- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണവും വെള്ളിയും മലയാളികൾ വീതിച്ചെടുത്തത് ഒരു മില്ലിമീറ്റർ മാത്രം വ്യത്യാസത്തിൽ; മെഡൽ പ്രതീക്ഷിച്ചിരുന്നു, സ്വർണവും വെള്ളിയും ഇന്ത്യക്കുലഭിച്ചതിൽ സന്തോഷമെന്ന് അബ്ദുള്ളയുടെ കുടുംബം; എൽദോശ് പോളിനൊപ്പം ജംപിങ് പിറ്റിൽ നിന്നുമെത്തിയ വെള്ളിമെഡൽ കോഴിക്കോടിനും ആവേശമാകുന്നു
കോഴിക്കോട്: ട്രാക്കിലെ മലയാളി മികവിന് അര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. പി ടി ഉഷയിലൂടെയും അഞ്ജു ബോബി ജോർജ്ജിലൂടെയും തുടങ്ങിയ വെച്ച നേട്ടങ്ങൾ ഇപ്പോൾ വീണ്ടും എൽദോസ് പോളിലൂടെയും അബ്ദുല്ല അബൂബക്കറിലൂടയും ആവർത്തിക്കുകയാണ് കേരളം. ബെർമിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൽ ജംപിൽ മലയാളികളായ രണ്ട് പേരാണ് മെഡൽ നേട്ടവുമായി രംഗത്തുള്ളത്. ഇത് മലയാളികളുടെ നേട്ടമായി ആഘോഷം തുടങ്ങി കഴിഞ്ഞു. രാജ്യത്തിന്റെ അഭിമാനമായി ഇരുവരും.
കോഴിക്കോ് ജില്ലയും ആഹ്ലാദത്തിലാണ്. സ്വദേശവാസിയായ അബ്ദുള്ള അബൂബക്കർ വെള്ളി മെഡലാണ് രാജ്യത്തിന് വേണ്ടി നേടിയിരിക്കുന്നത്. കോമൺവെൽത്ത് ഗെയിംസിൽ മെഡൽ പ്രതീക്ഷിച്ചിരുന്നുവെന്നും സ്വർണവും വെള്ളിയും ഇന്ത്യക്ക് ലഭിച്ചതിൽ സന്തോഷമെന്നും അബ്ദുള്ള അബൂബക്കറിന്റെ കുടുംബം പ്രതികരിച്ചു. സ്വർണം പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാൽ, ഒപ്പം മത്സരിച്ച മലയാളി താരത്തിനുതന്നെ സ്വർണം ലഭിച്ചതിൽ സന്തോഷമെന്നും അബ്ദുള്ളയുടെ പിതാവ് പറഞ്ഞു.
മെഡൽ ലഭിക്കുമെന്ന് അബ്ദുള്ള പ്രതീക്ഷ പങ്കുവെച്ചിരുന്നുവെന്ന് മാതാവ് പറഞ്ഞു. മകൻ ഒരുകാലത്ത് ഒളിമ്പിക്സ് മെഡൽ നേടുമെന്നാണ് പ്രതീക്ഷ. ഒളിംപിക്സിൽ മെഡൽകിട്ടാൻ എല്ലാവരുടേയും പിന്തുണ ആവശ്യമാണെന്നും കുടുംബം പ്രതികരിച്ചു. എൽദോസിന്റെ പരിശീലന പങ്കാളിയാണ് അബ്ദുല്ല അബൂബക്കർ. ട്രിപ്പിൾ ജംപിൽ 17.19 മീറ്റർ വരെ ചാടിയ താരമാണ് അബ്ദുല്ല അബൂബക്കർ. നാദാപുരം ചെറുമോത്ത് കുനിയപൊയിൽ സാറയുടെയും വളയം നാരങ്ങോളി അബ്ദുല്ലയുടെയും മകനാണ്. കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജംപിൽ 17.02 മീറ്റർ ചാടി മലയാളിയായ അബ്ദുള്ള അബൂബക്കർ വെള്ളി നേടിയിരുന്നു. തന്റെ അഞ്ചാം ശ്രമത്തിലാണ് അബ്ദുള്ള അബൂബക്കർ 17.02 മീറ്റർ കണ്ടെത്തിയത്.
കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടംകുറിച്ച മലയാളി താരങ്ങളായ എൽദോസ് പോളിനും അബ്ദുല്ല അബൂബക്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ രേഖപ്പെടുത്തി കായിക മന്ത്രി വി. അബ്ദുറഹിമാനും രംഗത്തുവന്നു. രാജ്യത്തിനാകെ അഭിമാനമാകുന്ന പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചതെന്ന് അദ്ദേഹം പറഞ്ഞു. ട്രിപ്പിൾ ജമ്പിൽ എൽദോസ് നേടിയ സ്വർണത്തിനും അബ്ദുല്ല നേടിയ വെള്ളിക്കും തിളക്കം ഏറെയാണ്. കേരളം അത്‌ലറ്റിക്‌സിൽ നടത്തുന്ന ശക്തമായ തിരിച്ചുവരവിന്റെ സൂചനയാണിത്. കേരളത്തിന്റെ കായിക മേഖലയ്ക്കാകെ പ്രചോദനമാണിത്.
