കണ്ണൂർ: ചരിത്രത്തോട കാണിച്ച ഏറ്റവും വലിയ വഞ്ചനകളിലൊന്നാണ് കണ്ണൂർ സെന്റ് ആഞ്ചലോ കോട്ടയിലെ ലൈറ്റ് ആൻഡ് സൗണ്ട് ഷോ അഴിമതിയിലൂടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ വൃന്ദവും കോടികൾ തട്ടിയത്. സോളാർ എൻർജിയെ സമാന്തര ഊർജസ്രോതസെന്ന ആശയത്തെ സരിതാ എസ്. നായരെങ്ങനെ തട്ടിപ്പിന് ഉപയോഗിച്ചുവെന്നതു പോലെതന്നെയാണ് ചരിത്ര കൗതുകങ്ങളെ തൂക്കിവിറ്റു കാശാക്കിയത്.

സരിതയുടെ ആരോപണ വിധേയനായ എ.പി അബ്ദുള്ളക്കുട്ടി തന്നെ ഈ സംഭവത്തിലും ആരോപണവിധേയനായെന്നത് ചരിത്രത്തിന്റെ മറ്റൊരു യാദൃശ്ചികതയാണ്. വെളിച്ച സമന്വയത്തിലൂടെ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം പറയുന്ന പദ്ധതിയെങ്ങുമെത്തിയില്ലെന്നു മാത്രമല്ല ഇപ്പോൾ വിജിലൻസ് കുരുക്കിൽപ്പെടുകയും ചെയ്തു.ഗൊൽക്കൊണ്ടകോട്ട,

പോർട്ട് ബ്ലയറിലെ സെല്ലുലാർ ജയിൽ, രാജസ്ഥാനിലെ ഉദയപുരം കൊട്ടാരം, മധ്യപ്രദേശിലെ ഗ്വാളിയോർ കൊട്ടാരം എന്നിവടങ്ങളിലെ ലൈറ്റ് ആൻഡ് ഷോയുടെ ചുവട്പിടിച്ചായിരുന്നു കണ്ണൂരിലും പദ്ധതി നടപ്പാക്കിയത്.ടൂറിസം വകുപ്പിന്റെ 3.88 കോടി ചെലവിലായിരുന്നു പദ്ധതി. കോട്ടയിലെ പ്രവേശനകവാടത്തിൽ നിന്നും തുടങ്ങുന്ന നടപ്പാതയിൽ തുറസായ സ്ഥലത്തിനോടു ചേർന്നുള്ള കോട്ടയുടെചുമരിൽ വെളിച്ച, ശബ്ദ സംവിധാനത്തിലൂടെ ഇംഗൽഷ്,മലയാളം ഭാഷകളിൽ കോട്ടയുടെയും കണ്ണൂരിന്റെയും ചരിത്രം വിവരിക്കുന്നതായിരുന്നു പദ്ധതി. ഒരേ സമയം 250 പേർക്കിരിക്കാവുന്ന സജ്ജീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയത്.

കണ്ണൂർ കോട്ടയിലെ നിധിശേഖരം കവരാനെത്തുന്ന രണ്ടു കള്ളന്മാരിലൂടെയാണ് ലൈറ്റ് ആൻഡ് സൗണ്ട് ഷോ തുടങ്ങുന്നത്. പിന്നീട് കോട്ടത തന്നെ സ്വയം കഥാപാത്രമായി മാറി തന്റെ പൈതൃകത്തെ കവരാനെത്തിയവരോട് കഥപറയുകയാണ് ചെയ്യുന്നത്. പോർച്ചുഗീസുകൾ കണ്ണൂരിലെത്തുന്നതിന്റെ ചരിത്രം പറയുന്നതിനൊപ്പം അറക്കൽ, ചിറക്കൽ, കണ്ണൂരിന്റെ പാരമ്പര്യം, കോലത്തിരിനാടിന്റെ പെരുമ, ബ്രിട്ടീഷുകാരുടെ വരവ്, പഴശി പോരാട്ടം, സ്വാതന്ത്ര്യസമര പോരാട്ടം എന്നിവയെല്ലാം കാഴ്ചയ്ക്കാർക്കു മുൻപിൽ ദൃശ്യമാകും. ഒടുവിൽ കോട്ടയുടെ പൈതൃകം കവരാനെത്തിയവർ മാനസാന്തരപ്പെട്ടു സ്വയം കോട്ടയുടെ കാവലാളായി മാറുന്നതോടു കൂടിയാണ് പ്രദർശനം സമാപിക്കുക.

ആധുനിക സജ്ജീകരണങ്ങളായ മൾട്ടിമീഡിയ സ്‌കാനിങ്, ലേസർ പ്രൊജക്്ടുകൾ എന്നിവ സമർത്ഥമായി വിന്യസിച്ചായിരുന്നു അവതരണം. 56 മിനുട്ട് നീണ്ടു നിൽക്കുന്ന പരിപാടിക്ക് ശബ്്ദം നൽകിയിരുന്നത് നടൻ മമ്മൂട്ടിയും നടി കാവ്യാമാധവനുമായിരുന്നു. വിഷ്വൽ ഇഫക്ടിനു പുറമേ 7.1 സൗണ്ട് സിസ്റ്റമായിരുന്നു ഉപയോഗിച്ചിരുന്നത്. ശങ്കർ രാമകൃഷ്ണനായിരുന്നു ശബ്ദവും സംവിധാനവും നിർവഹിച്ചിരുന്നത്. ടിക്കറ്റ് വെച്ച് ദിവസേനെ രണ്ടു ഷോകൾ നടത്തുമെന്നായിരുന്നു ഉദ്ഘാടന വേളയിൽ പറഞ്ഞിരുന്നുവെങ്കിലും ടിക്കറ്റ്‌വെച്ച് ഒരു ദിവസം പോലും ഷോ നടത്തിയില്ല.

2016-ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് ഷോ ഉദ്ഘാടനം ചെയ്തത്. അന്നത്തെ ടൂറിസം വകുപ്പ് മന്ത്രി എ.പി അനിൽകുമാർ അധ്യക്ഷനായി. കണ്ണൂർ മണ്ഡലം എംഎൽഎയായിരുന്ന എ.പി അബ്ദുള്ളക്കുട്ടിയായിരുന്നു മുഖ്യസംഘാടകൻ.