മനാമ: നോമ്പു തുറക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ കുഴഞ്ഞു വീണു മരിച്ച സുഹൃത്തിന്റെ മരണവാർത്ത വിശ്വസിക്കാൻ പാടുപെടുകയാണ് ബഹ്‌റിനിലെ മലയാളി സമൂഹം. കണ്ണൂർ പെരിങ്ങത്തൂർ പുളിയനമ്പുറം പിലാവുള്ളതിൽ അബ്ദുള്ള ആണ് നോമ്പ് തുറക്കാനായി ഒരുങ്ങുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. പരേതന് 57 വയസായിരുന്നു പ്രായം..

അദ്ലിയയിൽ താമസ സ്ഥലത്ത് നോന്പു തുറക്കുന്നതിനായി എത്തിയതായിരുന്നു അദ്ദേഹം. ഉടനെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞു വീണു മരിക്കുകയുമായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു.

ബഹ്‌റിനിൽ 27 വർഷമായി ജോലി ചെയ്തുവരികയായിരുന്ന ഇദ്ദേഹം അടുത്ത മാസം നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. ജവാദ് കന്പനിയിൽ സെയിൽസ്മാനായിരുന്നു അബ്ദുള്ള.

കെ.എം.സി.സി ഹൂറ വൈസ് പ്രസിഡണ്ട് സലിം ഹാജിയുടെ ജ്യേഷ്ഠനാണ് പരേതൻ. മറ്റ് സഹോദരങ്ങളായ മൊയ്ദു, അഷ്‌റഫ് എന്നിവരും ബഹ്‌റിനിലുണ്ട്. ആയിഷയാണ് ഭാര്യ. മക്കൾ അസ്മന, സുമയ്യ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ കെ.എം.സി.സിയുടെ നേതൃത്വത്തിൽ സ്വീകരിച്ചുവരുന്നു.