- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എണ്ണകമ്പിനികളുടെ കടംവീട്ടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത ത്യാഗം; ഗോൾഡ് പൊലീസിനെ നിയമിച്ചാൽ കേരളത്തിൽ നികുതി വരുമാനം ഇരട്ടിയാക്കാം; ഇന്ധനവില വർധനവിനെ ന്യായീകരിച്ച് അബ്ദുള്ളക്കുട്ടി
കണ്ണൂർ: റോംകത്തുമ്പോൾ വീണവായിച്ച നീറോവിനെപ്പോലെ പെട്രോൾ വില നൂറിൽ തൊട്ടിരിക്കെ ന്യായീകരണവുമായി ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്റെ കടംവീട്ടാനുള്ള സാഹസികതയാണ് വിലവർധനവെന്നു അബ്ദുള്ളക്കുട്ടി പറയുന്നു.
യു.പി.എ സർക്കാരിന്റെ കടം വീട്ടുകയായിരുന്നു മോദി സർക്കാരെന്നും അബ്ദുള്ളക്കുട്ടി അവകാശപ്പെട്ടു. ഇപ്പോൾ നമ്മുടെ എണ്ണ കമ്പനികൾക്ക് ബാധ്യതകളൊന്നുമില്ലെന്ന കാര്യം എല്ലാവരും മനസിലാക്കണമെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. ഓയിൽപൂളിൽ വലിയ ബാധ്യതകൾ ഉണ്ടാക്കിയാണ് യു.പി.എ സർക്കാർ അധികാരമൊഴിഞ്ഞത്. ഇത്രയും കാലം അധിക വരുമാനത്തിലൂടെ കിട്ടിയതെല്ലാം ആ കടങ്ങൾ വീട്ടാനാണ് ഉപയോഗിച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. രണ്ടോ മൂന്നോ ലക്ഷം കോടി രൂപ കടമുണ്ടായിരുന്നു. ഇപ്പോൾ എണ്ണ കമ്പനികൾക്ക് ബാധ്യതകളൊന്നുമില്ലെന്ന കാര്യം എല്ലാവരും ഓർക്കേണ്ടതുണ്ട്.
മന്മോഹൻ സിങിനെ പോലെ മോദി വലിയ സാമ്പത്തിക ശാസ്ത്രജ്ഞനൊന്നുമല്ലെങ്കിലും ഇന്ത്യയിലെ ജനങ്ങളുടെ സാമ്പത്തിക കാര്യത്തിൽ ഒരു ഗൃഹനാഥനെ പോലെ വളരെ തന്മയത്വത്തോട് കൂടി കൈകാര്യം ചെയ്തിട്ടുള്ള നേതാവാണ് അദ്ദേഹമെന്നും ഈ പ്രശ്നം മോദി പരിഹരിക്കുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ഇന്ധനവിലവർധന മാസം 5000 കിലോമീറ്ററോളം സഞ്ചരിക്കുന്ന തന്റെയും മാസബജറ്റിനെ ബാധിച്ചിട്ടുണ്ടെന്നും മമതയും പിണറായിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ സർക്കാരുകൾ സഹകരിച്ചാലേ ഇതിന് പരിഹാരമുണ്ടാകൂവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. മോദി സർക്കാരിന്റെത് ശരിയായ നിലപാടാണ്. പഴയ വാദപ്രതിവാദങ്ങളിലേക്കൊന്നും ഇപ്പോൾ പോകേണ്ടതില്ലെന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കി.
പെട്രോൾ ഡീസൽ വില ജി.എസ്.ടിക്ക് വിട്ടുകൊടുക്കുമ്പോൾ കേരളത്തിന്റെ നികുതി വരുമാനത്തിൽ ഉണ്ടാകുന്ന നഷ്ടം ഇരട്ടി വരുമാനമാക്കി മാറ്റാൻ ട്രാഫിക് പൊലീസ് പോലെ ഒരു ഗോൾഡ് പൊലീസിനെ പിണറായി നിയമിച്ചാൽ മതിയെന്നും അബ്ദുല്ലക്കുട്ടി അഭിപ്രായപ്പെട്ടു. കേരളത്തിൽ 20,000 കോടി രൂപയോളം കിട്ടാക്കടമായുണ്ടെന്നും ഇതൊന്നും പിരിക്കാതെ ലോട്ടറിയും മദ്യവും പെട്രോളും പറഞ്ഞ് പഴഞ്ചൻ വരുമാന കാഴ്ചപ്പാടുമായി മുൻപോട്ടുപോകുകയാണ് സംസ്ഥാന സർക്കാരെന്നും അബ്ദുള്ളക്കുട്ടി വിമർശിച്ചു. നേരത്തെ ലക്ഷദ്വീപ് വിഷയത്തിലും കേന്ദ്രസർക്കാരിന് അനുകൂലമായി അബ്ദുള്ളക്കുട്ടി രംഗത്തു വന്നിരുന്നു.