- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും കത്തിയും പ്രധാന തെളിവായി; കൊല നടക്കുമ്പോൾ ഉടുത്തിരുന്ന നൈറ്റിയും പ്രതി പൊലീസിനു നൽകി; ചോര വീണ സ്ഥലം കഴുകി വൃത്തിയാക്കി പൊടിമണ്ണ് വിതറി; തെളിവെടുപ്പു വേളയിൽ പെൺകുട്ടികളുടെ ഭാവിയെ ഓർത്ത് വികാരാധീനനായി പിതാവ്
അമ്പലവയൽ: അമ്പലവയൽ ആയിരംകൊല്ലിയിൽ മാതാവും പെൺകുട്ടികളും കൊലപാതക കേസിൽ അകത്തായതോടെ തീർത്തും ഒറ്റപ്പെട്ട നിലയിലാണ് ഗൃഹനാഥൻ. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം. പെൺകുട്ടികളുടെ ഭാവിയെ ഓർത്ത് അടക്കം നീറിക്കഴിയുകയാണ് ഈ പിതാവ്. ആയിരം കൊല്ലിയിലെ കൊലപാതകത്തിൽ മാതാവിനെയും പെൺകുട്ടികളെയും സംഭവസ്ഥലത്തെത്തിച്ചു പൊലീസ് തെളിവെടുപ്പു നടത്തിയിരുന്നു. കേസിൽ കൃത്യമായ തെളിവുകളോടെ തന്നെയാണ് പൊലീസ് അറസ്റ്റു രേഖപ്പെടുത്തിരിയിരിക്കുന്നത്.
തെളിവെടുപ്പിന് എത്തിച്ചപ്പോൾ കൊലപാതകം നടത്തിയ സ്ഥലവും ഉപയോഗിച്ച കോടാലിയും കത്തിയുമെല്ലാം മാതാവു പൊലീസിനു കാണിച്ചു കൊടുത്തു. കൊല ചെയ്ത രീതിയും വിവരിച്ചു. പിന്നാലെ പെൺകുട്ടികളെയും എത്തിച്ച് ഒരു മണിക്കൂർ കൊണ്ടു തെളിവെടുപ്പു പൂർത്തിയാക്കി. മാതാവിനെയും പെൺകുട്ടികളെയും തെളിവെടുപ്പിന് എത്തിക്കുന്നതിനു മുൻപു പെൺകുട്ടികളുടെ പിതാവും സഹോദരനും സംഭവ സ്ഥലത്ത് എത്തി. വീട്ടിലും പരിസരത്തുമെല്ലാം തെളിവെടുപ്പു നടക്കുന്നതിനിടെ അകലെ മാറി ഇവരും നിന്നു. അധികമാരോടും സംസാരിക്കാതെ എല്ലാം കണ്ടു. തെളിവെടുപ്പിനു ശേഷം പ്രദേശവാസികളുമായി സംസാരിക്കുമ്പോൾ പെൺകുട്ടികളുടെ പിതാവു വികാരാധീനനായി. ഇദ്ദേഹത്തെ മകനും മറ്റൊരാളും ചേർന്നു കാറിൽ കയറ്റി കൊണ്ടു പോയി.
കൊലയ്ക്ക് ഉപയോഗിച്ച കോടാലിയും കത്തിയുമാണു പ്രധാന തെളിവായി പൊലീസ് ശേഖരിച്ചത്. പിടിയടക്കം 70 സെന്റി മീറ്റർ നീളമുള്ള കോടാലിയും 41 സെന്റിമീറ്റർ നീളമുള്ള വെട്ടുകത്തിയും പൊലീസ് കണ്ടെടുത്തു. കൊല നടക്കുമ്പോൾ ഉടുത്തിരുന്ന നൈറ്റിയും പ്രതി പൊലീസിന് കൈമാറി. മാതാവുമായുള്ള തെളിവെടുപ്പ് ഏകദേശം പൂർത്തിയായപ്പോഴാണു വാഹനത്തിലിരുന്ന പെൺകുട്ടികളെ വീട്ടിലേക്ക് എത്തിച്ചത്. അവരെ വീട്ടിനുള്ളിൽ കയറ്റി. അവരും പൊലീസിനോടു കാര്യങ്ങൾ വിശദീകരിച്ചു. മുഹമ്മദിന്റെ വലതുകാൽ കൊണ്ടുപോകാൻ ഉപയോഗിച്ച സ്കൂൾ ബാഗും കേസിൽ പ്രധാന തെളിവായി മാറും.
