- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാഴ്ച നഷ്ടപ്പെട്ട കണ്ണുകൾ... നിവരാത്ത നട്ടെല്ല്... വായും വയറും നിറയെ വ്രണങ്ങൾ... ഈ കൊടും ക്രൂരതയ്ക്ക് കൂട്ടു നിന്നവർക്കൊക്കെ ദൈവത്തിന്റെ കോടതിയിൽ ശിക്ഷ ലഭിക്കട്ടെ
അബ്ദുൾ നാസർ മദനി ഇന്ത്യൻ നിയമപുസ്തകത്തിൽ കൊടും ഭീകരനാണ്. എന്നാൽ മദനി ചെയ്ത ഭീകരത എന്തെന്ന് തെളിവുകളോടെ പറയാൻ ഒന്നര പതിറ്റാണ്ടായിട്ടും ഈ നിയമ വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല. കോയമ്പത്തൂർ നടന്ന ബോംബു സ്‌ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട മദനി ഒരു ദശകമാണ് ജയിലിൽ കിടന്നത്. വിചാരണ ഇല്ലാതെ ഇങ്ങനെ ഒരു ഇന്ത്യൻ പൗരനെ ജയിലിൽ അടയ്ക്കുന്നത് അനീത
അബ്ദുൾ നാസർ മദനി ഇന്ത്യൻ നിയമപുസ്തകത്തിൽ കൊടും ഭീകരനാണ്. എന്നാൽ മദനി ചെയ്ത ഭീകരത എന്തെന്ന് തെളിവുകളോടെ പറയാൻ ഒന്നര പതിറ്റാണ്ടായിട്ടും ഈ നിയമ വ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല. കോയമ്പത്തൂർ നടന്ന ബോംബു സ്‌ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട മദനി ഒരു ദശകമാണ് ജയിലിൽ കിടന്നത്. വിചാരണ ഇല്ലാതെ ഇങ്ങനെ ഒരു ഇന്ത്യൻ പൗരനെ ജയിലിൽ അടയ്ക്കുന്നത് അനീതിയാണെന്ന് ഒടുവിൽ കോടതിക്ക് ബോധ്യമായപ്പോൾ അദ്ദേഹത്തിനെ വിട്ടയച്ചു. എന്നാൽ ഏറെ വൈകാതെ മറ്റൊരു ബോബ് സ്‌ഫോടന കേസിൽ വീണ്ടും അറസ്റ്റിലായി. രണ്ടര വർഷമായി വിചാരണയില്ലാതെയും ജാമ്യം ഇല്ലാതെയും മദനി ജയിലിൽ കിടക്കുന്നു.
ഇപ്പോൾ ജയിലിൽ നിന്നുള്ള റിപ്പോർട്ടുകൾ അനുസരിച്ച് അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലാണ്. ജയിൽ സന്ദർശിച്ച കേരളാ കൗമുദി ലേഖകൻ മദനിയെക്കുറിച്ച് ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തിൽ നിന്നും എടുത്തെഴുതിയതാണ് ഈ തലക്കെട്ടിൽ പറഞ്ഞിരിക്കുന്ന വിശേഷണങ്ങൾ. ബാംഗ്‌ളൂർ പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിൽ 24 മണിക്കൂറും പ്രകാശിക്കുന്ന 600 വാട്ട് ബൾബിന്റേയും ചുറ്റിലുമുള്ള കാമറകളുടേയും നടുവിൽ ജീവച്ഛവം പോലെ കഴിയുകയാണ് ഒരു കാലത്ത് കേരളത്തിന്റെ ഗർജ്ജിക്കുന്ന സിംഹം ആയി അറിയപ്പെട്ടിരുന്ന നേതാവ് അബ്ദുൾ നാസർ മദനി. കാൽവിരൽ മുതൽ ശിരസുവരെ മാരകരോഗങ്ങളാണ് മദനിയെ വേട്ടയാടുന്നത്. നട്ടെല്ലു പോലും നിവരാതെ, വായും വയറും നിറയെ വ്രണങ്ങളുമായി അദ്ദേഹം ദിനങ്ങൾ തള്ളിനീക്കുന്നു.
