തിരുവനന്തപുരം: മലബാർ കലാപ നേതാക്കളെ രക്തസാക്ഷി പട്ടികയിൽനിന്നു നീക്കം ചെയ്യുന്നതിനെതിരെ വിമർശനവുമായി പികെ അബ്ദു റബ്ബും. ഗാന്ധിയേക്കാൾ ഗോഡ്സേക്ക് വീര പരിവേഷം ലഭിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരങ്ങളും, ചരിത്രപുരുഷന്മാരും അവമതിക്കപ്പെടുമെന്നത് തീർച്ചയാണെന്ന് അബ്ദു റബ്ബ് പറഞ്ഞു.

''രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയേക്കാൾ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സേക്ക് വീര പരിവേഷം ലഭിക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമരങ്ങളും, ചരിത്രപുരുഷന്മാരും അവമതിക്കപ്പെടും തീർച്ച! പകരം ബ്രിട്ടീഷുകാർക്ക് പാദസേവ ചെയ്ത ചരിത്രത്തിലെ എല്ലാ ഒറ്റുകാരും വാഴ്‌ത്തപ്പെടും... വാഴ്‌ത്തപ്പെടണം!വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയും, ആലി മുസ്ലിയാരും മാത്രമല്ല, 387 സ്വാതന്ത്ര്യ സമര നായകരുടെ പേരാണ് ഐ.സി.എച്ച്.ആർ വെട്ടിമാറ്റാൻ പോകുന്നത്. ബ്രിട്ടീഷുകാർക്ക് 'ഷൂവർക്ക്' ചെയ്ത ആർ.എസ്.എസിന്റെ എല്ലാ ഷോവർക്കർമാരും ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകരായി താമസിയാതെ ഇടം പിടിച്ചേക്കാം.. ആരും അത്ഭുതപ്പെടേണ്ട. ഇത് ഗാന്ധി പിറന്ന നാടല്ല, ഗോഡ്സേമാർ വാഴുന്ന നാടാണ്.'' എന്നായിരുന്നു അബ്ദുറബ്ബിന്റെ പ്രതികരണം

വിഷയത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പികെ കുഞ്ഞാലിക്കുട്ടിയും നേരത്തെ രംഗത്തെത്തിയിരുന്നു. ചരിത്രത്തെ വളച്ചൊടിക്കരുതെന്നും യുവ തലമുറയോട് ചെയ്യുന്ന നീതി കേടാണിതെന്നും മുസ്ലിം ലീഗ് നേതൃത്വം പറഞ്ഞു. ചരിത്ര നേതാക്കളോട് നന്ദി കാണിച്ചില്ലെങ്കിലും നന്ദികേട് കാണിക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ചരിത്ര പുരുഷന്മാർ ജീവിക്കുന്നത് ജനഹൃദയങ്ങളിലാണെന്നും രേഖകളിലല്ലെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം