കൊച്ചി: 'എന്തൊക്കെ സംഭവിച്ചാലും വിട്ടുകൊടുക്കരുത്. ജനാധിപത്യം എന്നു കേട്ടാൽ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിൽക്കണം'- അധികാരത്തിൽ കടിച്ചു തൂങ്ങുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിക്കുന്ന സംവിധായകൻ ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിന്റെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പരിഹസിച്ച് സംവിധായകൻ ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് എത്തിയത്. ''വിട്ടുകൊടുക്കരുത് സർ, 'ജനാധിപത്യം' എന്ന് കേട്ടാൽ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചു നിൽക്കണം'' എന്നാണ് ആഷിക് അബു ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ യു.എൻ അവാർഡ് സംബന്ധിച്ച് ജാവേദ് പ്രകാശ് നടത്തിയ പോസ്റ്റ് ഷെയർ ചെയ്ത ആഷിക് 'കറക്ട് അവാർഡ്, കറക്ട് ആൾക്ക്' എന്നും പോസ്റ്റ് ചെയ്തിട്ടുണ്ട്. കെ.എം മാണിയ്‌ക്കെതിരെ ബാർ കോഴ ആരോപണം കത്തിക്കയറിയ സമയത്ത് ആഷിക്കിന്റെ 'എന്റെ വക അഞ്ഞൂറ്' ഫേസ്‌ബുക്കിൽ ഹിറ്റായിരുന്നു. എന്റെ വക അഞ്ഞൂറിന് അനുഭാവം പ്രകടിപ്പിച്ച് ആയിരക്കണക്കിന് പേർ മാണിക്ക് മണി ഓർഡർ അയച്ചത് സാമൂഹ്യമാദ്ധ്യമങ്ങളിൽ പുതുചരിത്രം സൃഷ്ടിച്ചിരുന്നു.

ഇതിനു പിന്നാലെയാണ് #DarkAge എന്ന ഹാഷ് ടാഗുമായി മുഖ്യമന്ത്രിക്കെതിരെയും പരിഹാസശരങ്ങളുമായി ആഷിഖ് അബു എത്തിയത്. ഉമ്മൻ ചാണ്ടിക്കും ആര്യാടൻ മുഹമ്മദിനുമെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി നിർദേശിച്ചയുടനെയായിരുന്നു ആഷിഖ് അബുവിന്റെ പ്രതികരണം. ഇത് ജനാധിപത്യത്തിന്റെ ഇരുണ്ടകാലമാണെന്ന് സൂചിപ്പിച്ചുകൊണ്ടാണ് #DarkAge എന്ന ഹാഷ് ടാഗും ആഷിഖ് പോസ്റ്റ് ചെയ്തത്.

വിട്ടു കൊടുക്കരുത്‌ സർ, 'ജനാധിപത്യം' എന്ന് കേട്ടാൽ ജനം പേടിച്ചോടുന്ന കാലം വരെ പിടിച്ചുനിക്കണം ! #DarkAge

Posted by Aashiq Abu on Wednesday, January 27, 2016