തിരുവനന്തപുരം: പഠനം എന്ന ഒറ്റ ലക്ഷ്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല നമ്മുടെ കാമ്പസുകൾ. നാളെയുടെ പൗരന്മാരായി രാജ്യത്തെ മുന്നോട്ടു നയിക്കേണ്ടവർ കൂടിയാണ് വിദ്യാർത്ഥികൾ. ഇങ്ങനെ സമൂഹത്തിലെ മാതൃകയാകുന്നു വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മറുനാടൻ മലയാളിയുടെ ശ്രമം ആഷിൻ തമ്പിയെന്ന് വിദ്യാർത്ഥിയിൽ അവസാനിച്ചു. മറുനാടൻ മലയാളി അവാർഡ്‌സ് -2015ലെ കാമ്പസ് വിഭാഗത്തിലെ പുരസ്‌ക്കാരം കൊച്ചിയിലെ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയായ ആഷിൻ തമ്പിക്കാണ് ലഭിച്ചത്. മികച്ച കാമ്പസ് പ്രതിഭയെ കണ്ടെത്താനുള്ള ഓൺലൈൻ വോട്ടിംഗിൽ ഫാറൂഖ് കോളേജിൽ ലിംഗ സമത്വംവാദത്തിനായി ശബ്ദമുയർത്തിയ ദിനു വെയിലിനെ മറികടന്നാണ് ആഷിൻ തമ്പി പുരസ്‌ക്കാരം നേടിയത്. 'സെവൻ പി എം സ്റ്റാറ്റസ്' (7 PM Status) എന്ന് ഫേസ്‌ബുക്ക് പേജ് വഴി സാമൂഹ്യപ്രതിബദ്ധതയുള്ള വിഷയങ്ങൾ സമൂഹത്തിന് മുമ്പിൽ കൊണ്ടുവരികയും മറ്റ് സാമൂഹ്യപ്രവർത്തനങ്ങൾ നടപ്പാക്കുകയും ചെയ്തതിനുള്ള അംഗീകാരമാണ് ആഷിന് ലഭിച്ച മറുനാടൻ പുരസ്‌ക്കാരം.

34.4 ശതമാനം വോട്ട് നേടിയാണ് ആഷിൻ തമ്പി മറുനാടൻ കാമ്പസ് പ്രതിഭാ പുരസ്‌ക്കാരം നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ ദിനു വെയിലിന് ലഭിച്ചത് 27.6 ശതമാനം വോട്ടാണ്. ഇവർ രണ്ട് പേരും തമ്മിൽ ഒന്നാം സ്ഥാനത്തിനായി കടുത്ത മത്സരം നടന്നപ്പോൾ ഈ വിഭാഗത്തിലെ മറ്റുള്ളവർക്ക് കാര്യമായ പിന്തുണ് ലഭിച്ചില്ല. സംസ്ഥാന സർക്കാറിന്റെ സ്‌കിൽ ഡെവലപ്പ്‌മെന്റ് പ്രോഗ്രാമായ അഡീഷണൽ സ്‌കിൽ അക്വിസേഷൻ പ്രോഗ്രാം (എഎസ്എപി) 13. 9 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തായി. രാജഗിരി ബിസനസ് സ്‌കൂളിലെ പരിപാടിയായ ക്രയോൺസിന് 12.1 ശതമാനം വോട്ട് ലഭിച്ചപ്പോൾ ബാർട്ടൺ ഹിൽ കോളേജിലെ ഇൻസ്‌പെയർ പ്രോഗ്രാമിന് 8.4 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്.

