- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഭയ കേസിൽ നിന്നും രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയിലിനെ ഒഴിവാക്കി; ഫാ. തോമസ് എം കോട്ടൂരിന്റെയും സിസ്റ്റർ സെഫിയുടെയും വിടുതൽ ഹർജികൾ തള്ളി സിബിഐ കോടതി; മൂന്ന് പ്രതികൾക്കെതിരെയും ശക്തമായ തെളിവുകൾ ഉണ്ടെന്ന സിബിഐയുടെ വാദം ഫലം കണ്ടില്ല; കത്തോലിക്കാ സഭയെയും രാഷ്ട്രീയ കേരളത്തെയും പിടിച്ചുകുലുക്കിയ കന്യാസ്ത്രീയുടെ കൊലപാതക കേസിൽ നിർണായക വഴിത്തിരിവായി കോടതി വിധി
തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ മൂന്നു പ്രതികളുടെയും വിടുതൽ ഹർജികളിൽ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. സിബിഐ കേസിൽ രണ്ടാം പ്രതിയാക്കിയ ഫാ. ജോസ് പൂതൃക്കയിലിനെ കോടതി കേസിൽ നിന്നും ഒഴിവാക്കി. അതേസമയം ഫാ. കോട്ടോരിനെയും സിസ്റ്റർ സെഫിയും പ്രതികളായി തുടരും. ഇവരുടെ വിടുതൽ ഹർജികൾ കോടതി തള്ളി. സിസ്റ്റർ അഭയയുടെതു കൊലപാതകമാണെന്നും പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, ഫാദർ ജോസ് പുതൃകയിൽ,സിസ്റ്റർ സെഫി എന്നിവർക്കെതിരെ ശക്തമായ തെളിവുകളുണ്ട് എന്നുമായിരുന്നു സിബിഐയുടെ വാദം. എന്നാൽ ജോസ് പൂതൃക്കയിലിനെതിരായ സിബിഐ നിരത്തിയ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. തെളിവുകളുടെ അഭാവത്തിൽ ഫാ. ജോസ് പൂതൃക്കയിലിനെ ഒഴിവാക്കി എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മറ്റുള്ളവരുടെ ഹർജികൾ തള്ളുന്നതായും കോടതി വ്യക്തമാക്കി. വിശദമായ വിധി പ്രഖ്യാപനം കോടതി പിന്നീട് നടത്തും. പ്രതികളായ തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ എന്നിവരെ സാക്ഷികളായ സഞ്ജു പി. മാത്യു, ചെല്ലമ്മദാസ് എന്നിവർ കോൺവെന്റ് പരിസരത്ത് അസമയത്ത് കണ്ടിട്ടുണ്ട്. ചെല

തിരുവനന്തപുരം: സിസ്റ്റർ അഭയ കേസിൽ മൂന്നു പ്രതികളുടെയും വിടുതൽ ഹർജികളിൽ തിരുവനന്തപുരം സിബിഐ കോടതി ഉത്തരവിട്ടു. സിബിഐ കേസിൽ രണ്ടാം പ്രതിയാക്കിയ ഫാ. ജോസ് പൂതൃക്കയിലിനെ കോടതി കേസിൽ നിന്നും ഒഴിവാക്കി. അതേസമയം ഫാ. കോട്ടോരിനെയും സിസ്റ്റർ സെഫിയും പ്രതികളായി തുടരും. ഇവരുടെ വിടുതൽ ഹർജികൾ കോടതി തള്ളി. സിസ്റ്റർ അഭയയുടെതു കൊലപാതകമാണെന്നും പ്രതികളായ ഫാദർ തോമസ് എം കോട്ടൂർ, ഫാദർ ജോസ് പുതൃകയിൽ,സിസ്റ്റർ സെഫി എന്നിവർക്കെതിരെ ശക്തമായ തെളിവുകളുണ്ട് എന്നുമായിരുന്നു സിബിഐയുടെ വാദം. എന്നാൽ ജോസ് പൂതൃക്കയിലിനെതിരായ സിബിഐ നിരത്തിയ വാദങ്ങൾ തള്ളിക്കൊണ്ടാണ് കോടതി ഉത്തരവിട്ടത്. തെളിവുകളുടെ അഭാവത്തിൽ ഫാ. ജോസ് പൂതൃക്കയിലിനെ ഒഴിവാക്കി എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. മറ്റുള്ളവരുടെ ഹർജികൾ തള്ളുന്നതായും കോടതി വ്യക്തമാക്കി. വിശദമായ വിധി പ്രഖ്യാപനം കോടതി പിന്നീട് നടത്തും.
