തിരുവനന്തപുരം: മഹാരാജാസ് കോളേജിന്റെ ചുവരിൽ പ്രത്യക്ഷപ്പെട്ട ചുവരെഴുത്തുകളെ ചൊല്ലി ചോദ്യങ്ങൾ ഉന്നയിച്ച കോളേജ് പ്രിൻസിപ്പലിന് മറുപടിയുമായി സംവിധായകൻ ആഷിക് അബു. ഉറപ്പിച്ചു പറയുന്നു,കുട്ടികളെ ജയിലിൽ അടച്ച ടീച്ചറല്ല,തിരുത്തിയ കുട്ടികളാണ് ശരിയെന്നാണ് ആഷികിന്റെ പ്രതികരണം. മഹാരാജാസ് കോളേജ് എന്നും പ്രക്ഷുബ്ധമായിരുന്നുവെന്നും ജയിലറ കാണിച്ചു പേടിപ്പിച്ചാൽ പേടിക്കില്ലെന്നും ആഷിക് മറുപടിയായി പറഞ്ഞു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.

ഇത്തരം എഴുത്തുകൾ ആവിഷ്‌കാരസ്വാതന്ത്ര്യം ഉണ്ടെന്ന പേരിൽ അവിടെ തന്നെ നിലനിർത്തണമായിരുന്നുവോ? ഇങ്ങനെ ഒരു ചുവർ താങ്കളുടെ സിനിമയിൽ പെട്ടാൽ എഡിറ്റ് ചെയ്യാതെ പ്രദർശിപ്പിക്കുമോ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നുവെന്നായിരുന്നു പ്രിൻസിപ്പലിന്റെ ചോദ്യം. ഈ ചോദ്യത്തിനാണ് ആഷികിന്റെ മറുപടി.

ആഷികിന്റെ മറുപടിയുടെ പൂർണ്ണരൂപം

ബഹുമാന്യ മഹാരാജാസ് കോളേജ് പ്രിൻസിപ്പാൾ,
മതസ്പർധയോ വ്യക്തിഹത്യയോ ഒരു കോളേജിന്റെ ചുമരിൽ എന്നല്ല എവിടെ എഴുതിയാലും അത് തെറ്റുതന്നെയെന്ന് നിങ്ങളെപോലെതന്നെ കരുതുന്നയാളാണ് ഞാനെന്ന് ആദ്യമേ പറയട്ടെ. ആ പോയിന്റിൽ തർക്കമില്ല ടീച്ചർ. അത് ചെയ്തവരെ തിരുത്തുകയും വേണം. അതിലും തർക്കമില്ല. വിയോജിപ്പുള്ളത് മറ്റുപല കാര്യങ്ങളിലുമാണ്. ഉദാഹരണത്തിന് കൂട്ടികളെ ജയിലിലടച്ച കാര്യത്തിൽ. അശ്ലീല ചുമരെഴുത്തു മായ്ചുകളഞ്ഞത് മഹാരാജാസിലെ വിദ്യാർത്ഥികൾ തന്നെയാണ്, അവിടുത്തെ പുരോഗമന വിദ്യാർത്ഥിസമൂഹം അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല. എതിർക്കുക തന്നെ ചെയ്യും, അത് തന്നെയാണവർ ചെയ്തതും. കുട്ടികളെ തിരുത്താനും, അച്ചടക്ക നടപടി സ്വീകരിക്കാനും എല്ലാ അധികാരവമുള്ള പ്രിസിപ്പാൾ, അദ്ധ്യാപകർ ജഠഅ തുടങ്ങിയ സംവിധാനങ്ങൾ ഉണ്ടായിട്ടുകൂടി കുട്ടികളെ ജയിലിൽ അടച്ചത് ഒട്ടും ശരിയായ നടപടിയല്ല എന്നുതന്നെയാണ് അഭിപ്രായം. ഏഴു വർഷം മഹാരാജാസിൽ പഠിച്ച ഒരാളെന്ന നിലക്ക് ആ ക്യാമ്പസ്സിന്റെ ചരിത്രം കുറച്ചൊക്കെ അറിയാമെന്നത്കൊണ്ട് വാർത്ത കേട്ടപ്പോൾ പ്രതികരിക്കണമെന്ന് തോന്നി.

സിനിമയിലെ എഡിറ്റിങ് എന്ന സങ്കേതത്തെ പറ്റി ടീച്ചർ പരാമര്ശിക്കുകയുണ്ടായി, വിഷയങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം കൺഫ്യൂസിങ് ആണെങ്കിലും അങ്ങനെ ഒരു എഡിറ്റ് മറ്റുവിദ്യാര്ഥികള് ചെയ്തല്ലോ ടീച്ചർ. അത് മായ്ചുകളഞ്ഞ കുട്ടികളാണ് ശരി. പൊലീസിനെ കൊണ്ട് കുട്ടികളെ ജയിലിൽ ഇട്ട ടീച്ചറല്ല എന്നുതന്നെ ഉറപ്പിച്ചുപറയുന്നു. പ്രക്ഷുബ്ധമായിരുന്നു ടീച്ചർ എല്ലാ കാലവും മഹാരാജാസ്. ജയിലറ കാണിച്ചുപേടിപ്പിച്ചാൽ പേടിക്കില്ല എന്ന് മാത്രമല്ല അത് കൂടുതൽ പ്രക്ഷുബ്ദമാവും, അതാണ് ചരിത്രം. !