ഹിന്ദുത്വ കാർഡിറക്കി വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഘോരഘോരം പ്രസംഗിച്ച സൂപ്പർ താരം സുരേഷ് ഗോപിയുടേത് റോങ് നമ്പറെന്ന് സംവിധായകൻ ആഷിഖ് അബു. ഫേസ്‌ബുക്കിൽ താരത്തിന്റെ വീഡിയോ ആഷിഖ് അബു പോസ്റ്റു ചെയ്തത് 'റോങ് നമ്പർ' എന്ന തലക്കെട്ടോടെയാണ്.

ആമിർ ഖാന്റെ പികെ എന്ന ചിത്രത്തിൽ തെറ്റായ ഉപദേശങ്ങൾ നൽകുന്നവരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന വാക്കാണ് 'റോങ് നമ്പർ' എന്നത്. സുരേഷ് ഗോപിയുടെ വാക്കുകൾ നൽകുന്നത് തെറ്റായ സൂചനയാണെന്ന ധ്വനിയാണ് ആഷിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് നൽകുന്നത്.

സിനിമാ മേഖലയിൽനിന്ന് ആദ്യമായാണ് സുരേഷ് ഗോപിയുടെ ഈ നീക്കത്തിനെതിരെ ഒരാൾ രംഗത്തെത്തുന്നത്. വിഴിഞ്ഞം പദ്ധതി നടപ്പാക്കാൻ കേരളത്തിലെ ഹിന്ദുക്കൾ മുന്നോട്ടു വരണമെന്നാണ് സുരേഷ് ഗോപി പ്രസംഗത്തിൽ ആവശ്യപ്പെട്ടത്. ഇതു തെറ്റായ സന്ദേശമാണ് നാടിനു നൽകുന്നതെന്നാണ് ആഷിഖ് അബു പറയാതെ പറഞ്ഞത്.

ഹിന്ദുസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങിയാൽ പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം നേടിക്കൊടുക്കാൻ കഴിയുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്താവന. ഹിന്ദുമത നേതാക്കളും മറ്റു നേതാക്കളുമായി ചർച്ച നടത്തി ജന പിന്തുണയോടെ പദ്ധതി നടപ്പിലാക്കണമെന്നും സുരേഷ് ഗോപി ആവശ്യപ്പെട്ടു. തുറമുഖ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം ഗ്രാമവാസികൾ നടത്തിയ സെക്രട്ടറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യവെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശങ്ങളുണ്ടായത്.

മോദി മന്ത്രിസഭയിലേക്കു തനിക്കു ക്ഷണമുണ്ടായിരുന്നു എന്ന തരത്തിൽ നേരത്തെ തന്നെ പ്രസ്താവനകളിറക്കി ബിജെപി അനുകൂല പ്രസ്താവനകളിറക്കിയ സുരേഷ് ഗോപി തന്റെ നയം വീണ്ടും വ്യക്തമാക്കുകയായിരുന്നു വിഴിഞ്ഞം വിഷയത്തിൽ.