ദോഹ: മടവൂരിലെ ആർജെയുടെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് വിശദീകരിച്ച് ഖത്തറിലെ മലയാളി വ്യവസായി അബ്ദുൾ സത്താർ രംഗത്ത്. ഖത്തറിൽ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതായി പൊലീസ് സംശയിക്കുന്ന ഓച്ചിറ സ്വദേശി ഖത്തറിലെ സ്വകാര്യ എഫ്എം റേഡിയോയിലാണ് തന്റെ നിലപാടുകൾ വിശദീകരിച്ചത്. പ്രസ് ഫോർ ന്യുസിന് നൽകി അഭിമുഖത്തിൽ രാജേഷിനെ കൊല്ലാൻ മടവൂരിലെത്തിയ സാലിഹ് ഇപ്പോൾ ഖത്തറിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുന്നു. തന്റെ ജിമ്മിലെ ജീവനക്കാരനാണ് സാലിഹ്. ഞാൻ ഇന്നും സാലിഹിനെ കണ്ടിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. സാലിഹിന് കൊലയിൽ പങ്കുണ്ടോയെന്ന് ഇയാൾ വിശദീകരിക്കുന്നുമുണ്ച്

തന്റെ മുൻഭാര്യയുമായി രാജേഷിന് ബന്ധമുണ്ടെന്നും സാത്താർ അഭിമുഖത്തിൽ സമ്മതിക്കുന്നു. നമ്മൾക്ക് അറിയാത്ത കാര്യം. ബന്ധം വേർപ്പെടുത്തി. ഡൈവേഴ്‌സ് നോട്ടീസ് വരെ കൊടുത്തു. സാലിഹ് എന്ന ആൾ എന്റെ ജിമ്മിലെ ജോലിക്കാരനാണ്. അവൻ ഇവിടെയുണ്ട്. സാറെ ഒരു കാര്യം പറയാം. വായിൽ നാക്കുണ്ടെങ്കിൽ ആരേയും കുറ്റക്കാരനാക്കാം. ഞാൻ ഇതിൽ കുറ്റക്കാരനല്ല. ഇതിന് പിറകേ പോയിട്ടുമില്ല. കൊലയിൽ ഒരു ബന്ധവുമില്ല. തന്റെ മുൻ ഭാര്യയാണ് ക്വട്ടേഷൻ കൊടുത്തത് എന്ന ആരോപണത്തെ കുറിച്ച് പ്രതികരിക്കാനും സത്താർ തയ്യാറയില്ല. തനിക്ക് ഖത്തറിൽ ട്രാവൽ ബാനുണ്ടെന്നും സത്താർ സമ്മതിക്കുന്നു.

നമുക്കൊരു ഡൗട്ട് തോന്നി. ബന്ധം വേണ്ടെന്ന് വച്ചു. പിന്നീട് അതിന് പിറകേ പോയിട്ടില്ല. ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി. സാമ്പത്തിക പ്രശ്‌നങ്ങളിൽ പെട്ടുഴലുകയാണ്. താനും ഒരു യുവാവ് ആണെല്ലോ. തനിക്കും കിട്ടും പെണ്ണ്. കമ്മലിട്ടവൾ പോയാൽ കടക്കനിട്ടവർ വരും. അത്രയേ ഉള്ളൂ. ഞാൻ കൊലപാതകം ചെയ്താൽ മക്കൾ എവിടെ പോകും. എത്രകാലം മക്കളെ സഹോദരിമാർ നോക്കും. ജനിച്ചാൽ ഒരുവട്ടമേ മരണമുള്ളൂ... ആരേയും പേടിയില്ല. അപ്പുണ്ണിയെ അറിയില്ലെന്നും സത്താർ അഭിമുഖത്തിൽ വിശദീകരിക്കുന്നു.

നൃത്താധ്യാപികയെ ഖത്തറിൽ വച്ചാണ് കല്യാണം കഴിച്ചത്. മൂന്ന് മാസത്തോളമായി ബന്ധം വേർപ്പെടുത്തിയത്. കഴിഞ്ഞ റമദാന് ഞാൻ നാട്ടിലായിരുന്നു. അതുകൊണ്ട് പലതും അറിയില്ല. പാർലർ തുടങ്ങിയപ്പോൾ കടമായി. ലോൺ എടുത്താണ് പാർലർ തുടങ്ങിയത്. അതേ വരെ കുഴപ്പമില്ലായിരുന്നു. പാർലർ തുടങ്ങിയപ്പോൾ പാളിച്ച പറ്റി. അറിയാൻ വയ്യാത്തതിൽ കൈവച്ചപ്പോൾ നാട്ടിലെ ഒരു കോടി രൂപയോളം പോയി. നാല് ലക്ഷം റിയാൽ കടമുണ്ട്. ട്രാവൽ ബാനുണ്ട്. മുൻ ഭാര്യയ്ക്കും ട്രവാൽ ബാനുണ്ട. ലോണിൽ അവരും ഉണ്ട്. കമ്പനിയുടെ പാർട്ണറായിരുന്നു അവർ. സിഗ്നേച്ചർ അഥോറിട്ടിയും ആയിരുന്നു. അതുകൊണ്ടാണ് അവർക്ക് ട്രാവൽബാനുണ്ട്. 2010ലായിരുന്നു കമ്പനി തുടങ്ങിയതെന്നും അഭിമുഖത്തിൽ വിശദീകരിക്കുന്നു.

