കോഴിക്കോട്: ഫറൂഖ് കോളേജിലെ അദ്ധ്യാപകനെ എതിർക്കുകയും ഇസ്ലാമിക വിരുദ്ധ പൊതുബോധത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂത്ത് ലീഗ് പി.കെ ഫിറോസിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇകെ വിഭാഗം നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്. സ് എഫ് ഐ ഉൾപ്പെടെ മുസ്ലിം സ്വത്വത്തോട് എന്നും ഓക്കാനമുള്ളവർക്ക് ഊക്ക് നൽകുന്നതായിപ്പോയി ഈ നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഹമീദ് ഫൈസിയുടെ പ്രതികരണം

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇവരെ ഇനിയും കയറൂരി വിടരുത്

മുസ്ലിം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾക്കിടയിൽ വളർന്നു വരുന്ന ഫാഷൻ ഭ്രമത്തിനെതിരെ മുജാഹിദ് വിഭാഗം പ്രഭാഷകനും അദ്ധ്യാപകനുമായ ജൗഹർ മുനവ്വർ നടത്തിയ പ്രഭാഷണ ഭാഗം ദുർവ്യാഖ്യാനിച്ച് ഇസ്ലാമിന്റെ സ്ത്രീ പക്ഷ നിലപാടിനെ പ്രതിക്കൂട്ടിലാക്കുകയും അതിന്റെ പേരിൽ അദ്ധ്യാപകനെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന കപട ലിബറൽ മതേതര ബോധത്തോട് ഐക്യധാര്ട്യം പ്രഖ്യാപിച്ച യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ സമീപനം തികച്ചും പ്രതിഷേധാർഹമാണ്.

കാമ്പസുകളിൽ നടക്കുന്ന ആഭാസകരമായ ന്യൂജനറേഷൻ ആൺ-പെണ് ബന്ധത്തിന്റെ പാശ്ചാത്തലത്തിൽ ഖുർആൻ സൂക്തങ്ങൾ ഉദ്ധരിച്ചു മാന്യമായി വസ്ത്രം ധരിക്കാൻ ഉപദേശിക്കുന്ന നിഷ്‌കളങ്കമായ ഒരു ഉപമാലങ്കാര പ്രയോഗത്തെ ഭാവനാ രഹിതമായി വളച്ചൊടിച്ച് അദ്ധ്യാപകൻ പറഞ്ഞത് കടുത്ത അശ്ലീലവും തികഞ്ഞ സ്ത്രീ വിരുദ്ധവുമെന്ന നിലയിൽ വ്യാഖ്യാനിക്കുകയും അത് വഴി ഇസ്ലാമിക വിരുദ്ധ പൊതുബോധത്തെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന യൂത്ത് ലീഗ് നേതാവിന്റെ നിലപാട് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. എസ് എഫ് ഐ ഉൾപ്പെടെ മുസ്ലിം സ്വത്വത്തോട് എന്നും ഓക്കാനമുള്ളവർക്ക് ഊക്ക് നൽകുന്നതായിപ്പോയി ഈ നിലപാട്

വിദ്യാർത്ഥികൾക്കിടയിലെ അധാർമ്മിക പ്രവണത തടയാനുള്ള കാമ്പസ് നിയന്ത്രണങ്ങൾ ചവിട്ടിപ്പൊളിക്കണമെന്ന അനിയന്മാരോടും അനിയത്തിമാരോടുമുള്ള നജീബ് കാന്തപുരത്തിന്റെ ആഹ്വാനവും ശരീഅത്തിനോടുള്ള വെല്ലുവിളിയാണ്. അദ്ധ്യാപകർക്ക് മുമ്പിൽ പേടിച്ച് മൂത്രമൊഴിക്കേണ്ട എൽ കെ ജി കുട്ടികളല്ല നിങ്ങൾ എന്ന് പറഞ്ഞു അവരെ ധിക്കാരികളാക്കാൻ പ്രോത്സാഹിപ്പിക്കുന്ന യൂത്ത് നേതാവിന്റെ കുറിപ്പ് അച്ചടക്കവും വിദ്യാഭ്യാസവുമുള്ള അഭിമാനകരമായ ഒരു തലമുറയെ സ്വപനം കണ്ട സാത്വികരായ മണ്മറഞ്ഞ നേതാക്കളുടെ ചെകിടത്തടിയാണ്.മതേതര പൊതുബോധത്തിനു മുമ്പിൽ മതം പറയാൻ അപകർഷതയുള്ള ഈ നേതൃനിര തീർത്തും ആശങ്കപ്പെടുത്തുന്നു.