പ്രതികളായ തോമസ് എം. കോട്ടൂർ, ഫാ. ജോസ് പൂതൃക്കയിൽ എന്നിവരെ സാക്ഷികളായ സഞ്ജു പി. മാത്യു, ചെല്ലമ്മദാസ് എന്നിവർ കോൺവെന്റ് പരിസരത്ത് അസമയത്ത് കണ്ടിട്ടുണ്ട്. ചെല്ലമ്മദാസ് ഈ വിവരം മൂന്നാംപ്രതി സെഫിയോട് പറഞ്ഞിട്ടുണ്ടെന്ന് മൊഴിനൽകിയതായും സിബിഐ. കോടതിയെ അറിയിച്ചു. സിസ്റ്റർ അഭയ കൊല്ലപ്പെട്ട ദിവസം കോൺവെന്റിലെ താഴത്തെ നിലയിൽ സെഫി മാത്രമാണ് ഉണ്ടായിരുന്നത്. സെഫിയോടൊപ്പം താമസിച്ചിരുന്ന ഹെലൻ അന്ന് കോൺവെന്റിൽ ഉണ്ടായിരുന്നില്ലെന്ന് മൊഴി നൽകിയിരുന്ന കാര്യവും പ്രോസിക്യൂട്ടർ വിചാരാണാ വേളയിൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സിസ്റ്റർ അഭയയുടെ മൃതദേഹപരിശോധന നടത്തിയ ഡോ. രാധാകൃഷ്ണൻ അതുകൊലപാതകമാണെന്ന് റിപ്പോർട്ടിൽ എടുത്തുപറഞ്ഞതും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി. പോസ്റ്റുമോർട്ടം റിപ്പോർട്ട് ഹൈദരാബാദിലെ വിദഗ്ദ്ധസംഘം പരിശോധിച്ച് കൊലപാതകമാണെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.
സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും ശക്തമായതിനാലാണ് മൂന്നുപേരേയും പ്രതികളാക്കിയതെന്നും സിബിഐ. വാദിച്ചു. 1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെൻത് കോൺവന്റിലെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തെക്കുറിച്ച് ഉയർന്ന സംശയം തീപ്പൊരിയായി പടർന്നു. അഭയ ആക്ഷൻ കൗൺസിൽ രൂപീകരിച്ചതോടെ അത് പുതിയ മാനമായി മാറി. മനുഷ്യാവകാശ പ്രവർത്തകനായ ജോമോൻ പുത്തൻപുരയ്ക്കൽ കേസിന്റെ പിന്നാലെ നിഴലായി സഞ്ചരിച്ചു. കോട്ടയം നീണ്ടൂർ സ്വദേശിയായ ജോമോൻ അഭയകേസ് സജീവമാക്കാനും ജനശ്രദ്ധയിൽ നിലനിർത്താനും നിരന്തര സമരത്തിലായിരുന്നു.
മരണം ആത്മഹത്യയാണെന്ന ലോക്കൽ പൊലീസ് നിഗമനത്തിലത്തെിയോടെ അന്നത്തെ കോട്ടയം നഗരസഭാ ചെയർമാൻ പി.സി. ചെറിയാൻ മടുക്കാനി പ്രസിഡന്റായും ജോമോൻ പുത്തൻപുരക്കൽ കൺവീനറായും ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചതോടെയാണ് കേസിന് വഴിത്തിരിവുണ്ടായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് എത്തിയത്. പിന്നീട് 1993 മാർച്ച് 29ന് അന്വേഷണം സിബിഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താൽ പ്രതികളെ കണ്ടെത്താൻ സാധിക്കില്ലെന്ന നിലപാടിനെ തുടർന്ന് 1996ൽ അന്വേഷണം അവസാനിപ്പിക്കുന്നതിന് സിബിഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടർന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തവിടുകയായിരുന്നു.
