- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവൻകുട്ടി; നാക്കുപിഴയിൽ വിദ്യാഭ്യാസ മന്ത്രിക്ക് വ്യാപക ട്രോൾ; ആർക്കെങ്കിലും ഉപകാരപ്പെടും എന്ന കമന്റോടെ ഇന്ത്യയുടെ മാപ്പ് അടക്കം 'വിവരങ്ങൾ' പങ്കുവച്ച് അബ്ദുറബ്
തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പത്രസമ്മേളനത്തിൽ പറ്റിയ അമളിയെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ പികെ അബ്ദുറബ്ബ്
ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേയെന്ന് ചോദിച്ച വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ ഉന്നമിട്ടാണ് മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും എണ്ണവും പേരുകളും എണ്ണിപ്പറഞ്ഞ് ശിവൻകുട്ടിയെ പരിഹസിച്ചാണ് അബ്ദുറബിന്റെ പ്രതികരണം. ആർക്കെങ്കിലും ഉപകാരപ്പെടുമെന്ന വാചകത്തോടെ ഇന്ത്യയുടെ ഭൂപടവും ഫേസ്ബുക്ക് കുറിപ്പിനൊപ്പം ചേർത്തിട്ടുണ്ട്.
സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണ ജോർജുമായി ചേർന്ന് തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ ഇന്ത്യയിൽ 35 സംസ്ഥാനങ്ങളുണ്ടോ എന്ന് മന്ത്രി ശിവൻകുട്ടി ഉദ്യോഗസ്ഥരോട് ചോദിച്ചത്. നിലവിൽ സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം ചോദിക്കുമ്പോഴായിരുന്നു മന്ത്രിയുടെ ഈ സംശയം.
ഇതിന്റെ വീഡിയോ വ്യാപകമായി ട്രോൾ ചെയ്യപ്പെട്ടപ്പോഴാണ് ഈ സംഭവത്തെ ട്രോളി മുൻ വിദ്യാഭ്യാസ മന്ത്രി പികെഅബ്ദുറബ്ബ് രംഗത്ത് എത്തിയത്. ഇന്ത്്യയിലെ 28 സംസ്ഥാനങ്ങളുടെയും, 8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും പേരുകൾ താഴെ കൊടുക്കുന്നു. ആർക്കെങ്കിലും ഉപകാരപ്പെടും എന്ന ക്യാപ്ഷനിൽ സംസ്ഥാനങ്ങളുടെ പേരും, കേന്ദ്രഭരണ പ്രദേശങ്ങളുടെ പേരുകളുമാണ് മുൻ മന്ത്രി നൽകിയിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ മാപ്പും ചേർത്തിട്ടുണ്ട്. വി ശിവൻകുട്ടിക്ക് ഒരു മറുപടി എന്ന നിലയിലാണ് ട്രോൾ എന്ന് വ്യക്തം
അതേ സമയം തന്നെ വിദ്യാഭ്യാസ മന്ത്രിയുടെ സംസ്ഥാനങ്ങളുടെ എണ്ണത്തെ ട്രോളി മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും രംഗത്ത് എത്തിയിട്ടുണ്ട്. അബ്ദുറബ്ബായിരുന്നേൽ ഒരു വിറ്റുണ്ടായിരുന്നു എന്ന് പരിഹസിച്ചാണ് മന്ത്രിയുടെ വാർത്ത സമ്മേളനത്തിന്റെ വീഡിയോ ദൃശ്യം പികെ ഫിറോസ് പങ്കുവച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയ ട്രോൾ ഗ്രൂപ്പുകളിലും മന്ത്രിയുടെ പരാമർശം വലിയതോതിൽ ട്രോളും ചർച്ചയും ആകുന്നുണ്ട്. മന്ത്രിക്കും 'സ്കൂൾ പ്രവേശനം' ആകാമെന്ന രീതിയിലുള്ള ട്രോളുകളാണ് വരുന്നത്. എന്നാൽ മന്ത്രി സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ചേർത്താണ് പറഞ്ഞത് എന്ന ന്യായീകരണമാണ് ഇടത് അണികൾ സോഷ്യൽ മീഡിയയിൽ നടത്തുന്നത്.
സംസ്ഥാനത്തെ സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി മാർഗരേഖ പുറത്തിറക്കാൻ വെള്ളിയാഴ്ച വിളിച്ച വാർത്താ സമ്മേളനത്തിനിടെയാണ് മന്ത്രി ശിവൻകുട്ടിക്ക് നാക്കുപിഴ സംഭവിച്ചത്. ഇതിനോടകം രാജ്യത്ത് സ്കൂളുകൾ തുറന്ന സംസ്ഥാനങ്ങളുടെ എണ്ണം പറയുന്നതിനിടെയാണ് മന്ത്രിക്ക് തെറ്റുപറ്റിയത്. ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ അല്ലേയെന്ന് മന്ത്രി സംശയത്തോടെ ഉദ്യോഗസ്ഥരോട് ചോദിക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ മറുപടി കിട്ടിയതോടെ, 23 സംസ്ഥാനങ്ങളിൽ സ്കൂളുകൾ തുറന്നുവെന്നും മന്ത്രി തിരുത്തി പറഞ്ഞിരുന്നു.
മന്ത്രിയുടെ നാക്കുപിഴയിൽ നിരവധി ട്രോളുകളും സോഷ്യൽ മീഡിയകളിൽ നിറയുന്നുണ്ട്.
അബ്ദുറബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഇന്ത്യയിലെ 28 സംസ്ഥാനങ്ങളുടെയും,
8 കേന്ദ്രഭരണ പ്രദേശങ്ങളുടെയും
പേരുകൾ താഴെ കൊടുക്കുന്നു..
ആർക്കെങ്കിലും ഉപകാരപ്പെടും.
സംസ്ഥാനങ്ങൾ :-
1 ആന്ധ്രാപ്രദേശ്
2 അരുണാചൽ പ്രദേശ്
3 ആസ്സാം
4 ബീഹാർ
5 ഛത്തീസ്ഗഢ്
6 ഗോവ
7 ഗുജറാത്ത്
8 ഹരിയാന
9 ഹിമാചൽ പ്രദേശ്
10 ജാർഖണ്ഡ്
11 കർണാടകം
12 കേരളം
13 മധ്യ പ്രദേശ്
14 മഹാരാഷ്ട്ര
15 മണിപ്പൂർ
16 മേഘാലയ
17 മിസോറം
18 നാഗാലാൻഡ്
19 ഒഡിഷ
20 പഞ്ചാബ്
21 രാജസ്ഥാൻ
22 സിക്കിം
23 തമിഴ്നാട്
24 തെലുങ്കാന
25 ത്രിപുര
26 ഉത്തർ പ്രദേശ്
27 ഉത്തരാഖണ്ഡ്
28 പശ്ചിമ ബംഗാൾ
കേന്ദ്രഭരണ പ്രദേശങ്ങൾ :-
1 ആൻഡമാൻ-നിക്കോബാർ
2 ചണ്ഡീഗഡ്
3 ദാദ്ര - നഗർ ഹവേലി, ദാമൻ-ദിയു
4 ഡൽഹി
5 ലക്ഷദ്വീപ്
6 പുതുശ്ശേരി
7 ജമ്മു & കശ്മിർ
8 ലഡാക്ക്
മറുനാടന് മലയാളി ബ്യൂറോ