പി.കെ ഫിറോസ് ഇതാദ്യമായല്ല മത നിയമങ്ങൾക്കും അതിന്റെ പ്രയോഗങ്ങൾക്കുമെതിരെ ഒളിയമ്പ് എയ്ത് മാറി നിന്ന് സ്വന്തം അണികളെ തന്നെ പരിഹസിക്കുന്നത്. ഡൽഹിയിലെ 'നിർഭയ' പെൺകുട്ടി ബലാൽസംഗത്തിനു വിധേയമായി കൊല്ലപ്പെട്ടു രാജ്യത്ത് കടുത്ത പ്രതിഷേധം ഉയര്ന്നപ്പോൾ മുഖ്യധാരാ മാധ്യമങ്ങളും ബുദ്ധിജീവികളും വരെ മാന്യമായ വസ്ത്രവും സ്വയം അച്ചടക്കവും പാലിച്ച് സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമം നേരിടാമെന്ന വ്യത്യസ്തവും മതാഭിപ്രായത്തോട് ചേർന്നു നിൽക്കുന്നതുമായ അഭിപ്രായമുയർത്തിയ സാഹചര്യത്തിൽ പോലും എം ഇ എസ് കോഴിക്കോട് സംഘടിപ്പിച്ച ഒരു സെമിനാറിൽ, ഡൽഹിയിൽ ആണും പെണ്ണും സ്വതന്ത്രമായി ഇടപെടുന്നത് പോലെ കംബാർമെന്റലൈസ് ചെയ്യാതെ അവരെ വളർത്തണമെന്ന തീർത്തും ഇസ്ലാമിക വിരുദ്ധമായ ആധുനിക ഫെമിനിസ്റ്റ് വാദം ഉന്നയിക്കുകയായിരുന്നു ഫിറോസ്.

പലപ്പോഴായി ഉയർന്ന വന്ന സാമുദായിക വിഷയങ്ങളിലെല്ലാം ചില യൂത്ത് ലീഗ് നേതാക്കളുടെ സമീപനങ്ങൾ വ്യത്യസ്തമായിരുന്നില്ല. ഹാദിയ വിഷയം ചർച്ചയാവുകയും വീട്ടു തടങ്കലിലിട്ടു അവരുടെ മനുഷ്യാവകാശം പോലും നിഷേധിക്കുകയും ചെയ്തപ്പോൾ സാംസ്‌കാരിക കേരളം അവർക്ക് വേണ്ടി വാദിച്ച സന്ദര്ഭത്തിൽ പോലും ഹാദിയയെ പീഡിപ്പിക്കുകയും സംഘ പരിവാരത്തിന്റെ 'മൗത്ത് പീസാ'യി നില്ക്കുകയും ചെയ്ത ഹാദിയയുടെ അച്ചന്റെ വേദനയെ പറ്റി ഉറക്കെ സംസാരിക്കുകയായിരുന്നു ഈ യുവ തുർക്കി . ഹാദിയയെ 'അഖില'യെന്നു സാംബോധന ചെയ്ത് സംഘ പരിവാരം കൂടി ഉൾകൊള്ളുന്ന ഇസ്ലാമിക വിരുദ്ധ ചേരിയെ അന്ന് ഇയാൾ കണക്കറ്റു സന്തോഷിപ്പിച്ചു.

