തിരുവനന്തപുരം: മലയാള മാദ്ധ്യമങ്ങൾക്ക് ഇന്നലെ അബദ്ധങ്ങളുടെ ദിവസമായിരുന്നു. കേരളം വളരെയധികം ചർച്ച ചെയ്ത് സൗമ്യ വധക്കേസിലെ സുപ്രധാനമായി വിധി റിപ്പോർട്ട് ചെയ്തതിൽ മറുനാടൻ അടക്കമുള്ള മാദ്ധ്യമങ്ങൾക്ക് പിഴവു പറ്റി. സുപ്രീംകോടതിയിൽ റിപ്പോർട്ടർമാരില്ലാത്തതിനാൽ ചാനലുകളെ ആശ്രയിച്ച് വാർത്ത റിപ്പോർട്ട് ചെയ്തതാണ് മിക്ക മാദ്ധ്യമങ്ങൾക്കും പിഴവുപറ്റാൻ ഇടയാക്കിയത്. ഏഴ് വർഷമാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ ലഭിച്ചതെന്നാണ് മാദ്ധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. പിന്നീടാണ് ജീവപര്യന്തമാണെന്ന് ബോധ്യമായതും. എന്നാൽ, ഗോവിന്ദച്ചാമി സൗമ്യയെ കൊന്നതിന് തെളിവില്ലെന്ന് പറഞ്ഞ കോടതി വിധി കേരളം ഭരിച്ച രണ്ട് സർക്കാറുകൾക്കും തിരിച്ചടിയായിരുന്നു. എന്നാൽ, ഈ വിഷയത്തെ രാഷ്ട്രീയമായി കണ്ട് എൽഡിഎഫ് സർക്കാറിന്റെ പിഴവായി ചിത്രീകരിക്കാൻ ചില മാദ്ധ്യമങ്ങൾ ശ്രമിക്കുകയും ചെയ്തു.

ഇത്തരത്തിൽ എല്ലാകുറ്റവും പിണറായി സർക്കാറിന്റെ മേൽ കെട്ടിവെക്കാനുള്ള ശ്രമം നടത്തിയവരിൽ മുന്നിൽ മാതൃഭൂമിയും മനോരമ ന്യൂസ് ചാനലുമായിരുന്നു. എന്തായാലും വിഷയത്തിൽ ഒരു പടി കൂടി കടന്ന് മാതൃഭൂമി പിണറായി സർക്കാറിനെ കടന്നാക്രമിച്ചു. വിഷയം ഇന്നലെ ഒമ്പത് മണിക്കുള്ള സൂപ്പർ പ്രൈം ടീമിൽ മാതൃഭൂമി ചർച്ചയ്‌ക്കെടുത്തു. വേണു നയിച്ച ചർച്ചയിൽ ഇട്ട അടിക്കുറിപ്പ് സൈബർ ലോകത്ത് ഇടതു അണികളെ ശരിക്കും പ്രകോപിപ്പിച്ചിരിക്കയാണ്.

പീഡകർക്കൊപ്പമോ പിണറായി സർക്കാർ? അടിക്കുറിപ്പോടെയാണ് ചാനൽ ചർച്ച കൊഴുപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് സൗമ്യയ്ക്ക് നീതി കിട്ടാതിരിക്കാൻ കാരണമെന്ന ഭംഗ്യേനയാണ് വേണു ചർച്ച നടത്തിയത്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് എല്ലാം നേരായ വഴിയിൽ പോയി, എന്നാൽ പിണറായി മുഖ്യമന്ത്രിയായതോടെയാണ് എല്ലാം താളം തെറ്റിയതെന്ന് വിധത്തിലായിരുന്നു ചർച്ചയിൽ വേണുവിന്റെ ചോദ്യങ്ങൾ. ചർച്ചയിൽ പങ്കെടുത്ത സൗമ്യയുടെ അമ്മ സുമതിയെ കൊണ്ട് പിണറായിക്കെതിരെ പറയിക്കുക എന്ന മുൻധാരണയോടെ ആയിരുന്നു വേണുവിന്റെ ചോദ്യങ്ങൾ.

