- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയ കൊലക്കേസ്: ചോദ്യം ചെയ്യലിന് പ്രതികൾ നവംബർ 10 ന് ഹാജരാകാൻ സി ബി ഐ കോടതി ഉത്തരവ്; പ്രോസിക്യൂഷൻ സാക്ഷി വിസ്താരം പൂർത്തിയായി
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും ചോദ്യം ചെയ്യലിന് ഹാജരാകാൻ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. നവംബർ 10 ന് കോടതി നേരിട്ടു നടത്തുന്ന ചോദ്യം ചെയ്യലിന് രണ്ടു പ്രതികളും ഹാജരാകാൻ സി ബി ഐ ജഡ്ജി കെ. സനിൽകുമാറാണ് ഉത്തരവിട്ടത്. പ്രോസിക്യൂഷൻ ഭാഗം സാക്ഷി വിസ്താരത്തിൽ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകളും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ടു തയ്യാറാക്കുന്ന ചോദ്യാവലി പ്രകാരമാണ് കോടതി പ്രതികളെ വെവ്വേറെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്.
പ്രതിക്കൂട്ടിൽ നിന്നും പ്രതികളെ ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചു വരുത്തിയാണ് കോടതി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ പ്രതികൾ ബോധിപ്പിക്കുന്ന ഉത്തരങ്ങളും മൗനം പാലിക്കലും വിചാരണക്ക് ശേഷം വിധിയെഴുതുന്നതിന് മുന്നോടിയായി കോടതി തെളിവു മൂല്യം വിലയിരുത്തന്നതിൽ നിർണ്ണായകമാണ്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് കോടതി പ്രതികളെ ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യലിന് ശേഷം പ്രതികൾക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ പ്രതിഭാഗം സാക്ഷികളോ രേഖകളോ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി അവസരം നൽകുന്നതാണ്. പ്രോസിക്യൂഷൻ സാക്ഷിപ്പട്ടികയിൽ ലിസ്റ്റ് ചെയ്ത 49 സാക്ഷികളെയാണ് ഇതു വരെ വിസ്തരിച്ചത്. ദൃക്‌സാക്ഷിയും സ്വതന്ത്ര സാക്ഷികളും ഫോറൻസിക് വിദഗ്ധരും കേസന്വേഷണ ഉദ്യോഗസ്ഥരുമടങ്ങുന്ന ഔദ്യോഗിക സാക്ഷികളുമടക്കം 49 പേരെയാണ് ഇതിനോടകം വിസ്തരിച്ചത്. 2019 ഓഗസ്റ്റ് 26 നാണ് വിചാരണ ആരംഭിച്ചതെങ്കിലും കോവിഡ് കാരണം ആറു മാസത്തോളം വിചാരണ നടത്താൻ കഴിഞ്ഞില്ല.
1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ടത്. 16 വർഷങ്ങൾക്ക് ശേഷം 2008 ലാണ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തത്. അതിന് ശേഷം 11 വർഷം കഴിഞ്ഞാണ് കേസിൽ വിചാരണ ആരംഭിച്ചത്.