കൊലപാതക ശേഷം രക്തം വീണെന്ന സംശയിക്കുന്ന ഇടങ്ങൾ വെള്ളമൊഴിച്ചു വൃത്തിയാക്കിയ ശേഷം പൊടിമണ്ണു വിതറാനും ശ്രമിച്ചതായി പൊലീസ് കണ്ടെത്തി. കൊലപാതക ശേഷം അതു മറച്ചുവയ്ക്കാനും തെളിവു നശിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാകും കത്തിയും കോടാലിയും കഴുകി വൃത്തിയാക്കിയെതെന്ന നിഗമനത്തിലാണു പൊലീസ്. രക്തക്കറകൾ ഒരിടത്തുമില്ല. തെളിവായി ശേഖരിച്ച ബാഗിനും പഴക്കമുണ്ട്. ബാഗിന്റെ പുറംഭാഗങ്ങളിലും രക്തം ഏറെയില്ല.
മാതാവിനെയും പെൺകുട്ടികളെയും ഇനി കസ്റ്റഡിയിൽ വാങ്ങില്ലെന്നു പൊലീസ് പറഞ്ഞു. കൊലപാതകശേഷം മണിക്കൂറുകൾക്കുള്ളിൽ ഇവർ പൊലീസിൽ കീഴടങ്ങുകയും വിവരം ലഭിക്കുകയും ചെയ്തതിനു പുറമേ കൊല നടന്ന സ്ഥലത്തു നിന്നടക്കം പരമാവധി തെളിവുകൾ ശേഖരിച്ചതുമാണു കസ്റ്റഡി അപേക്ഷ നൽകേണ്ടെന്ന തീരുമാനത്തിലേക്കു പൊലീസിനെ എത്തിച്ചത്.
അതിനിടെ, അറസ്റ്റിലായ സ്ത്രീയുടെ ഭർത്താവിനും മകനും കൊലപാതകത്തിൽ പങ്കുണ്ടെന്നു കൊല്ലപ്പെട്ട മുഹമ്മദിന്റെ ഭാര്യയുടെ ആരോപണത്തിൽ കഴമ്പില്ലെന്നും മറ്റാരും ഇതിൽ ഉൾപ്പെട്ടതിനു തെളിവില്ലെന്നുമാണു പൊലീസ് നിഗമനം. ആരോപണവിധേയർ കൊലപാതക സമയത്തു പുറത്താണെന്നതും പൊലീസ് കണക്കിലെടുത്തു.
പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികൾ പൊലീസിനു മുന്നിൽ നടത്തിയ വെളിപ്പെടുത്തലുകളുടെ നടുക്കത്തിലാണിപ്പോഴും ആയിരംകൊല്ലി. പിതാവ് ഉപേക്ഷിച്ചുപോയശേഷം മാതാവിനൊപ്പമാണ് കുട്ടികൾ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച ഉച്ചഭക്ഷണം തയാറാക്കുന്നതിനിടെ മുഹമ്മദ് മാതാവിനെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോഴാണ് കടുംകൈ ചെയ്യേണ്ടിവന്നതെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞത്.
നിലവിളി കേട്ടെത്തിയ പെൺകുട്ടികൾ സമീപത്തുണ്ടായിരുന്ന കോടാലികൊണ്ട് മുഹമ്മദിന്റെ തലക്കടിച്ചു. മരിച്ചു എന്നറിഞ്ഞതോടെ മൃതദേഹം ഒളിപ്പിക്കാനായി ശ്രമം. കത്തി ഉപയോഗിച്ച് വലതു കാൽമുട്ടിനു താഴെ മുറിച്ചുമാറ്റി. ശരീരത്തിന്റെ ബാക്കി ഭാഗം ചാക്കിലാക്കി വീടിനടുത്ത പൊട്ടക്കിണറ്റിൽ തള്ളി. മൃതദേഹം ചാക്കിലാക്കാൻ മാതാവും സഹായിച്ചു. ഇതിനുശേഷം മറ്റൊരിടത്ത് താമസിക്കുന്ന പിതാവിനെ ഇവർ വിവരം അറിയിച്ചു. തുടർന്നാണ് ഉച്ചക്കുശേഷം അമ്പലവയൽ പൊലീസ് സ്റ്റേഷനിലെത്തി കുറ്റം ഏറ്റുപറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