തിരുവനന്തപുരം: ജിഷ്ണുവിന്റെ മാതാവ് മഹിജയ്ക്കു നേരെയുണ്ടായ പൊലീസ് നടപടിയിൽ ഇടതു സർക്കാറിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സർക്കാർ അനുഭാവം പുലർത്തിയവരും. ഇടതുപക്ഷ ആഭിമുഖ്യമുള്ളവർ തന്നെയാണ് പൊലീസ് നടപടിയിലും സർക്കാർ നിലപാടിലും വൻ പ്രതിഷേധമാണ് ഉയർത്തുന്നത്. ഏറ്റവും ഒടുവിൽ സംവിധായകൻ ആഷിഖ് അബുവും വിഷയത്തിൽ പ്രതിഷേധം ഉയർത്തി രംഗത്തെത്തി.

സർക്കാർ നീതിപാലിക്കുക എന്ന ആവശ്യമാണ് സംവിധായകൻ ആഷിഖ് അബു ഫേസ്‌ബുക്കിൽ ഉയർത്തുന്നത്. എന്നും ജിഷ്ണുവിനൊപ്പം, മഹിജക്കൊപ്പം എന്നീ ഹാഷ്ടാഗുകളും ആഷിഖ് തന്റെ പേജിൽ പോസ്റ്റ് ചെയ്തു.ജിഷ്ണു മരിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെത്തുടർന്നാണ് മഹിജയും കുടുംബവും പൊലീസ് ആസ്ഥാനത്ത് നിരാഹാര സമരം നടത്താൻ ഇന്നലെയെത്തിയത്.

ആസ്ഥാനത്തിനു മുന്നിൽ തടഞ്ഞ പൊലീസ് ഇവരെ വലിച്ചിഴയ്ക്കുകയും പിന്നീട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയ മഹിജ ഇപ്പോൾ ചികിത്സയിലാണ്. ആശുപത്രിയിൽ നിരാഹാര സമരം ആരംഭിച്ച ഇവർ സമരം പിന്നീട് ഡിജിപി ഓഫീസിനു മുമ്പിലേക്ക് മാറ്റുമെന്ന് അറിയിച്ചു.

സംഭവത്തിൽ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധമാണ് ഉയർന്നത്. ഇടതുപക്ഷ ആഭിമുഖ്യമുള്ള നിരവധി പേർ പൊലീസ് നടപടിക്കെതിരെ ശക്തമായി രംഗത്തെത്തി. എസ്എഫ്ഐ പ്രവർത്തകനായിരുന്ന ജിഷ്ണു പിണറായി വിജയനെ പ്രകീർത്തിച്ച് നൽകിയ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തുകൊണ്ടും നിരവധി പേർ പ്രതിഷേധിച്ചു.