മലപ്പുറം: മഞ്ചേശ്വരം നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥലത്തില്ലാതിരുന്നവരും മരിച്ചുപോയവരും വോട്ടുചെയ്‌തെന്ന ആരോപണം തള്ളി മുസ്‌ലിം ലീഗ് നേതാവും എംഎൽഎയുമായ പി.വി.അബ്ദുൽ റസാഖ്. തെറ്റായ പ്രചാരണമാണ് നടക്കുന്നതെന്നും കേസിൽ കോടതിയുടെ വിധി വരട്ടെയെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ഇടയിൽ ലീഗിനെ കള്ളന്മാരാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അബ്ദുൾ റസാഖ് ആരോപിച്ചു.

മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എംഎൽഎ സ്ഥാനം രാജിവയ്ക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നും അബ്ദുൾ റസാഖ് വ്യക്തമാക്കി. ഇടതുമുന്നണിയുമായി രഹസ്യധാരണ കൊണ്ടുവന്ന് ഉപതിരഞ്ഞെടുപ്പ് ജയിക്കാൻ ലീഗ് കണക്കുകൂട്ടുന്നുവെന്നായിരുന്നു ഇന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

കള്ളവോട്ടു നടന്നുവെന്നാരോപിച്ച് കെ. സുരേന്ദ്രൻ നല്കിയ ഹർജിയിലെ വിധി എതിരാകുമോയെന്ന ആശങ്കയാണ് ഇങ്ങനെയൊരു നടപടിക്കു ലീഗിനെ പ്രേരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ടായി. അബ്ദുൾ റസാഖ് രാജിവച്ച് ഇടതുപക്ഷവുമായി രഹസ്യധാരണയുണ്ടാക്കി വീണ്ടും മത്സരിക്കാൻ ലീഗ് ആലോചിക്കുന്നതായിട്ടായിരുന്നു വാർത്തകൾ. ഇതിനു പിന്നാലെയാണ് താൻ രാജിവയ്ക്കില്ലെന്നു അബ്ദുൾ റസാഖ് വ്യക്തമാക്കിയതത്.

മരിച്ച ആറ് പേരുടെ പേരിൽ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. മരിച്ചുവെന്ന് പറയുന്ന ആറ് പേരിൽ നാലുപേർ ഇപ്പോഴും ജീവനോടെ ഇരുന്ന് ഭക്ഷണം കഴിക്കുന്നുണ്ട്. ബിജെപി വെറുതെ കള്ളം പ്രചരിപ്പിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിത്. താൻ രാജിവെക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ കോടതി വിധി വരട്ടെ. മുസ്‌ലിം ലീഗ് നേതൃത്വം ഈ വിവാദം ഗൗരവമായി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗിലെ പി.ബി. അബ്ദുൽ റസാഖിന്റെ തിരഞ്ഞെടുപ്പു റദ്ദാക്കണമെന്നാവശ്യപ്പെട്ടു ബിജെപി നേതാവും പരാജയപ്പെട്ട സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ നൽകിയ ഹർജി ഹൈക്കോടതി പരിഗണിച്ചുവരുകയാണ്. കള്ളവോട്ടു ചെയ്തതായി ആരോപിച്ച് സുരേന്ദ്രൻ നല്കിയ പട്ടികയിൽ പറഞ്ഞിരിക്കുന്നവരുടെ വിസ്താരമാണ് ഇപ്പോൾ നടക്കുന്നത്.

സ്ഥലത്തില്ലാത്തവരും മരിച്ചവരുമായ 298 പേർ കള്ളവോട്ടു ചെയ്തുവെന്നാണ് സുരേന്ദ്രൻ ആരോപിക്കുന്നത്. ഇതിൽ 259 പേരുടെ പട്ടികയാണു ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ 89 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിനാണ് സുരേന്ദ്രനെ തോൽപ്പിച്ച് അബ്ദുൽ റസാഖ് ജയിച്ചത്.

അതേസമയം, മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസിൽ ബിജെപിയുടേത് ഗീബൽസിയൻ തന്ത്രമെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ഹൈക്കോടതിയിലെ കേസിൽ കേന്ദ്രസർക്കാർ റിപ്പോർട്ടെന്നു പറഞ്ഞു ബിജെപി പ്രചരിപ്പിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കേസിനെക്കുറിച്ചോ മറ്റു നടപടികളെക്കുറിച്ചോ മുസ്ലിം ലീഗ് ചർച്ച ചെയ്തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.

ഉപതിരഞ്ഞെടുപ്പിന് ശ്രമിക്കുന്നത് ലീഗിന്റെ രാഷ്ട്രീയ പാപ്പരത്തിന്റെ തെളിവാണെന്ന് നേരത്തെ കെ. സുരേന്ദ്രൻ പറഞ്ഞിരുന്നു. മഞ്ചേശ്വരത്ത് മത്സരിച്ച് ലീഗിനെ പരാജയപ്പെടുത്താൻ സാധിക്കുമോയെന്ന് നോക്കും. അവിടെ 3000 കള്ളവോട്ട് നടന്നിട്ടുണ്ട്. കേസ് നീണ്ടു പേകാതിരിക്കാൻ 259 വോട്ടുകൾ സംബന്ധിച്ച വിവരങ്ങളെ കോടതിയിൽ സമർപ്പിച്ചിട്ടുള്ളു. ലീഗിനു അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ സാധിക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.