- അതീവ ഗുരുതരാവസ്ഥയിലും ആരെയും കുറ്റപ്പെടുത്താതെ അള്ളാഹുവിൽ വിശ്വാസമർപ്പിച്ച് മദനി
ആരും തുറന്നു പറയുന്നില്ലെങ്കിലും മദനിയെ സന്ദർശിച്ചു മടങ്ങിയവർ കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ കാതിൽ മന്ത്രിച്ചു- ഇനി ഈ മനുഷ്യന് അധികം ആയുസ്സ് ബാക്കിയില്ല. ഒരു വിഭാഗം ജനതയുടെ മനസ്സിൽ പതിഞ്ഞുപോയ വിഗ്രഹമായി മാറിയ മദനിയുടെ മരണം ഉണ്ടാക്കുന്ന രാഷ്ട്രീയ പ്രത്യാഘാതം നന്നായി മനസ്സിലാക്കിയ രാഷ്ട്രീയ പാർട്ടികൾ ഉടൻ തന്നെ മദനിക്കു വേണ്ടി രംഗത്ത് ഇറങ്ങി. ഇടത്- വലത് വ്യത്യാസമില്ലാതെ ഇവർ പ്രസ്താവനയിറക്കി. മരണമടഞ്ഞ മദനി ജീവിച്ചിരിക്കുന്ന മദനിയെക്കാൾ ശക്തനാണ് എന്ന തിരിച്ചറിവു കൊണ്ട് ആ രോഷാഗ്നി തങ്ങളുടെ മേൽ പതിക്കാതിരിക്കാൻ വേണ്ടി മാത്രമാണ് ഈ നേതാക്കൾ ഇപ്പോൾ ഈ കപട വേഷം കെട്ടുന്നത്. മദനിയെ ജയിലിലാക്കാൻ മൗന സമ്മതം നൽകുകയും ആവശ്യമായ അണിയറ ജോലികൾ പൂർത്തിയാക്കുകയും ചെയ്തവരാണ് ഈ രാഷ്ട്രീയ പാർട്ടി നേതാക്കൾ എല്ലാവരും.
എക്കാലവും കേരളാ രാഷ്ട്രീയത്തിൽ അതീവ ശക്തരായ മുസ്ലീം ലീഗിനാണ് ഈ ഇരട്ടത്താപ്പിനുള്ള ആദ്യ കിരീടം നൽകേണ്ടത്. കോൺഗ്രസ്സിലേയും സിപിഎമ്മിലേയും നേതാക്കൾ ഇക്കാര്യത്തിൽ വ്യത്യസ്തരല്ല. വിഎം സുധീരൻ മാത്രമായിരുന്നു ആദ്യം മുതൽ വിചാരണ ഇല്ലാത്ത ഈ ജയിൽ വാസത്തിനെതിരെ ആത്മാർത്ഥമായ നിലപാട് എടുത്ത ഏക നേതാവ്. മദനി മരിക്കുമ്പോൾ ആ കണ്ണുനീർ തങ്ങളുടെ മേൽ വീഴാതിരിക്കാൻ ഇരട്ട വേഷം കെട്ടുന്ന കേരളത്തിലെ നേതാക്കളെ നിങ്ങൾ ആ മനുഷ്യനെ ജയിലിൽ നിന്നിറക്കാൻ എന്ത് ചെയ്തു? നിങ്ങൾ എത്ര തുടച്ചു നീക്കാൻ ശ്രമിച്ചാലും ഈ മനുഷ്യന്റെ കണ്ണുനീർ ഇടിത്തീ പോലെ നിങ്ങളുടെയൊക്കെ തലയിൽ തന്നെ പതിക്കും. ഒരു സംശയവും വേണ്ട.