പുരസ്‌ക്കാര ജേതാവിനെ കണ്ടെത്താനുള്ള ഈവിഭാഗത്തിലെ മറുനാടൻ വോട്ടിംഗിൽ 44040 പേരാണ് ആകെ പങ്കാളികളായത്. ഇതിൽ 15720 പേർ ആഷിൻ തമ്പിയുടെ സേവനപ്രവർത്തനങ്ങൾക്ക് അനുകൂലമായി പ്രതികരിച്ചു. അതേസമയം 12600 പേരാണ് ഫാറൂഖ് കോളേജിൽ ലിംഗ സമത്വ സമരത്തിന്റെ നായകനായി നിന്ന ദിനു വെയിലിനെ പിന്തുണച്ചത്. അസാപ്പിന് അനുകൂലമായി 6360 പേർ വോട്ട് രേഖപ്പെടുത്തി. ക്രയോൺസിന് 5520 പേരുടെ വോട്ട് ലഭിച്ചപ്പോൾ അഞ്ചാം സ്ഥാനത്തായ ഇൻസ്‌പെയറിന് അനുകൂലമായി നിന്നത് 3840 പേരായിരുന്നു. 21 ദിവസം നീണ്ടുനിന്ന വോട്ടെടുപ്പിന് ഒടുവിലാണ് മറുനാടൻ മലയാളി മികച്ച കാമ്പസ് പ്രതിഭയായി ആഷിൻ തമ്പിയെ തിരഞ്ഞെടുത്തത്. വായനക്കാരുടെ നോമിനേഷനിൽ നിന്നും ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചവരാണ് ഫൈനലിസ്റ്റുകളായി നിന്നത്. ഡിസംബർ 15 മുതൽ ആരംഭിച്ച വോട്ടിങ് ജനുവരി 5 വരെ നീണ്ടുനിന്നു. വോട്ടിംഗിന്റെ തുടക്കം മുതൽ തന്നെ ആഷിൻ തന്നെയായിരുന്നു മുന്നിൽ നിന്നത്.

നന്മയുടെ പക്ഷത്ത് നിന്നും ജനോപകാര പരമായി അറിയിപ്പുകൾ നൽകുകയും വിഷയങ്ങളിൽ ഇടപെടുകയും ചെയ്യുന്ന സോഷ്യൽ മീഡിയ പേജിന്റെ ഉടമയാണ് ആഷിന് തമ്പി. എറണാകുളം വൈപ്പിൻ സ്വദേശിയും വിശ്വജ്യോതി എൻജിനീയറിങ് കോളേജിലെ അവസാന വർഷ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിദ്യാർത്ഥിയുമാണ് ആഷിൻ തമ്പി. ആഷിൻ തുടങ്ങിയ 'സെവൻ പി എം സ്റ്റാറ്റസ്' (7 PM Status) എന്ന ഫേസ്‌ബുക്ക് പേജിന്റെ സുപ്രധാന കർമ്മം സാമൂഹ്യ പ്രതിബന്ധത തന്നെയാണ്. ലോകത്ത് ഏത് കോണിൽ ആയാലും ഏഴ് മണിയാകുമ്പോൾ ഒരു സ്റ്റാറ്റസ് ഫേസ്‌ബുക്ക് പേജിൽ പ്രത്യക്ഷപ്പെടും. ഇത് വെറുതേ തള്ളിക്കളയാം സാധിക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് സാധാരണക്കാരന്റെ ശബ്ദമായി മാറുന്ന സാറ്റാറ്റസാകും ഇത്.

സാങ്കേതിക വിദ്യ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കാലത്ത് എങ്ങനെ സാമൂഹ്യ ഇടപെടൽ നടത്താം എന്നതിന്റെ തെളിവാണ് ആഷിൻ തമ്പിയും ഫേസ്‌ബുക്ക് പേജും. സാമൂഹ്യ പ്രതിബന്ധത ഉയർത്തുന്ന ഫേസ്‌ബുക്ക് സ്റ്റാറ്റസുകൾ, ഇത് പോസ്റ്റ് ചെയ്യുന്നത് ഏഴ് മണിയോട് കൂടെയും. ചിന്തയെ പ്രചോദിപ്പിക്കുന്ന ചർച്ചകളായി ആഷിന്റെ ഫേസ്‌ബുക്ക് പേജ് സ്റ്റാറ്റസിന് അപ്പുറത്തേക്ക് തന്നാൽ കഴിയുന്ന സാമൂഹ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിനുശള്ള അംഗീകാരമാണ് ആഷിന് തമ്പിക്ക് ലഭിച്ച മറുനാടൻ പുരസ്‌ക്കാരം.

മാദ്ധ്യമങ്ങളെയും അപ്രസക്തമാക്കി സോഷ്യൽ മീഡിയ മുന്നേറുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്ന സമയത്താണ് മലയാളത്തിലും ഒരു ഏഴ് മണി സ്റ്റാറ്റസ് ശ്രദ്ധ നേടുന്നത്. മാദ്ധ്യമങ്ങൾക്ക് പോലും സാധിക്കാത്ത വിധത്തിൽ ഇടപെടൽ നടത്തുന്ന സാമൂഹ്യ മാദ്ധ്യമമാണ് ഇന്ന് 7pm status. മാദ്ധ്യമശ്രദ്ധ നേടാൻ കഴിയാത്ത, സാമൂഹിക പ്രസക്തിയുള്ള ഏതെങ്കിലും വിഷയത്തിലായിരിക്കും എല്ലാ ദിവസവും വൈകിട്ട് ഏഴിന് പേജിൽ സ്റ്റാറ്റസ് പ്രത്യക്ഷപ്പെടുക. തെന്നിന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ളവർ സ്റ്റാറ്റസിനടിയിൽ കമന്റുകളുമായെത്തും. ചർച്ച കൊഴുക്കുകയും ചെയ്യും ഇതാണ് പതിവ് ശൈലി.