കുറച്ച് മുമ്പ് മാതൃഭൂമി പത്രം സ്ത്രീ ചേലാ കർമ്മത്തിനെതിരെ മുസ്ലിം വികാരം വ്രണപ്പെടുത്താൻ കരുതിക്കൂട്ടി ഒരുക്കിയ കെണിയിലേക്ക് സ്വയം എടുത്ത് ചാടി , ശരീഅത്തിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരെ പ്രാകൃതമെന്ന പൊതു പ്രചാരണത്തെ സാധൂകരിക്കാൻ സഹായിക്കും വിധം ചേലാകർമ്മ കേന്ദ്രത്തിന്റെ വാതിൽ താഴിട്ട് പൂട്ടാൻ ഇതേ യൂത്ത് നേതാവ് നേതൃപരമായി ഇടപെട്ടതും മറക്കാനായിട്ടില്ല.

രാജ്യത്ത് മുത്തലാഖ് നിരോധിക്കാൻ സംഘു പരിവാരം ഗവന്മേന്റ്റ് മെഷിനറിയുടെ പൂർണ്ണ പിന്തുണയോടെ മുറവിളി നടത്തുകയും പൊതു അഭിപ്രായം രൂപപ്പെടുത്തി പരമോന്നത് കോടതിയുടെ പോലും വിധിയെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്ത സാഹചര്യത്തിൽ യൂത്ത് ലീഗ് നേതാവ് ഫാത്തിമ തഹ്ലിയ മുത്തലാഖ നിരോധിക്കേണ്ടതാണെന്ന സമ്ഘ പരിവാര വാദം പരസ്യമായി ഉന്നയിച്ചതും ഇതോടൊപ്പം തന്നെ ചേർത്ത് വായിക്കേണ്ടതാണ്.

വിവാഹ പ്രായ വിഷയത്തിൽ മുസ്ലിം സംഘടനകൾ ഒന്നിച്ചു എടുത്ത തീരുമാനത്തെ പോലും പരിഹസിച്ചു ലേഖനം എഴുതിയതും മുസ്ലിം സംഘടനാ നെത്രുത്വത്തിന്റെ യാഥാസ്ഥിതികത്വത്തെ പരിഹസിച്ച് ചാനലുകളിൽ നിറഞ്ഞാടിയതും ഇതേ യൂത്ത് നേതൃത്വമാണ്. എം എസ് എഫിൽ പര്ദ്ധയ്ക്ക് സ്ഥാനമില്ലെന്ന അനാവശ്യ വിവാദം സൃഷ്ടിച്ചതും ഓർമ്മിക്കുക. കൊല്ലത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന, ആർക്കും എതിർപ്പില്ലാത്ത നബിദിന ഘോഷ യാത്രയെ പോലും വിമർശിച്ചും പ്രഭാത നേരത്ത് കർണ്ണാനന്ദകരമായി നടത്തുന്ന മൗലൂദ് പാരായണത്തെ കർണ്ണ കടോരമായ ഡെസിബൽ ശബ്ദകോലാഹലത്തോട് ചേർത്ത് വെച്ച് പരിഹസിച്ചും ഇതേ യൂത്ത് നേതൃത്വം സമുദായത്തെ മുമ്പ് ഞെട്ടിച്ചിട്ടുണ്ട്.

മുസ്ലിം ലീഗ് വേദികളിൽ (വനിതാ ലീഗ് യോഗത്തിലല്ല) സ്ത്രീകളെ പങ്കെടുപ്പിക്കുന്നതും പ്രവാസി സംഘടനകൾ വനിതകളുടെ മൈലാഞ്ചിക്കൈകൾ നോക്കി മാർക്ക് ഇടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും സിനിമാറ്റിക് സംഗീത നിശ സംഘടിപ്പിക്കുന്നതും യുവ തുർക്കികളുടെ ഇതേ മത വിരുദ്ധ മനോഭാവത്തിന്റെ കണ്ണാടിയായി തന്നെ കാണണം. ഫാത്തിമ തഹ്ലിയ ഇപ്പോൾ പല ലീഗ് വേദിയിലെയും സ്ഥിരം ക്ഷണിതാവുമാണ്.കുറച്ചു മുമ്പ് അബ്ദുസ്സമദ് പൂക്കൂട്ടോർ പൊതുവേദിയിലെ സ്ത്രീ സാന്നിധ്യത്തിനെതിരെ പരസ്യമായി പ്രതികരിച്ചപ്പോൾ ഇതേ യൂത്ത് നേതൃത്വം ക്രൂരമായി പരിഹസിച്ചിട്ടുണ്ട്. മായിൻ ഹാജിക്കും ഉപദേശിച്ചതിന്റെ പേരിൽ ഇവരുടെ ചാട്ടവാർ പ്രഹരമേറ്റിരുന്നു

