കോട്ടയം: ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും എതിരെ വന്നിട്ടുള്ള ആരോപണങ്ങൾ അവിശ്വസനീയമെന്ന് ക്‌നാനായ കത്തോലിക്കാ സഭ. കോടതി വിധിയെ മാനിക്കുന്നു. വിധിക്കെതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ട്. ഇത്തരം ഒരു സാഹചര്യം ഉണ്ടായതിൽ ഖേദിക്കുന്നെന്നും കോട്ടയം അതിരൂപത വാർത്താകുറിപ്പിൽ അറിയിച്ചു.

അതിരുപതയുടെ പി.ആർ.ഒ അഡ്വക്കേറ്റ് അജി കോയിക്കലാണ് വാർത്താ കുറിപ്പിൽ ഒപ്പ് വെച്ചിരിക്കുന്നത്. കോട്ടയം അതിരൂപതാംഗമായിരുന്ന സിസ്റ്റർ അഭയ മരിച്ച സംഭവം ദുഃഖകരവും നിർഭാഗ്യകരവുമായിരുന്നെന്നും വാർത്ത കുറിപ്പിൽ പറയുന്നു.

സിസ്റ്റർ അഭയ കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയാണ് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഫാ. തോമസ് കോട്ടൂരിന് ഇരട്ടജീവപര്യന്തവും സിസ്റ്റർ സെഫിക്ക് കൊലപാതകത്തിന് ജീവപര്യന്തം ശിക്ഷയും തെളിവു നശിപ്പിക്കലിന് ഏഴുവർഷം തടവ് ഇരുവർക്കും ശിക്ഷ വിധിച്ചു. ഫാ. തോമസ് കോട്ടൂർ 6.50 ലക്ഷം രൂപയും സിസ്റ്റർ സെഫി 5.50 ലക്ഷം രൂപയും പിഴ ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നും തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു.

ശിക്ഷാവിധി കേൾക്കാൻ ഫാ. തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും സിബിഐ. കോടതിയിൽ ഹാജരായിരുന്നു. ശിക്ഷ വിധിക്കുന്നതിന് മുമ്പ് രാവിലെ 11.10-ഓടെ കോടതിയിൽ വാദം തുടങ്ങി. പ്രതികൾ കൊലക്കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അതിനാൽ പരമാവധി ശിക്ഷയായ വധശിക്ഷയോയ ജീവപര്യന്തമോ നൽകണമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫാ. തോമസ് കോട്ടൂർ കോൺവെന്റിൽ അതിക്രമിച്ചുകയറി കുറ്റകൃത്യം നടത്തിയെന്നത് ഗൗരവതരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.

മൂന്നാം പ്രതിയായ സെഫി ഇരയ്‌ക്കൊപ്പം താമസിച്ചിരുന്നയാളാണെന്നും അവരാണ് കൃത്യത്തിൽ പങ്കാളിയായതെന്നും പ്രോസിക്യൂഷൻ പറഞ്ഞു. അതിനിടെ, ഇതൊരു ആസൂത്രിതമായ കൊലപാതകമാണോ എന്ന് കോടതി ചോദിച്ചു. അല്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. പ്രോസിക്യൂഷന്റെ വാദത്തിനിടെ പ്രതികൾ മരണശിക്ഷ അർഹിക്കുന്നില്ലെന്നും കോടതി പരാമർശം നടത്തി.

കാൻസർ രോഗിയായതിനാൽ ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഫാ. തോമസ് കോട്ടൂരിന്റെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടത്. താൻ നിരപരാധിയാണെന്ന് കോട്ടൂർ ആവർത്തിച്ചു. പ്രായവും രോഗവും കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. ഫാ. കോട്ടൂരിനെ കോടതി അടുത്തേക്ക് വിളിപ്പിച്ച് വിവരങ്ങൾ ആരായുകയും ചെയ്തു. ശിക്ഷയിൽ ഇളവ് നൽകണമെന്ന് സിസ്റ്റർ സെഫിയും കോടതിയിൽ പറഞ്ഞു. 11.35-ഓടെ ശിക്ഷാവിധിയിലുള്ള വാദം പൂർത്തിയായി. തുടർന്നാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജി കെ. സനിൽകുമാർ പ്രതികളുടെ ശിക്ഷ വിധിച്ചത്. കഴിഞ്ഞദിവസമാണ് അഭയ കൊലക്കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ. പ്രത്യേക കോടതി വിധിച്ചത്.

കൊലക്കുറ്റം തെളിഞ്ഞതായി കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കുന്നത്. ഫാ. തോമസ് കോട്ടൂരിനെതിരെയും സിസ്റ്റർ സെഫിക്കെതിരെയും കൊലപാതകം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിന്നത്. ഫാ. തോമസ് കോട്ടൂർ കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ അതിക്രമിച്ചു കയറിയെന്നും കോടതി വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ശിക്ഷാ വിധി. പ്രതികൾക്ക് ഇനി ഹൈക്കോടതിയിൽ അപ്പീൽ നൽകാം. അതു ചെയ്യുമെന്നാണ് സൂചന.

പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ പ്രതികളുടെ പ്രായവും ഒന്നാം പ്രതി കോട്ടൂരിന്റെ അർബുദ രോഗവും കണക്കിലെടുത്താണ് ശിക്ഷ ജീവപര്യന്തമാക്കിയതെന്നാണ് വിലയിരുത്തൽ. അഭയ മരിച്ച് 28 വർഷങ്ങൾക്കു ശേഷമാണു കേസിൽ ശിക്ഷാ വിധി. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന നിഗമനത്തിലെത്തി എഴുതിത്ത്ത്ത്ത്ത്ത്ത്ത്തള്ളിയ കേസിൽ അഭയയുടേതു കൊലപാതകമാണെന്നു കണ്ടെത്തിയതു സിബിഐയാണ്. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും നിർണായകമായി.

ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണു യഥാക്രമം ഒന്നും മൂന്നും പ്രതികൾ. സിബിഐയുടെ കുറ്റപത്രത്തിൽ രണ്ടാം പ്രതിയായിരുന്ന ഫാ.ജോസ് പൂതൃക്കയിലിനെ വിചാരണ കൂടാതെ കോടതി വിട്ടയച്ചിരുന്നു. കേസ് അന്വേഷണത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നാലാം പ്രതി മുൻ എഎസ്ഐ വി.വി.അഗസ്റ്റിനെയും കുറ്റപത്രത്തിൽനിന്നു സിബിഐ ഒഴിവാക്കി. ഇതിൽ പുതൃക്കയലിനെ വീണ്ടും കേസിൽ പ്രതിയാക്കാൻ സാധ്യതയുണ്ട്. ഇതിന് വേണ്ടി സുപ്രീംകോടതിയെ സിബിഐ സമീപിക്കും,

കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിനി ആയിരിക്കെ സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണു കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വർഷത്തിനു ശേഷമാണു ഫാ.തോമസ് കോട്ടൂർ, ഫാ.ജോസ് പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ അറസ്റ്റ് ചെയ്തത്.

2019 ഓഗസ്റ്റ് 26ന് സിബിഐ കോടതിയിൽ ആരംഭിച്ച വിചാരണ ഈ മാസം 10നു പൂർത്തിയായി. 49 പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിച്ചു. 8 പേർ കൂറുമാറി. പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയെപ്പോലും വിസ്തരിച്ചില്ല.