പേജിന്റെ നേതൃത്വത്തിൽ 'മേക്ക് ഓവർ' എന്ന പദ്ധതി നടപ്പിലാക്കാനും ആസൂത്രണം ചെയ്യുന്നുണ്ട്. മോശാവസ്ഥയിലുള്ള സ്ഥലങ്ങൾ കണ്ടെത്തി, മാലിന്യ വിമുക്തമാക്കി, പെയിന്റടിച്ച് സുന്ദരമാക്കുന്ന പദ്ധതിയാണിത്. കൊച്ചി ബോട്ട്‌ജെട്ടി കേന്ദ്രീകരിച്ച് 'മേക്ക് ഓവർ' പദ്ധതിയുടെ ആദ്യ പ്രവർത്തനം നടത്താനാണ് സെവൻ പി.എം. പേജ് ലക്ഷ്യമിടുന്നത്. ഹാപ്പി സൺഡേ, മിഷന് ഹോസ്റ്റൽസ്, ക്ലീൻ കൊച്ചി വെൻ കൊച്ചി സ്ലീപ്‌സ് തുടങ്ങിയ പുതിയ ഫേസ്‌ബുക്ക് സംരംഭങ്ങളം ആരംഭിപ്പാക്കാനാണ് ആഷിന്റെ പരിപാടി. ഇതിനുള്ള ശ്രമങ്ങൾ തീവ്രമായി തന്നെ നടത്തുന്നുണ്ട്. ഈ പ്രവർത്തനങ്ങൾ കൂടുതൽ ആവേശകരമാക്കാൻ കൂടി ആഷിന് ലഭിച്ച മറുനാടൻ പുരസ്‌ക്കാരം ഉപകരിക്കും.

മറുനാടൻ അവാർഡ്‌സ് 2015ലെ എട്ടാമത്തെ പുരസ്‌ക്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്. ജനനായകനുള്ള പുരസ്‌ക്കാരം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നേടിയപ്പോൾ പ്രൊമിസിങ് ലീഡർ പുരസ്‌ക്കാരം ലഭിച്ചത് വിടി ബൽറാമിനായിരുന്നു. മികച്ച സർക്കാർ ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം ഇടമലക്കുടിയിലെ ആദിവാസി സ്‌കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മി ടീച്ചർ നേടിയപ്പോൾ സാമൂഹ്യപ്രവർത്തകനുള്ള പുരസ്‌ക്കാരം വാവ സുരേഷും കരസ്ഥമാക്കി. സോഷ്യൽ മീഡിയയിലെ മികച്ച ഇടപെടലിനുള്ള അവാർഡ് കൃഷിഭൂമിയെന്ന ഫേസ്‌ബുക്ക് കൂട്ടായ്മമ്മയ്ക്കും, മികച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥനുള്ള പുരസ്‌ക്കാരം കോഴിക്കോട് കലക്ടർ പ്രശാന്ത് നായർക്കും സാമൂഹ്യപ്രതിബദ്ധതയുള്ള ബിസിനസുകാരനുള്ള പുരസ്‌ക്കാരം കൊച്ചൗസേഫ് ചിറ്റിലപ്പള്ളിക്കുമായിരുന്നു ലഭിച്ചത്.

മറുനാടൻ അവാർഡ്‌സ് 2015ലെ രണ്ട് പുരസ്‌ക്കാരങ്ങൾ കൂടിയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. മികച്ച പ്രവാസിക്കും മികച്ച പ്രവാസി സംഘടനയ്ക്കും നൽകുന്നതാണ് ഈ പുരസ്‌ക്കാരങ്ങൾ. ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങിയ മറുനാടൻ പുരസ്‌ക്കാരങ്ങൾ വിതരണം ചെയ്യുന്ന തീയ്യതി പിന്നീട് അറിയിക്കുന്നതാണ്.