ബാബറി മസ്ജിദ് തകർന്ന സമയത്ത് മദനി നടത്തിയ വികാരഭരിതമായ പ്രസംഗങ്ങൾ ഇന്ത്യയിൽ മതേതരത്വം വാഴാൻ ആഗ്രഹിക്കുന്നവർക്ക് നൊമ്പരം ഉണ്ടാക്കി എന്നത് സത്യം തന്നെ. എന്നാൽ ബാബറി മസ്ജിദിന്റെ തകർച്ച എന്ന ഭീകരതയുമായി താരതമ്യം ചെയ്യുമ്പോൾ അതൊരു വലിയ വിഷയമായി കരുതേണ്ടതില്ലായിരുന്നു. തുടർന്ന് മുസ്ലീം ജനവിഭാഗത്തിനിടയിൽ മദനിക്കുണ്ടായ സ്വീകാര്യതയാണ് ആ സമുദായത്തിന്റെ കുത്തകാവകാശികളായി കരുതുന്ന ചിലരെ ചൊടിപ്പിച്ചത്. അതിന് അവർ നടത്തിയ കുടിലതയായിരുന്നു മദനിയുടെ ജീവിത ദുരന്തത്തിന്റെ പശ്ചാത്തലം. മദനിയുടെ ജയിൽ ജീവിതത്തിന് സംഘപരിവാറിനെ കുറ്റം പറയുന്നവർ മറന്നു പോകുന്നത് ഈ സത്യമാണ്. അവരുടെ താത്ക്കാലികമായ ലാഭം ഒരു മനുഷ്യന്റെ ജീവിത്തിന് അതിദാരുണമായി വേട്ടയാടിയിട്ടും ആരും തിരിഞ്ഞു നോക്കിയില്ല എന്ന കപടതയാണ് നമ്മൾ കണ്ടത്. പൊലീസ് ആരോപിക്കുന്നതു പോലെ മദനി ബോംബ് സ്‌ഫോടനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരൻ ആണെങ്കിൽ എന്തുകൊണ്ട് വിചാരണ ചെയ്ത് തൂക്കുകയർ വിധിച്ചു കൂടാ. കസബിനെ തൂക്കിലേറ്റാൻ നാലു വർഷം മാത്രമേ നമുക്ക് വേണ്ടി വന്നുള്ളൂ എന്ന് മറക്കരുത്. അതിനർത്ഥം കോടതിയിൽ ഹാജരാക്കാൻ കള്ള സാക്ഷികളും കടലാസ് തെളിവുകളും അല്ലാതെ യാതൊന്നും പൊലീസിന്റെ കയ്യിൽ ഇല്ല എന്നുതന്നെയാണ്. കണ്ണു കാണാതെയും ശരീരം അനക്കാതെയും ഇനിയും ഈ മനുഷ്യന് ഭീകരവൃത്തി ചെയ്യാൻ കഴിയുമോ? മനുഷ്യത്വം എന്നത് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ ഇയാളെ ജാമ്യത്തിൽ ഇറക്കി ചികിത്സിക്കാനുള്ള ഉത്തരവാദിത്തം നമ്മുടെ രാഷ്ട്രീയക്കാർക്കും നീതിപീഠത്തിനും ഉണ്ട്.
പത്തു വർഷത്തോളം വിചാരണ തടവുകാരനായി സൂക്ഷിച്ച ഒരാളെ മറ്റൊരു കേസിന്റെ പേരിൽ അറസ്റ്റ് ചെയ്ത് വീണ്ടും രണ്ടരക്കൊല്ലം സൂക്ഷിച്ചിട്ടും ഇത് അന്യായമാണ് എന്ന തോന്നൽ നമ്മുടെ നീതിപീഠങ്ങൾക്ക് ഉണ്ടാവാത്തതാണ് അതിലേറെ കഷ്ടം. ഏത് നിയമത്തിന്റെ പേരിലാണ് ഇങ്ങനെ ഒരാളെ പീഡിപ്പിക്കാൻ കഴിയുന്നത്. ഇനി അയാൾ അഥവാ കൊടുഭീകരൻ ആണെങ്കിൽ പോലുംവിചാരണ ഇല്ലാതെ ഒരാളെ ക്രൂരമായി വേട്ടയാടുന്നത് എന്തു തരം നിയമ വ്യവസ്ഥയുടെ ഭാഗമാണ്? മദനി എന്ന മനുഷ്യൻ അനുഭവിക്കുന്ന വേദനയും നീതി നിഷേധവും മദനിയെക്കാൾ വേദനിപ്പിക്കുന്നത് ഇന്ത്യ എന്ന നമ്മുടെ മഹത്തായ രാജ്യത്തെയാണ്. ഒരു പൗരന്റെ അടിസ്ഥാനപരമായ അവകാശം പോലും കാത്തു സൂക്ഷിക്കാൻ കഴിയാത്ത നിയമവ്യവസ്ഥയെക്കുറിച്ച് മറ്റുള്ളവർ എന്തുചിന്തിക്കും?
