തിരുവനന്തപുരം: സിസ്റ്റർ അഭയയെ തലക്കടിച്ച് കൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് പ്രതികളായ ഫാ.തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫിയും. തിരുവനന്തപുരം സിബി ഐ കോടതി നേരിട്ട് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളായ ഇരുവരും കുറ്റം നിഷേധിച്ചത്. ഡമ്മി പരീക്ഷണങ്ങളെക്കുറിച്ച് തങ്ങൾക്കറിവില്ല. ശാസ്ത്രീയ തെളിവുകൾ സംബന്ധിച്ചും തങ്ങൾക്കറിവില്ല. തങ്ങൾ നിരപരാധികളും കേസുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങളെ കേസിൽ കളവായി പ്രതിചേർത്തതാണെന്നും കോടതിയിൽ മൊഴി നൽകി.

കന്യാചർമ്മം തുന്നിച്ചേർത്ത് ഹൈമനോ പ്ലാസ്റ്റി സർജറി ചെയ്തത് സംബന്ധിച്ചുള്ള കോടതിയുടെ ചോദ്യത്തിന് താൻ അപ്രകാരം ഒരു ഓപ്പറേഷൻ ചെയ്തിട്ടില്ലെന്നും സിസ്റ്റർ സ്റ്റെഫി ഉത്തരം ബോധിപ്പിച്ചു. മെഡിക്കൽ പരിശോധന നടത്തിയ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോക്ടർ രമയും ശ്രീകുമാരിയും കോടതിയിൽ സാക്ഷിമൊഴി നൽകിയതിനെപ്പറ്റി തനിക്കറിയില്ലെന്നുംനും അപ്രകാരമുള്ള സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും സിസ്റ്റർ സ്റ്റെഫി മറുപടി ബോധിപ്പിച്ചു.

അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരോട് കുറ്റകൃത്യത്തെക്കുറിച്ച് കോടതിയുടെ നേരിട്ടുള്ള ചോദ്യത്തിന് പ്രതികൾ കുറ്റങ്ങളെല്ലാം നിഷേധിച്ചു കൊണ്ട് ഉത്തരം നൽകുകയായിരുന്നു. അഭയ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തേക്ക് 49 സാക്ഷികളെ വിസ്തരിച്ചതിൽ നിന്നും പ്രതികൾക്കെതിരെ കോടതി മുമ്പാകെ വന്ന പ്രതികളെ കുറ്റപ്പെടുത്തുന്ന തെളിവുകളുടെയും സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ കോടതി നേരിട്ട് തയ്യാറാക്കിയ ചോദ്യാവലി പ്രകാരമാണ് സി ബി ഐ ജഡ്ജി കെ.സനിൽകുമാർ പ്രതികളെ ചോദ്യം ചെയ്തത്.

ക്രിമിനൽ നടപടി ക്രമം 313 (1) ബി വകുപ്പ് പ്രകാരം പ്രതികളെ പ്രതിക്കൂട്ടിൽ നിന്നും ജഡ്ജിയുടെ ഡയസിന് സമീപം വിളിച്ചുവരുത്തിയാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയത്. കോടതി മുൻകൂട്ടി തയ്യാറാക്കിയ 50 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യാവലി വച്ചു കൊണ്ടാണ് കോടതി പ്രതികളെ ചോദ്യം ചെയ്തത്.

പ്രതിഭാഗം തെളിവിലേക്കായി സാക്ഷികളായി ആരെങ്കിലുമുണ്ടെങ്കിൽ ഹാജരാക്കി വിസ്തരിക്കുവാനും രേഖകൾ വല്ലതുമുണ്ടെങ്കിൽ ഹാജരാക്കുവാനുമായി പ്രതിഭാഗത്തിന് അവസരം നൽകി കൊണ്ട് കേസ് നവംബർ 12 ലേക്ക് മാറ്റി കോടതി ഉത്തരവായി