തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെടാൻ ഇടയായ സംഭവം കോടതിയിൽ വാദത്തിനിടെ സിബിഐക്ക് വേണ്ടി പ്രോസിക്യൂഷൻ വിശദീകരിച്ചു. 1992 മാർച്ച് 27 ന് വെളുപ്പിന് 4.15 നാണ് സംഭവം. പയസ് ടെൻത് കോൺവന്റിൽ പഠിക്കുന്നതിന് വേണ്ടി പുലർച്ചെ ഉണർന്ന അഭയ അടുക്കളയിലുള്ള ഫ്രിഡ്ജിൽ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോഴാണ് കാണരുതാത്ത കാഴ്ച കണ്ടത്. അടുക്കളയോട്ചേർന്ന മുറിയിലെ താമസക്കാരിയായ (കേസിലെ മൂന്നാം പ്രതി) സിസ്റ്റർ സെഫിയും (ഒന്നാം പ്രതി) ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാൻ ഇടയായതാണ്സിസ്റ്റർ അഭയ കൊല്ലപ്പെടാൻ കാരണം.

ഇതിന്ശക്തമായ തെളിവുകളും പ്രോസിക്യൂഷൻ സാക്ഷിമൊഴികളും കോടതിക്ക് മുൻപിൽ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടർതിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനൽ കുമാർ മുൻപാകെവാദിച്ചു.

സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം പുലർച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരും, ഫാ.ജോസ് പൂതൃക്കയിലുംകോൺവെന്റിന്റെ സ്റ്റെയർകേസ് വഴിടെറസിലേയ്ക്ക് കയറിപോകുന്നത്കണ്ടു എന്ന മൊഴിയുണ്ട്. പ്രോസിക്യൂഷൻ മൂന്നാം സാക്ഷി അടയ്ക്കരാജു സിബിഐ കോടതിയിൽ മൊഴി നൽകിയ കാര്യം എടുത്തുപറഞ്ഞു.

പ്രോസിക്യൂഷൻ ആറാം സാക്ഷി കളർകോട് വേണുഗോപാലിനോട് ഫാ.തോമസ് കോട്ടൂർ നേരിട്ട് കുറ്റ സമ്മതം നടത്തിയിരുന്നു. വേണുഗോപാൽ കോടതിയിൽ മൊഴി നൽകിയിരുന്ന കാര്യവും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രാസിക്യൂഷൻ വാദം നാളെയും (നവംബർ 19) തുടരും.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 234 പ്രകാരമാണ് സെഷൻസ് കേസിൽ കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേൾക്കുന്നത്. പ്രോസിക്യൂഷൻ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവിൽ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷൻ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷൻ വാദം ഉന്നയിക്കുന്നത്. വാദം പൂർത്തിയാകുന്നതോടെ പ്രതിഭാഗം വാദം കോടതി കേൾക്കും.