- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വർത്തമാനം' സിനിമ മതപ്രശ്നം ഉണ്ടാക്കുന്ന സിനിമയല്ല; സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചത് എന്തിനെന്നറിയില്ല; പ്രതികരണവുമായി സിനിമയുടെ തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത്
പാർവതി തിരുവോത്ത് നായികയായ 'വർത്തമാനം' എന്ന സിനിമക്ക് റീജനൽ സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി സിനിമയുടെ തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത്. ഇത് മത പ്രശ്നം ഉണ്ടാക്കുന്ന സിനിമയല്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. വർത്തമാന കാലത്തെ കോർത്തിണക്കി കൊണ്ടുള്ള സിനിമയാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ നിന്നും വിദ്യാഭ്യാസത്തിനു വേണ്ടി കാശ്മീരിലേക്ക് പോകുന്ന ഒരു വിദ്യാർത്ഥിക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. കാശ്മീരുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ഒന്നും തന്നെ സിനിമയിൽ ഇല്ല. സിനിമയിൽ ഉത്തരാഖണ്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. അതിനാൽ എന്തുകൊണ്ടാണ് സെൻസർ ബോർഡ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞതെന്നു വ്യക്തമാകുന്നില്ല. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികമായ അറിയിപ്പും ലഭിച്ചിട്ടില്ല. അതിനു ശേഷമായിരിക്കും കൂടുതൽ പ്രതികരിക്കുക. വർത്തമാന കാലത്ത് ചർച്ചചെയ്യേണ്ട ഒരു സിനിമയാണ് ഇത്. അതിനാൽ പ്രേക്ഷകർ കാണേണ്ട സിനിമ തന്നെയാണ്. അതുകൊണ്ടു തന്നെ സിനിമയിൽ നിന്നും ഒന്നും അടർത്തി മാറ്റേണ്ടതില്ല.
ജെ.എൻ.യു സമരം, കശ്മീർ സംബന്ധമായ പരാമർശം എന്നിവ മുൻനിർത്തിയാണ് സിനിമയുടെ പ്രദർശനാനുമതി തടഞ്ഞതെന്നാണ് സൂചന. കൂടുതൽ പരിശോധനക്കായി സിനിമ മുംബൈയിലെ സി.ബി.എഫ്.സി റിവൈസിങ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. സെൻസർ ബോർഡ് ചെയർമാൻ തീരുമാനമെടുക്കും വരെ ചിത്രം ഇനി പ്രദർശിപ്പിക്കാനാവില്ല.
പാർവ്വതി തിരുവോത്താണ് ‘വർത്തമാനത്തിലെ' കേന്ദ്ര കഥാപാത്രം. സിദ്ധാർത്ഥ് ശിവയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് . റോഷൻ മാത്യൂ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. അളഗപ്പൻ നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ആര്യാടൻ നാസർ, ബെൻസി നാസർ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ
മറുനാടന് ഡെസ്ക്