കൊച്ചി: സിസ്റ്റർ അഭയ കേസിൽ സിബിഐ കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വിചാരണ കോടതി വിധിക്കെതിരെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂർ സമർപ്പിച്ച അപ്പീൽ ജസ്റ്റിസ് കെ.വിനോദ ചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് പരിഗണിച്ചത്. സിബിഐ കോടതിയുടെ ഇരട്ട ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഫാദർ തോമസ് എം കോട്ടൂർ അപ്പീൽ നൽകിയത്. അപ്പീലുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. അപ്പീൽ കോടതി പിന്നീട് പരിഗണിക്കും. അപ്പീൽ പരിഗണിച്ച് തീർപാക്കുന്നതുവരെ ജാമ്യം അനുവദിക്കണം എന്ന ഹർജി പ്രതി ഉടൻ നൽകും. വിധി സ്‌റ്റേ ചെയ്യണമെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ രാമൻ പിള്ള ആവശ്യപ്പെട്ടെങ്കിലും കോടതി അത് പരിഗണിച്ചില്ല. ഇത്തരത്തിലുള്ള ജാമ്യം കൊടുക്കാനും സ്റ്റേ ചെയ്യാനുമുള്ള ധാരാളം കേസുകൾ കെട്ടിക്കിടപ്പുണ്ടെന്നും അവർക്കാർക്കും നൽകാത്ത പരിഗണന നൽകാനാവില്ലെന്നും ജഡ്ജി വ്യക്തമാക്കി.

28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെടുന്നത്. എന്നാൽ, കേസിന്റെ വിചരണയടക്കമുള്ള നടപടികൾ നീതി പൂർവ്വമായിരുന്നില്ലെന്നാണ് ഹർജിയിൽ പ്രതി ആരോപിക്കുന്നത്.

കേസിലെ 49 ാം സാക്ഷി അടയ്ക്കാ രാജുവിന്റെ മൊഴിയടക്കം അടിസ്ഥാനമാക്കിയാണ് കോടതി ശിക്ഷ വിധിച്ചത്. ഈ മൊഴി വിശ്വസനീയമല്ലെന്നും ഹർജിയിൽ ഫാദർ തോമസ് എം കോട്ടൂർ വ്യക്തമാക്കുന്നു.

വിചാരണ കോടതി വിധി തെളിവുകളും സാക്ഷിമൊഴികളും വസ്തുതാപരമായി വിലയിരുത്തിയുള്ളതല്ലെന്നും കോടതിക്ക് തെറ്റ് സംഭവിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി. അഭയയുടെ മരണം കൊലപാതകമാണോ മുങ്ങിമരണമാണോ എന്ന് സംശയാതീതമായി തെളിയിക്കാൻ സിബിഐക്ക് കഴിഞ്ഞില്ലെന്നും കേസ് എഴുതിത്ത്ത്ത്തള്ളണമെന്ന ആവശ്യം കൊലപാതകമാണെന്ന് വ്യക്തമാക്കി കോടതി നിരസിച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളുടേയും മെഡിക്കൽ റിപ്പോർട്ടുകളുടേയും ആധികാരികത പരിശോധിക്കാതെയാണ് കോടതി ശിക്ഷ വിധിച്ചത്. സംശയമുള്ളവരുടെ പേരുകൾ വേറെയും ഉണ്ടായിരുന്നു. സാക്ഷിമൊഴികളും വിശ്വസനീയമല്ല. അഭയയുടേത് മുങ്ങിമരണമെന്നായിരുന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. മറ്റൊരു ഡോക്ടറുടെ റിപ്പോർട്ടിൽ കോടാലി കൊണ്ട് തലക്കടിച്ച് പരുക്കേൽപ്പിച്ചെന്ന സാധ്യത തള്ളിക്കളഞ്ഞിട്ടുണ്ട്.

ബോധമില്ലാതെ വെള്ളത്തിൽ വീണുള്ള മുങ്ങിമരണമാണെന്നും ആത്മഹത്യയാണോ നരഹത്യയാണോയെന്ന് വ്യക്തമായി തെളിയിക്കാനാവുന്നില്ലെന്നുമാണ് മെഡിക്കൽ സംലത്തിന്റെ റിപ്പോർട്ട്. തെളിവുകൾ പരിശോധിക്കാതെ കോടതി തെറ്റായ നിഗമനത്തിൽ എത്തിയെന്നും ഫാദർ കോട്ടൂർ ബോധിപ്പിച്ചു.

അഭയയെ പ്രതികൾ കോടാലിക്ക് തലയ്ക്ക് പിന്നിൽ അടിച്ച് പരുക്കേൽപ്പിച്ച് കിണറ്റിൽ തള്ളിയെന്ന സിബിഐ റിപ്പോർട്ട് കണക്കിലെടുത്താണ് കോടതി ശിക്ഷിച്ചത്. ഫാദർ കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജീവപര്യന്തം തടവും പിഴയുമാണ് വിധിച്ചത്. മൂന്നാം പ്രതി സിസ്റ്റർ സെഫി വെള്ളിയാഴ്ച അപ്പീൽ സമർപ്പിക്കും.

ഡിസംബർ 23 നാണ് അഭയ കേസിൽ ഫാദർ തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും സിബിഐ കോടതി ശിക്ഷിച്ചത്. കേസിലെ കൂട്ട് പ്രതിയായ സിസ്റ്റർ സെഫി അടുത്ത ദിവസം അപ്പീൽ സമർപ്പിക്കുമെന്നാണ് സൂചന.