സാലിഹ് ജിമ്മിലുണ്ട്. അവർക്കും ഇപ്പോൾ ജോലിയില്ല. എല്ലാം അടച്ചിട്ടിരിക്കുകയാണ്. കേരളാ പൊലീസ് തന്നെ വിളിച്ചിട്ടില്ല. സാലിഹിനേയും വിളിച്ചിട്ടില്ല. എല്ലാ ന്യൂസും ഞാൻ കാണുന്നുണ്ട്. പത്രത്തിൽ കാണുന്നുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ കാണുന്നുണ്ട്. എല്ലാം കാണുന്നുണ്ട്. ഇതിന്റെ പിന്നിൽ ഞാനൊന്നും ചെയ്യുന്നില്ല. എനിക്ക് ഇവിടെ നിന്ന് പോണമെങ്കിൽ നാല് ലക്ഷം റിയാൽ വേണം. എനിക്ക് തന്തേയും തള്ളയേയും ഉണ്ട്. ഈ പണം കൊടുത്ത് കേസ് ഒഴിവാക്കിയാലേ ഇവിടെ നിന്ന് പോകാൻ പറ്റൂ. ഇത്തരത്തിലുള്ള ഞാൻ എങ്ങനെ ക്വട്ടേഷൻ കൊടുക്കും. അതു ചെയ്താൽ മക്കൾക്കാണ് പേരുദോഷം. ഞാൻ അത് ചെയ്താൽ ജീവിതകാലം മുഴുവൻ മക്കളാണ് അനുഭവിക്കുന്നത്.

മടവൂരിൽ മുൻ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അന്വേഷണസംഘം ഇന്റർപോളിന്റെയും തമിഴ്‌നാട് പൊലീസിന്റെയും സഹായം അന്വേഷണം സംഘം തേടുന്നുണ്ട്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കേസിലെ മുഖ്യപ്രതി അലിഭായി ഖത്തറിലേക്കും മറ്റൊരുപ്രതിയായ അപ്പുണ്ണി തമിഴ്‌നാട്ടിലേക്കും കടന്നെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ ഏജൻസികളുടെ സഹായം കൂടി തേടിയത്. അതിനിടെയാണ് സത്താർ വെളിപ്പെടുത്തലുമായി രംഗത്തു വരുന്നത്.

അതേസമയം, കൊലപാതകം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാനും നീക്കം നടക്കുന്നുണ്ട്. കേസിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിൽ അന്വേഷണം ദിവസങ്ങൾക്കുള്ളിൽ ക്രൈംബ്രാഞ്ചിന് കൈമാറുമെന്നാണ് ലഭിക്കുന്ന വിവരം. കേസിലെ മുഖ്യപ്രതിയുടെ പേര് അലിഭായി എന്നത് വിളിപ്പേരാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഖത്തറിലുള്ള ഓച്ചിറ സ്വദേശിയുടെ ക്വട്ടേഷനാണ് കൊലപാതകത്തിനു പിന്നിൽ. ഇയാളുടെ മുൻ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന ബന്ധമാണ് ഇതിനു കാരണമെന്നാണ് പൊലീസ് വിലയിരുത്തിയത്. സത്താറിന്റെ മുൻ ഭാര്യയാണ് ഈ യുവതി.

ഗൾഫിൽ നൃത്തപഠനം നടത്തിവന്ന സ്ത്രീയുമായി രാജേഷിന് അടുത്ത ബന്ധമുണ്ടായിരുന്നെന്നും എന്നാൽ, അത് ഉപേക്ഷിക്കാൻ സ്ത്രീ തയാറാകാത്തത് അവരുടെ കുടുംബജീവിതത്തിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിരുന്നെന്നുമാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.ഈ ബന്ധത്തിൽനിന്ന് സ്ത്രീയെ പിന്തിരിപ്പിക്കാൻ ഭർത്താവ് പലകുറി ശ്രമിക്കുകയും അവർ വിവാഹബന്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നെന്നാണ് വിവരം. ഗൾഫിലുണ്ടായിരുന്ന രാജേഷിന് ഇതുമൂലം ഭീഷണിയുണ്ടായി എന്ന് സുഹൃത്തുക്കളും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതിനിടെയാണ് എല്ലാം സത്താർ നിഷേധിക്കുന്നത്.