സ്വന്തം പാർട്ടിയുടെ പ്രത്യശാസ്ത്രത്തെ ഇടവും വലവും നോക്കാതെ രാഷ്ട്രീയമായും ബൗദ്ധികമായും പ്രതിരോധിക്കുന്ന ഇടത് പക്ഷ വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളുടെയെങ്കിലും നിലവാരമോ കൂറോ പ്രകടിപ്പിക്കാതെ, വിശ്വാസം പരമപ്രധാനമായ ഒരു സമുദായം പ്രതിരോധത്തിലാകുമ്പോഴോക്കെ കൃത്യവും ചടുലവുമായ നിലപാടുകൾ കൊണ്ട് ധിഷണാ പരമായ നേതൃത്വം നൽകുന്നതിന് പകരം അവരെ കൂടുതൽ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിടുന്ന ഈ സമീപനം ചില യൂത്ത് ലീഗ് നേതാക്കൾ ഇനിയെങ്കിലും അവസാനിപ്പിക്കേണ്ടതാണ്.

മുഖ്യധാര മുസ്ലിം രാഷ്ട്രീയത്തോട് എക്കാലവും ചേർന്ന് നിന്ന് പോകുന്ന സമസ്തയെയും അതിന്റെ നേതൃത്വത്തെയും പരിഹസിക്കുന്നതും യൂത്ത് ലീഗിലെ ചിലർ ഒരു ഹരമായി കാണുന്നത് പോലെ അനുഭവപ്പെട്ടിട്ടുണ്ട്.ബഹുഭൂരിപക്ഷം സുന്നികളുള്ള ഒരു രാഷ്ട്രീയ സംഘടനയെ എല്ലാവരുടെതുമെന്ന ബാലിശ വാദം ഉയർത്തി സംഘടനാ പ്ലാറ്റ് ഫോം വഴി നവീന വാദവും അതിന്റെ പ്രയോഗവും അടിച്ചേൽപ്പിക്കാനുള്ള ശ്രമം യൂത്ത് നേത്രുത്വത്തിലെ ചിലരിൽ നിന്ന് പലപ്പോഴുമുണ്ടായി. പാണക്കാട് തങ്ങളെ പോലും ധിക്കരിച്ചു ശരീഅത്തിനു വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്സിറ്റി കാമ്പസിൽ ജുമുഅ നടത്തിയതും അത് നിയമവിരുദ്ധമാണെന്ന ചെറുശ്ശേരി ഉസ്താദിന്റെ തീരുമാനത്തെ പുച്ചിച്ചു തള്ളിയതും ഉദാഹരണം മാത്രമാണ്.

യൂത്ത് ലീഗിന്റെയും എം എസ് ഫിന്റെയും എക്സിക്യൂട്ടീവ് ക്യാമ്പുകളിൽ സമസ്തയ്ക്കെതിരെ പ്രചാരണം നടത്തിയും മത മേലാളന്മാർക്ക് കീഴോതുങ്ങരുത് എന്ന് പ്രമേയം പാസ്സാക്കിയും , വളർന്നു വരുന്ന ഒരു തലമുറയെ തന്നെ വലിയൊരു വിഭാഗം പണ്ഡിതന്മാർക്കെതിരെ തിരിച്ചു വിടാനുള്ള ശ്രമവും ചിലർ ബോധപൂർവ്വം തന്നെ നടത്തി.കുറച്ചു മുമ്പ് മലപ്പുറം മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റിന്റെ പേരിൽ വന്ന സോഷ്യൽ മീഡിയാ കുറിപ്പിൽ 'അമ്പലക്കള്ളൻ' എന്നും 'കാടൻ അത്താഴി' എന്നും എസ് വൈ എസ് നേതാക്കൾക്കെതിരെ കടുത്ത നിന്ദാ വാക്കുകൾ വന്നത് സൗഹൃദ ത്തോടെ കഴിഞ്ഞ ഉലമാ-ഉമറാ ബന്ധത്തെ വഷളാക്കാൻ ചിലർ നടത്തിയ ഗൂഡ ശ്രമങ്ങൾ വിജയിക്കുന്നതിന്റെ സൂചനയാണ്.

