തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി ബലാത്സംഗിയെ പ്രണയിക്കുന്നു എന്ന വിധത്തിൽ കവിതയെഴുതി കൈരളി ടിവിയുടെ ജെ ബി ജംഗ്ഷനിൽ ആലപിച്ച സാം മാത്യുവിന് എതിരായ പ്രതിഷേധം സൈബർ ലോകത്ത് പെരുകുന്നു. അതേസമയം പരിപാടിയുടെ അവതാരകൻ ജോൺ ബ്രിട്ടാസിനെ പരിഹസിച്ച് സംവിധായകൻ ആഷിഖ് അബു രംഗത്തെത്തി.

കവിയായ സാം മാത്യുവിനെ വിഡ്ഢിയെന്ന് അഭിസംബോധന ചെയ്താണ് ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്നു എന്നാ പറഞ്ഞ് ആഷിഖ് ബ്രിട്ടാസിനെയും കളിയാക്കുന്നു. ആഷിഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

എല്ലാവിധത്തിലും ആക്രമിക്കപ്പെട്ട ഇര ഇനി നിന്നെയൊക്കെ പ്രേമിക്കണം അല്ലേടാ വിഡ്ഢി കവി. ബ്രിട്ടാസ്, മാനസിക രോഗികളുടെ ആത്മാവിഷ്‌കാരം ഇനിയും കൈരളിയിൽ നിന്ന് ഈ ജനത പ്രതീക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം കൈരളി ചാനലിലെ ജെബി ജംഗ്ഷൻ എന്ന പരിപാടിയിലാണ് സാം മാത്യു തന്റെ പുതിയ കവിത അവതരിപ്പിച്ചത്. 'പടർപ്പ്' എന്ന പേരിൽ എഴുതിയിരിക്കുന്ന കവിത ബലാത്സംഗിയോട് ഇരയ്ക്ക് തോന്നുന്ന പ്രണയചിന്തകളെയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി തന്റെ ഉള്ളിലൊരു ബീജം തന്ന ആ പുരുഷനെ ഇഷ്ടപ്പെട്ട് പ്രണയിക്കുന്നതാണ് കവിതയുടെ ഇതിവൃത്തം.

എന്നാൽ പരിപാടി പുറത്തുവന്നതോടെ ബ്രിട്ടാസിനെയും സാമിനുമെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത പ്രതിഷേധമാണ് ഉയർന്നത്. സഖാവ് എന്ന കവിത ആലപിച്ച ആര്യ ദയാലും കവിത എഴുതിയത് താനാണെന്ന് അവകാശപ്പെടുന്ന പ്രതീക്ഷ ശിവദാസും ചർച്ചയിൽ പങ്കെടുത്തിരുന്നു. യൂ ടൂബിലും പിന്നീട് ഫേസ്‌ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയയിലും വൈറലായി മാറിയ സഖാവ് എന്ന കവിതയുടെ രചയിതാവിനെ ചൊല്ലിയുള്ള തർക്കം എവിടെയുമെത്താതെ നിൽക്കെയാണ് രചയിതാക്കളായി അവകാശവാദമുന്നയിച്ച സാം മാത്യുവിനെയും പ്രതീക്ഷാ ശിവദാസിനെയും ആലപിച്ച് വൈറലാക്കിയ ആര്യാ ദയാലിനെയും ഒരുമിച്ചിരുത്തി ജോൺ ബ്രിട്ടാസ് ജെ.ബി ജംഗ്ഷൻ അവതരിപ്പിച്ചത്.

കവിതയുടെ അവകാശത്തർക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നപ്പോഴാണ് പെണ്ണെഴുത്തിന്റെ സ്വഭാവത്തിൽ താൻ വേറെയും കവിതകൾ രചിച്ചിട്ടുണ്ടെന്ന് സാം മാത്യു പറഞ്ഞത്. പെൺചിന്തകളിലൂടെയുള്ള കവിതയാണ് സഖാവ് എന്നതിനാൽ സാമിനേക്കാൾ പ്രതീക്ഷ എഴുതാനല്ലേ സാദ്ധ്യത എന്ന സംശയം ബ്രിട്ടാസ് ഉന്നയിച്ചപ്പോഴാണ് തന്റെ പുതിയ പെണ്ണെഴുത്ത് സാം പരിചയപ്പെടുത്തിയത്. തുടർന്നാണ് സാം ബലാത്സംഗിയെ പ്രണയിക്കുന്ന പെണ്ണിനെ കുറിച്ചുള്ള കവിത ആലപിച്ചത്. ഇതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചതിനാണ് ബ്രിട്ടാസിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാക്കിയത്.