തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികൾക്ക് എസ്എഫ്‌ഐ പ്രവർത്തകർ നൽകിയ പാഠപുസ്തകങ്ങൾ എംഎസ്എഫ് പ്രവർത്തകർ കീറിയെറിഞ്ഞ സംഭവത്തിൽ ഉത്തരം മുട്ടിയിരിക്കയാണ് ലീഗ് നേതാക്കൾ. അക്ഷര സ്‌നേഹികളായ മലയാളികളോട് ലീഗ് പ്രവർത്തകർ ചെയ്ത തെമ്മാടിത്തമെന്നാണ് മിക്കവരും ഇതിന് വിശേഷിപ്പിച്ചത്. സൈബർ ലോകത്ത് അതി രൂക്ഷമായ രീതിയിൽ പ്രതിഷേധം ഉയരുമ്പോളും ഉത്തരം മുട്ടിയിരിക്കയാണ് ലീഗ് നേതാക്കൾക്ക്. അതേ സമയം കൃത്യമായ മറുപടികളില്ലാതെ എംഎസ്എഫ് കുഴങ്ങിയിരിക്കുകയും ആണ്.

ഇങ്ങനെ വിമർശനം കൊഴുക്കുമ്പോൾ ചലച്ചിത്ര സംവിധായകനും മുൻ എസ്എഫ്‌ഐ നേതാവും ആയ ആഷിക് അബുവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ലീഗിനെ പരിഹസിക്കുന്ന ആഷികിന്റെ പോസ്റ്റ് വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്. 'വായിക്കുക എന്ന് ഖുറാൻ, വായിക്കാൻ സമ്മതിക്കില്ലെന്ന് ലീഗ്' എന്നതാണ് ഫോട്ടോ സഹിതം ആഷിഖ് അബു ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തത്. ഇടതു സഹയാത്രികൻ കൂടിയായ ആഷിക് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് സൈബർ ലോകത്ത് വൈറലാകുകയും ചെയ്തു. ആയിരത്തിലേറെ പേരാണ് ആഷിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്.

തിരൂർ കൈനിക്കര എഎംഎൽപി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് എസ്എഫ്‌ഐ പ്രവർത്തകർ വിതരണം ചെയ്ത പുസ്തകങ്ങൾ എംഎസ്എഫ്, യൂത്ത് ലീഗ് പ്രവർത്തകർ ഇന്നലെ നശിപ്പിച്ചത്. പാഠപുസ്തക വിതരണം വൈകിയതിൽ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവർത്തകർ കൈനിക്കര എഎംഎൽപി സ്‌കൂളിൽ പുസ്തകത്തിന്റെ കോപ്പികൾ വിതരണം ചെയ്തത്. നാലാം ക്ലാസിലെ മലയാളം ഇംഗ്ലീഷ് പാഠപുസ്തകങ്ങളുടെ 50 കോപ്പികളാണ് പ്രവർത്തകരുടെ കൈയിലുണ്ടായിരുന്നത്.

എസ്എഫ്‌ഐ പ്രവർത്തകർ പാഠപുസ്തകം വിതരണം ചെയ്യുന്നതിനിടെ മുസ്ലീലീഗ് യൂത്ത് ലീഗ് പ്രവർത്തകർ തടയാൻ ശ്രമിച്ചു. പിന്നീട് ബലമായി പുസ്തകം പിടിച്ച് വാങ്ങി റോഡിലേയ്ക്ക് എറിഞ്ഞ് നശിപ്പിക്കാനും ശ്രമിച്ചു. സ്ഥലത്തേയ്ക്ക് സിപിഐ(എം)-മുസ്ലിം ലീഗ് പ്രവർത്തകർ കൂടുതലായി എത്തിയതോടെ നേരിയ തോതിൽ സംഘർഷമുണ്ടായി. പഞ്ചായത്ത് മെമ്പർ അടക്കമുള്ള നാല് ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.

ലീഗ് പ്രവർത്തകർ കീറിയെറിഞ്ഞ പുസ്തകം കുഞ്ഞുങ്ങൾ പെറുക്കിയെടുക്കുന്ന ചിത്രം ഫേസ്‌ബുക്കിൽ ഇന്നലെ ഏറെ വൈറലായിരുന്നു. ഈ ചിത്രങ്ങൾ സഹിതമാണ് ലീഗുകാർക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ലീഗുകാരെ പരിഹസിച്ചുകൊണ്ടുള്ള ട്രോൾ പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. സിനിമാ രംഗങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് ലീഗുകാരെ പരിഹസിച്ച് ട്രോളന്മാർ രംഗത്തെത്തിയത്.