മതവിരുദ്ധമായി പ്രതികരിക്കുന്ന യൂത്ത് നേതാക്കളുടെ അതിർ ലംഘനത്തെ സമയാസമയം മുഖം നോക്കാതെ എതിർക്കുന്ന 'തെറ്റ'ല്ലാതെ സമസ്തയുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനവും അതിന്റെ നേതാക്കളും ഒരിക്കലും നടത്തിയിട്ടില്ല.പക്ഷെ അതിന്റെ പേരിൽ, തങ്ങൾക്ക് പറ്റിയ അബദ്ധം തിരുത്തുന്നതിനു പകരം 'മുല്ലാ പൊളിറ്റിക്സ്' എന്നും ലീഗ് വിരുദ്ധതയെന്നും ആക്ഷേപിച്ചു അവരെ ചാപ്പകുത്തി മാറ്റാനാണ് യുവ നേതാക്കൾ എന്നും ശ്രമിച്ചത്.

പക്ഷെ പുതിയ വിവാദത്തിലൂടെ ഒരു കാര്യം വ്യക്തമാണ്.നിരന്തരം ഇസ്ലാമിനെ പ്രതിസ്ഥാനത്ത് നിർത്തി , അതിന്റെ ആശയധാരയുടെ കാലാതിവർത്തിയായ അര്ഹതയെ വരികൾക്കിടയിലൂടെയും നിലപാടുകളിലൂടെയും ചോദ്യം ചെയ്ത് കമ്യൂണിസ്റ്റ്-കമ്യൂണലിസ്റ്റ് പ്രഭ്രുതികളെ സുഖിപ്പിച്ച് കണ്ടം ചാടാൻ തക്കം പാര്ത്തിരിക്കുന്നവരെ സമസ്ത യുവ വിഭാഗം മാത്രമല്ല, മത ബോധമുള്ള വലിയൊരു ജനത തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു.

സമുദായ രാഷ്ട്രീയത്തിന്റെ നേത്രുസ്ഥാനത്ത് ഇരിക്കുന്ന ആദരണീയ നേതാക്കളോട് ഇത്രയേ പറയാനുള്ളൂ. ഇസ്ലാമിക വിരുദ്ധതയുടെ വിഷം വമിപ്പിക്കുന്ന ഈ ഒറ്റുകാരെ ഇനിയും കയറൂരി വിടുകയാണെങ്കിൽ അനുഭവിക്കുക മുസ്ലിം കേരളം മൊത്തത്തിലാണ്. മുസ്ലിം സ്വത്വ രാഷ്ട്രീയത്തിനു അഭിമാനകരമായ സംഭാവന നൽകിയ മുസ്ലിം സാമുദായിക രാഷ്ട്രീയത്തിനു പിന്നെ അഭിമാനിക്കാനായി മടിശ്ശീലയിൽ ഒന്നും അവശേഷിക്കില്ല.

ഗുണകാംക്ഷയോടെ,

1)അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്
2)മുസ്തഫ മാസ്റ്റർ മുണ്ടുപാറ
3)എംപി കടുങ്ങല്ലൂർ
4)ബശീർ ഫൈസി ദേശമംഗലം
5)അഹ്മദ് തേർളായി
6)എ.എം പരീത് എറണാകുളം
7)ഇബ്രാഹിം ഫൈസി പേരാൽ