ഈ ചർച്ച കണ്ടവരെ ശരിക്കും ചൊടിപ്പിച്ചത് വേണുവിന്റെ ചോദ്യങ്ങളും പിണറായി എല്ലാത്തിനും കാരണക്കാരനെന്ന ധ്വനി ഉണ്ടാക്കിയതുമാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്താണ് അഡ്വ. സുരേശനെ മാറ്റി സുപ്രീംകോടതിയിൽ നിയമിച്ചതെന്നിരിക്കെ തന്നെയായിരുന്നു ഈ വിഷയത്തിൽ ഇടതു സർക്കാർ ഗുരുതര വീഴ്‌ച്ച വരുത്തിയെന്ന വിധത്തിൽ ചർച്ച നയിച്ചത്. സൂപ്പർ പ്രൈം ടൈമിൽ അഡ്വ. ബി.എ ആളൂർ, സൗമ്യയുടെ അമ്മ സുമതി, പി.എസ് ശ്രീധരൻ പിള്ള, മുഹമ്മദ് റിയാസ് തുടങ്ങിയവരാണ് പങ്കെടുത്തത്. ചർച്ചയിൽ വേണുവിന്റെ ചോദ്യങ്ങളിലും മോശം ടാഗിട്ടതിലും പ്രതിഷേധിച്ച് നിരവധി പേർ സോഷ്യൽമീഡിയയിലൂടെ രംഗത്തെത്തി. സംവിധായകൻ ആശിഖ് അബു അടക്കമുള്ളവരും വേണുവിനെ വിമർശിച്ചു രംഗത്തുവന്നു. ഫേസ്‌ബുക്കിലൂടെയാണ് ആശിഖ് അബു മാതൃഭൂമി ചാനൽ ഡിബേറ്റിനെ വിമർശിച്ചത്.

ആശിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു: ഇന്ത്യൻ നിയമവ്യവസ്ഥിതിയിൽ വിശ്വസിക്കുന്നവർ സൗമ്യക്ക് നീതി ലഭിക്കും എന്ന പ്രതീക്ഷ നിലനിർത്തുമ്പോൾ , നാലാം തൂണുകൾ ഇങ്ങനെ അധപധിക്കുന്നത് കഷ്ടമാണ്. കേസിന്റെ അന്വേഷണത്തിൽ, കോടതിയിൽ പറഞ്ഞതിൽ, കുറ്റവാളിയുടെ സാമ്പത്തിക പശ്ചാത്തലം എന്നിവ അന്വേഷിക്കുകയാണ് സർക്കാരിനൊപ്പം മാദ്ധ്യമങ്ങളും ചെയ്യേണ്ടത്. സൗമ്യ നിങ്ങളുടെ 'റിയാലിറ്റി ന്യൂസ് ഷോ' കൊഴുപ്പിക്കാനുള്ള പേര് മാത്രമാണോ വേണു?

എന്തായാലും സൗമ്യ വധക്കേസിലെ ചാനൽ വിചാരണയിലും അനാവശ്യമായി രാഷ്ട്രീയം കണ്ടെത്തിയതിൽ ആശിഖിനെ പിന്തുണച്ചും നിരവധി പേർ രംഗത്തെത്തി. ചാനൽ വ്യവസായത്തെ വെറും ബിസിനസായി മാത്രം കാണുമ്പോഴുള്ള പ്രശ്‌നമാണ് വേണുവിനും കൂട്ടർക്കുമെന്നും പറഞ്ഞാണ് പലരും ആഷിഖ് അബുവിനെ പിന്തുണച്ചത്. എന്തായാലും ചാനൽ ചർച്ചയിലെ അനാവശ്യ ടാഗിന്റെ പേരിൽ കടുത്ത വിമർശനമാണ് മാതൃഭൂമിക്കെതിരെ ഉയർന്നിരിക്കുന്നത്.