ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് ജയിലിൽ അടച്ച് വധശിക്ഷയ്ക്കു വിധിക്കുകയും പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്ത ആസിയാ ബീബിയുടെ മോചനവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനിൽ മതതീവ്രവാദ സംഘടനകൾ ഉയർത്തിയ അലയൊലികൾ അടങ്ങുന്നില്ല. വിധിയെ ചോദ്യം ചെയ്ത് പരമോന്നത കോടതിക്കെതിരേ ശബ്ദം ഉയർത്തുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത തെഹ്രീക്കീ ലബ്ബേക്ക് പാക്കിസ്ഥാൻ (ടിഎൽപി) നേതാവ് ഖാദിം ഹുസൈൻ റിസ്വി, തെഹ്രീക്കി ലബ്ബേക്ക് യാ റസൂൽ അള്ള(ടിഎൽവൈആർഎ) തലവൻ അഷ്റഫ് ജലാലി തുടങ്ങിയവർക്കെതിരേ കേസെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് നൽകിയ പരാതിയിലാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്ക് സെഷൻസ് കോടതി രണ്ടു ദിവസത്തെ സമയം നൽകിയിരിക്കുന്നത്.

ആസിയാ ബീബിയെ മോചിപ്പിച്ച് ഉത്തവിറങ്ങിയ ദിവസങ്ങളിൽ ഇവർ തെരുവിലിറങ്ങി കലാപം നടത്താൻ ജനങ്ങൾക്ക് പ്രോത്സാഹനം നൽകുകയും നിയമം കൈയിലെടുക്കുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തോടനുബന്ധിച്ച് പാക്കിസ്ഥാൻ പൗരൻ അബ്ദുള്ള മാലിക് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കോടതി വാദം കേട്ടിരുന്നു. ആസിയായുടെ മോചനത്തെ തുടർന്ന് കലാപത്തിനായി തെരുവിലിറങ്ങിയ മതതീവ്രവാദ സംഘടനകളായ ടിഎൽപി, ടിഎൽവൈആർഎ എന്നിവയ്ക്കെതിരേ എഫ്ഐആർ സമർപ്പിക്കുന്നതിൽ സിവിൽ ലൈൻസ് എസ്എച്ച്ഒമാർ പരാജയപ്പെട്ടുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനാലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

കൃത്യവിലോപം കാട്ടിയതിന് എസ്എച്ച്ഒമാർ ഇന്ന് അവരുടെ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഇന്ന് കോടതിയിൽ ഇവരെ പ്രതിനിധീകരിച്ചു കൊണ്ട് ആരും ഹാജരായില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കേസിന്റെ വാദം കേൾക്കുന്നതിന് വെള്ളിയാഴ്‌ച്ച വരെ നീട്ടിക്കൊടുത്ത കോടതി എച്ച്എസ്ഒമാരുടെ വിശദീകരണവും അന്നേ ദിവസം ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞാഴ്ചയാണ് അബ്ദുള്ള മാലിക് ഇതുസംബന്ധിച്ച് പരാതി ഫയൽ ചെയ്യുന്നത്. സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കുകയും പ്രധാനമന്ത്രിക്ക് വധഭീഷണി ഉയർത്തുകയും പാർട്ടി അനുയായികളെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നാണ് ടിഎൽപി നേതാക്കൾക്കെതിരേ നൽകിയിരിക്കുന്ന പരാതിയിൽ പറഞ്ഞിരിക്കുന്നത്. ഇക്കൂട്ടർക്കെതിരേ നിയമപരമായ നടപടികൾ സ്വീകരിക്കാനും പരാതിക്കാരൻ കോടതിയോട് അഭ്യർത്ഥിച്ചിട്ടുണ്ട്.