പതിനഞ്ചു വർഷം മുമ്പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കൽ എക്‌സാമിനേഷൻ ലബോറട്ടറിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടിൽ തിരുത്തൽ വരുത്തിയതായി റിപ്പോർട്ടു വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്. ഇതിനിടെ സിസ്റ്റർ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുൻ എഎസ്ഐ വി.വി. അഗസ്റ്റിൻ 2008 നവംബർ 25ന് ആത്മഹത്യ ചെയ്തു. സിബിഐ ചോദ്യം ചെയ്ത അഗസ്റ്റിനെ 2008 നവംബർ 25ന് കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചനിലയിൽ കോട്ടയം ചിങ്ങവനം ചാലച്ചിറയിലെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി സിബിഐയാണെന്ന് പറയുന്ന നാലു വരിയുള്ള ഒരു ആത്മഹത്യാക്കുറിപ്പ് ജഡത്തിന്റെ സമീപത്തു നിന്നു കണ്ടെടുത്തു.
അഭയയുടെ മരണത്തിന്റെ ഇൻക്വസ്റ്റ് തയ്യാറാക്കിയത് അന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ എഎസ്ഐയായിരുന്നു അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ടതിന് ശേഷം ആദ്യം പയസ് ടെൻത് കോൺവെന്റിലെത്തിയ അഗസ്റ്റിൻ കേസ് സംബന്ധിച്ച നിർണായകമായ പല തെളിവുകളും നശിപ്പിച്ചുവെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. പല തവണ ഇയാളെ സിബിഐ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു.സിസ്റ്റൻ അഭയ മരിച്ച സമയത്ത് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എഎസ്ഐ. ആയിരുന്നു അദ്ദേഹം. 75 വയസുള്ള അഗസ്റ്റിൻ കേസന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ മാപ്പു സാക്ഷിയാകാൻ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റിയിരുന്നു. കേസന്വേഷണത്തിനിടെ മൊഴിയിൽ വൈരുധ്യം ഉണ്ടെന്ന് സിബിഐ. സംഘം വ്യക്തമാക്കിയിരുന്നു.
കേസിൽ 2008 നവംബർ 18നു 2008 ഒക്ടോബർ 18, 19 തീയ്യതികളിലായി ഫാ. തോമസ് കോട്ടൂർ, ഫാ. ജോസ് പുതൃക്കയിൽ, സിസ്റ്റർ സ്റ്റെഫി എന്നീ മൂന്നു പേരെ സിബിഐ പ്രത്യേക സംഘം അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെൻത് കോൺവെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അറസ്റ്റ് ചെയ്ത മൂന്നു പ്രതികളേയും 2008 നവംബർ 19ന് കോടതിയിൽ ഹാജരാക്കുകയും, കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ച് കൂടുതൽ ചോദ്യം ചെയ്യലിനായി സിബിഐ കസ്റ്റഡിയിൽ വിട്ടു കൊടുക്കുകയും ചെയ്തു.
സിസ്റ്റർ അഭയയെ കൊല്ലാൻ മുഖ്യ പങ്ക് വഹിച്ച പ്രതി തോമസ് കോട്ടൂർ ആണെന്നാണ് സിബിഐയുടെ കണ്ടെത്തൽ. കൊലപാതകം, കൊല ചെയ്യാൻ പൊതുവായ ഉദ്ദേശ്യം എന്നീ വകുപ്പുകൾ അനുസരിച്ചുള്ള കുറ്റങ്ങളാണു സിബിഐ കോട്ടൂരിന് മേൽ ചുമത്തിയത്. സിസ്റ്റർ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്ന് സിബിഐ ആരോപിക്കുന്നു. ഫാ. തോമസ് കോട്ടൂർ ബി.സി.എം. കോളജിൽ സൈക്കോളജി വിഭാഗം അദ്ധ്യാപകനായിരുന്നു. അതിനുശേഷം അമേരിക്കയിലേക്കു പോയി. അറസ്റ്റ് ചെയ്യപ്പെടുമ്പോൾ ഫാ. തോമസ് കോട്ടൂർ കോട്ടയം അതിരൂപതാ ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. സിസ്റ്റർ അഭയയെ തലയ്ക്കടിക്കാൻ ഫാ. തോമസിന് കൂട്ടുനിന്നു എന്നതാണ് ഫാ. ജോസ് പുതൃക്കയിലിനെതിരായ കുറ്റം. എന്നാൽ കൊലപാതകത്തിൽ പൂതൃക്കയിലിനെതിരായ തെളിവില്ലെന്ന് വ്യക്തമാക്കിയാണ് ഇപ്പോൾ സിബിഐ കോടതി ഉത്തരവിട്ടിരിക്കുന്നത്.