ആരെല്ലാം മറച്ചുവയ്ക്കാൻ ശ്രമിച്ചാലും മദനി മരണത്തിന്റെ വക്കിൽ തന്നെയാണ് എന്ന സത്യം ആർക്കും നിഷേധിക്കാൻ പറ്റില്ല. മദനിയെ രോഗിയാക്കിയതും കൊല്ലാക്കൊല ചെയ്യിക്കുന്നതും ഇവിടുത്തെ നിയമവ്യവസ്ഥയും രാഷ്ട്രീയ നേതൃത്വവും ചേർന്നാണ്. മദനിയെ ചികിത്സിക്കാൻ ഏർപ്പാടാക്കിയ ഡോക്ടർ അവധിയിൽ പോയപ്പോൾ മദനിക്ക് സമ്പൂർണ്ണമായി ചികിത്സ നിഷേധിച്ചു എന്നു കേട്ടാൽ ആരാണ് മൂക്കത്ത് വിരൽ വയ്ക്കാത്തത്. 600 വാട്ട് ബൾബിന്റെ പ്രകാശത്തിലാണ് രണ്ടരക്കൊല്ലമായി ഒരു ഇടുങ്ങിയ മുറിയിൽ രോഗിയായ ഈ മനുഷ്യൻ കഴിയുന്നത്. ഇതു തന്നെയാണ് മദനിയുടെ കാഴ്ച ഇല്ലാതാക്കിയത്. ഒരു കണ്ണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ട മദനിക്ക് രണ്ടാമത്തെ കണ്ണിൽ ഇനി അവശേഷിക്കുന്നത് പത്തു ശതമാനം മാത്രം കാഴ്ചയാണ്. മക്കളെപ്പോലും തിരിച്ചറിയാൻ മദനിക്ക് കഴിയുന്നില്ല എന്നാണ് റിപ്പോർട്ട്. മുട്ടിനു താഴെ മുറിച്ചുമാറ്റിയ വലതുകാലിന്റെ സ്പർശന ശേഷി പൂർണമായി നഷ്ടമായി. ഇടതുകാലിൽ നീരുവന്ന് വീർത്ത് സ്പർശനശേഷി കുറയുന്നുമുണ്ട്. കാലിനും കൈകൾക്കും ശരീരഭാഗങ്ങളിലും നീരുവന്ന് വീർക്കുന്നത് വൃക്ക സംബന്ധമായ തകരാറു മൂലമാണ്. ഇത് സ്ഥിരീകരിക്കാൻ നടത്തിയ രക്തപരിശോധനയുടെ ഫലം ആഴ്ചകൾക്കു ശേഷവും കിട്ടിയില്ല. തുടർച്ചയായി ശക്തമായ നെഞ്ചുവേദന അനുഭവപ്പെടാറുള്ളതായി മദനി പറയുന്നു. വലതുകാലിലുള്ള കൃത്രിമകാൽ തേഞ്ഞുതീർന്നതിനാൽ രണ്ടു കാലുകളും ഒരേക്രമത്തിൽ ഉറപ്പിക്കാനാവില്ല. ഈ വ്യത്യാസം നട്ടെല്ലിനെ ബാധിച്ചു. നട്ടെല്ലിലെ കശേരുക്കൾ ക്രമം തെറ്റുകയും തേഞ്ഞുപോവുകയും ചെയ്തതിനാൽ സർജിക്കൽ സ്‌പോണ്ടുലോസിസ് എന്ന രോഗം കൂടി ബാധിച്ചു. ജയിൽഭക്ഷണം സമയത്ത് കഴിക്കാത്തതു കാരണം വയറിലും വായ്ക്കുള്ളിലും വലിപ്പമേറിയ വ്രണങ്ങളുണ്ടായി. സെപ്റ്റിക് അൾസർ എന്ന ഈ രോഗത്തിന് ചികിത്സ കിട്ടിയിട്ടേയില്ല. ഇടയ്ക്കിടെ പ്രമേഹം മൂർച്ഛിച്ച് ബോധരഹിതനായി സെല്ലിനുള്ളിൽ മദനിയെ കാണപ്പെടാറുണ്ടെന്ന് സഹതടവുകാർ പറയുന്നു.
ഇതിൽകൂടുതൽ എന്തു വിശേഷണങ്ങളാണ് ഒരു മനുഷ്യന്റെ രോഗാവസ്ഥയെക്കുറിച്ച് നമുക്ക് പറയാൻ കഴിയുന്നത്? ഈ മനുഷ്യൻ അനുഭവിക്കുന്ന കൊടും ക്രൂരതയ്ക്ക് അറിഞ്ഞോ അറിയാതെയോ ഉത്തരവാദികളായ എല്ലാവരും നെറ്റിയിൽ കുറിച്ചു വയ്ക്കുക- ദൈവത്തിന്റെ കോടതി നിങ്ങളെ വെറുതേ വിടില്ല. തീർച്ച.