കുവൈത്ത് സിറ്റി: കുവൈറ്റിൽ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായ മലയാളി യുവാവിന്റെ മൃതദേഹം കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് പേരാമ്പ്ര സ്വദേശി റാമിസ് അബ്ദു സലാമിന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ സുറ്രയിലെ ഷൈഖാൻ അൽ ഫാരിസി സെന്ററിനു പിറകു ഭാഗത്ത് മണ്ണിൽ പൂണ്ട നിലയിൽ കണ്ടെത്തിയ്ത്. മൺപരപ്പിൽ നിന്നും ഉയർന്നു നിൽക്കുന്ന നിലയിൽ മനുഷ്യന്റെ കൈ കണ്ട സ്വദേശി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സലാമിനെ കാണാതായത്. രാത്രി ഭക്ഷണം കഴിക്കാനായി അബൂ ഖലീഫയിലെ താമസ സ്ഥലത്ത് നിന്നും തൊട്ടടുത്ത ഹോട്ടലിൽ പോയ റമീസ് പിന്നീട് ഫ്‌ലാറ്റിൽ തിരികെ എത്തിയിരുന്നില്ല . ഇതേ തുടർന്ന് റമീസിന്റെ ബന്ധുക്കൾ പൊലീസിലും ഇന്ത്യൻ എംബസിയിലും പരാതി നൽകിയിരുന്നു. അഹമദിയിലെ ഓ. ആൻഡ് .ജി. കമ്പനിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയ റമീസ് 2 മാസം മുമ്പാണ് കുവൈത്തിൽ എത്തിയത്. റമീസ് താമസിച്ചിരുന്ന അബൂ ഖലീഫയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

മൃതദേഹം കുവൈറ്റിിലുള്ള ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തീകരിച്ച് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.