, മത്സരത്തിന്റെ ഫലം വന്നപ്പോൾ ഒന്നാം സ്ഥാനം നേടിയത് ആരോണിന്റെ ട്രിക് ഷോട്ട്. ഒരാഴ്ച ടോണി ക്രൂസിനൊപ്പം മഡ്രിഡിൽ പരിശീലനമായിരുന്നു സമ്മാനം. അടുത്ത മേയിൽ പരിശീലനം ആരംഭിക്കും.
റയൽ മഡ്രിഡ് ആണ് ആരോണിന്റെ ഇഷ്ട ക്ലബ്. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇഷ്ടതാരം. ടോണി ക്രൂസ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരോണിന്റെ വിഡിയോ പങ്കുവച്ചിരുന്നു. ഇതിനകം 4 കോടിയിലേറെപ്പേർ ഇതു കണ്ടുകഴിഞ്ഞു. ചാലക്കുടി പോട്ട സ്വദേശിനിയും ബെംഗളൂരുവിൽ ഐടി പ്രഫഷനലുമായ മഞ്ജു ആണ് ആരോണിന്റെ അമ്മ.
സ്പോർട്സ് ഡെസ്ക്