സ്‌കൂൾതലം മുതൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവരാണ് എൽദോസും അബ്ദുല്ലയും. ഈ സീസണിൽ ഇരുവരും നല്ല ഫോമിലാണ്. ചെറുപ്പക്കാരായ ഈ താരങ്ങളിൽ നിന്ന് ഇനിയും ഏറെ നേട്ടങ്ങൾ പ്രതീക്ഷിക്കാം. നേരത്തേ ലോങ്ങ്ജമ്പിൽ ശ്രീശങ്കർ വെള്ളി നേടിയിരുന്നു. ഈ കോമൺവെൽത്ത് ഗെയിംസ് കേരളത്തെ സംബന്ധിച്ച് ഏറെ സന്തോഷം നൽകുന്ന വേദിയാണ്. കൂടുതൽ മലയാളി താരങ്ങൾക്കും ഇന്ത്യയ്ക്കും മികച്ച പ്രകടനം തുടരാൻ കഴിയട്ടെ എന്നാശംസിക്കുന്നതായും മന്ത്രി പറഞ്ഞു.
ജൂലൈയിൽ യുഎസിലെ യൂജിനിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് വേദിയിൽ നിന്നാണ് സ്വർണ മെഡൽ നേടിയ എൽദോസ് കോമൺവെൽത്ത് ഗെയിംസിനെത്തിയത്. ലോക ചാമ്പ്യൻഷിപ്പ് ഫൈനലിൽ 16.79 മീറ്റർ ദൂരം താണ്ടി ഒമ്പതാം സ്ഥാനത്താണ് പോൾ ഫിനിഷ് ചെയ്തിരുന്നത്. ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജംപ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം.
കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് എൽദോസ് സ്വർണമണിയുന്നത്. ഏപ്രിലിൽ നടന്ന ഫെഡറേഷൻ കപ്പിൽ ചാടിയ 16.99 മീറ്ററായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും മികച്ച ദൂരം. ഇതാണ് പോൾ ബർമിങ്ഹാമിൽ മറികടന്നത്. കോതമംഗലം എംഎ കോളേജിൽ ടിപി ഔസേപ്പിന്റെ ശിഷ്യനായിരുന്നു പോൾ. ഇരു താരങ്ങളെയും രാഷ്ട്രപതി ദൗപദി മുർമു അഭിനന്ദിച്ചു. ചരിത്രം സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും ഈ നേട്ടം ഏറെക്കാലം ഓർമിക്കപ്പെടുമെന്നും അവർ ട്വിറ്ററിൽ കുറിച്ചു. കോമൺവെൽത്ത് ഗെയിംസിൽ ഇതുവരെ ഇന്ത്യ നാലു തവണ ട്രിപ്പിൾ ജംപിൽ മെഡൽ നേടിയിട്ടുണ്ട്. 1970,74 വർഷങ്ങളിൽ വെങ്കലവും സ്വർണവും നേടിയ മൊഹിന്ദർ സിങ് ഗിൽ, 2010ൽ വെങ്കലം നേടിയ മലയാളിയായ രഞ്ജിത് മഹേശ്വരി, 2014ൽ വെങ്കലം നേടിയ അർപീന്ദർ സിങ് എന്നിവരാണ് മെഡൽ സ്വന്തമാക്കിയവർ.
ട്രിപ്പിൾ ജമ്പിൽ കുറഞ്ഞത് ഒരു മെഡൽ ലഭിക്കുമെന്നാണു കരുതുന്നത്. മൂന്ന് താരങ്ങളും കഴിഞ്ഞയാഴ്ച നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മത്സരിച്ചിരുന്നു. 2010 ലെ ഡൽഹി ഗെയിംസിലാണ് ഇന്ത്യ ട്രാക്ക് ആൻഡ് ഫീൽഡിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്. രണ്ട് സ്വർണവും മൂന്ന് വെള്ളിയും ഏഴ് വെങ്കലവുമാണു നാട്ടിൽ നടന്ന ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ നേടിയത്. 2014, 2018 ഗെയിംസുകളിൽ അത്ര മെച്ചമല്ലായിരുന്നു. ഒരു സ്വർണവും ഒരു വെള്ളിയും വെങ്കലവുമായിരുന്നു ആകെ നേട്ടം.
സ്പോർട്സ് ഡെസ്ക്