ജൊഹന്നസ്ബർഗ്: എബിഡി യുഗത്തിന് വിരാമം. ഐപിഎൽ ഉൾപ്പടെ ക്രിക്കറ്റിൽ നിന്ന് സമ്പൂർണ വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ ബാറ്റിങ് ഇതിഹാസം എ ബി ഡിവില്ലിയേഴ്സ്.ട്വിറ്ററിലൂടെയാണ് മിസ്റ്റർ 360യുടെ പ്രഖ്യാപനം. 'അവിസ്മരണീയമായ യാത്രയായിരുന്നു ഇത്, എന്നാൽ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണ്' എന്നാണ് 37കാരനായ എബിഡിയുടെ വാക്കുകൾ.

ട്വിറ്ററിലൂടെയാണ് താരം വിരമിക്കൽ വാർത്ത പുറത്തുവിട്ടത്. 2018-ൽ കരിയറിൽ മികച്ച ഫോമിൽ നിൽക്കുന്ന സമയത്ത് ഡിവില്ലിയേഴ്സ് രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇപ്പോഴിതാ ഇനി ഫ്രാഞ്ചൈസി ക്രിക്കറ്റിലും താൻ ഉണ്ടായിരിക്കില്ലെന്ന് താരം വ്യക്തമാക്കി.
കളിച്ചിരുന്ന കാലത്ത് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിൽ നിന്നും ലഭിച്ച പിന്തുണയ്ക്ക് നന്ദിയറിയിക്കുന്നതായും താരം ട്വിറ്ററിൽ കുറിച്ചു. ഒപ്പം കളിച്ച എല്ലാ സഹതാരങ്ങൾക്കും എതിർ താരങ്ങൾക്കും പരിശീലകർക്കും ഫിസിയോ അടക്കമുള്ള എല്ലാ ജീവനക്കാർക്കും നന്ദിയറിയിക്കുന്നതായും ഡിവില്ലിയേഴ്സ് പറഞ്ഞു.

ഇതോടെ ഐപിഎൽ ഉൾപ്പടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റിൽ നിന്നും എ ബി ഡിവില്ലിയേഴ്സിന്റെ പടിയിറക്കം പൂർത്തിയായി. ഐപിഎല്ലിൽ 2011 മുതൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്നു. 10 സീസണുകളിലായി അഞ്ച് പ്ലേ ഓഫുകൾ ടീമിനൊപ്പം കളിച്ചു. ബംഗ്ലൂരിനായി 156 മത്സരങ്ങൾ കളിച്ചപ്പോൾ 4491 റൺസ് അടിച്ചുകൂട്ടി. വിരാട് കോലിക്ക് പിന്നിൽ ആർസിബിയുടെ ഉയർന്ന രണ്ടാമത്തെ റൺവേട്ടക്കാരനാണ്.

ആർസിബിക്ക് മുമ്പ് ഡൽഹി ഡെയർഡിവിൾസിലാണ് താരം കളിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഉയർന്ന ആറാമത്തെ റൺവേട്ടക്കാരൻ എന്ന റെക്കോർഡും എബിഡിക്ക് സ്വന്തം. ഐപിഎൽ കരിയറിലാകെ 184 മത്സരങ്ങളിൽ 5162 റൺസ് പേരിലെഴുതി. മുംബൈ ഇന്ത്യൻസിനെതിരെ 2015ൽ പുറത്താകാതെ നേടിയ 133* ആണ് ഉയർന്ന സ്‌കോർ. കരിയറിൽ നൽകിയ പിന്തുണയ്ക്ക് ആർസിബി മാനേജ്മെന്റിനും വിരാട് കോലിക്കും സഹതാരങ്ങൾക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും ആരാധകർക്കും എബിഡി നന്ദിയറിയിച്ചു.

114 ടെസ്റ്റിൽ നിന്ന് 50.66 ശരാശരിയിൽ 8765 റൺസ് നേടിയിട്ടുള്ള ഡിവില്ലിയേഴ്സ് 228 ഏകദിനങ്ങളിൽ നിന്ന് 9577 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. ടെസ്റ്റിൽ 22 സെഞ്ചുറികളും രണ്ട് ഇരട്ട സെഞ്ചുറികളും 46 അർധ സെഞ്ചുറികളും സ്വന്തമാക്കിയിട്ടുണ്ട്. ഏകദനത്തിൽ 25 സെഞ്ചുറികളും 53 അർധ സെഞ്ചുറികളുമുണ്ട്.

78 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 10 അർധ സെഞ്ചുറികളടക്കം 1672 റൺസെടുത്തിട്ടുണ്ട്. 184 ഐപിഎൽ മത്സരങ്ങളിൽ കളിച്ച താരം മൂന്ന് സെഞ്ചുറികളും 40 അർധ സെഞ്ചുറികളുമടക്കം 5162 റൺസെടുത്തിട്ടുണ്ട്.