വിയന്ന: ക്രിസ്മസ് ആഘോഷങ്ങൾക്ക് ചാരുതയേകിക്കൊണ്ട് ഡിസംബർ 23 ന് വിയന്നയിലെ പ്രവാസി മലയാളികളുടെ കലാ സംരംഭമായ 'അഭയാർത്ഥി' എന്ന ഷോർട്ട് ഫിലിം റിലീസ് ചെയ്തു.

യുദ്ധങ്ങൾ, ആഭ്യന്തര കലാപങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ഇവ മാത്രമാണോ അഭയാർത്ഥികളെ സൃഷ്ടിക്കുന്നത്? അവകാശമായി കിട്ടേണ്ട വാത്സല്യവും പരിരക്ഷണവും അർഹമായ സന്തോഷവും നഷ്ടമാകുന്നത് ഏതെല്ലാം ദുരന്തങ്ങളാലാണ്?  ഇത്തരം ചോദ്യങ്ങളിലൂടെയാണ് ഈ ചെറിയ ചലച്ചിത്രം കടന്നു പോകുന്നത്.

ജീവിത സ്പർശിയായ കഥാപാത്രങ്ങൾക്ക് മിഴിവേകുന്നത് കലാതാൽപര്യമുള്ള പ്രവാസി മലയാളികളാണ്.  രചന, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, സംഗീതം തുടങ്ങിയവ നിർവ്വഹിച്ചിരിക്കുന്നത് യൂറോപ്പിലെ അറിയപ്പെടുന്ന കലാകാരന്മാരായ ജാക്‌സൺ പുല്ലേലിയും, മനോജ് ചൊവ്വൂക്കാരനും ചേർന്നാണ്.

പൂർണ്ണമായും ഓസ്ട്രിയയിൽ ചിത്രീകരണം നടത്തിയിട്ടുള്ള ഈ ഷോർട്ട് ഫിലിമിന്റെ നിർമ്മാണം വിയന്നയിലെ മുളയ്ക്കൽ എന്റർപ്രൈസസ് ലിമിറ്റഡ് (www.mulackal.com) ആണ്.

പ്രവാസി മലയാളികളുടെ കലാരംഗത്തെ ചുവടുവയ്പുകൾക്ക് എന്നെന്നും പ്രോത്സാഹനം നൽകിക്കൊണ്ടിരിക്കുന്ന നല്ല മനസ്സുകൾക്ക് മുമ്പിൽ ഒരു ക്രിസ്മസ് നവവത്സര ഉപഹാരമായി, വിനയപൂർവ്വം ഇത് സമർപ്പിക്കുന്നുവെന്ന് ടീമിന്റെ രക്ഷാധികാരിയായ ഫാ. ജിജോ വാകപ്പറമ്പിൽ അറിയിച്ചു.