തിരുവനന്തപുരം: യേശുദാസുമായുള്ള ശബ്ദ സാമ്യത്തിന്റെ പേരിൽ യുവഗായകന് സംസ്ഥാന പുരസ്‌കാരം നിഷേധിച്ചുവെന്ന വിവാദത്തിൽ പ്രതികരണവുമായി ജൂറി ചെയർമാൻ ടി.വി ചന്ദ്രനും ജൂറി അംഗം മനോജ് കാനയും രംഗത്ത്. യേശുദാസുമായുള്ള ശബ്ദസാമ്യത്തിന്റെ പേരിൽ യുവ ഗായകൻ അഭിജിത്ത് വിജയന് അവാർഡ് നിരസിച്ചുവെന്നായിരുന്നു വാർത്ത. ഇതേതുടർന്ന് ഷഹബാസ് അമന് മികച്ച ഗായകനുള്ള പുരസ്‌കാരം നൽകുകയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

എന്നാൽ ഭയാനകം എന്ന ചിത്രത്തിൽ അഭിജിത്ത് വിജയൻ പാടിയ കുട്ടനാടൻ കാറ്റു ചോദിക്കുന്നു എന്ന ഗാനം കേട്ടപ്പോൾ അഭിജിത്തിന് യേശുദാസിന്റെ ശബ്ദവുമായുള്ള സാമ്യം ചർച്ചയായിരുന്നുവെന്ന് ജൂറി ചെയർമാൻ സ്ഥിരീകരിച്ചു. അതിനപ്പുറം അവാർഡ് നിർണ്ണയത്തിൽ ശബ്ദസാമ്യം നെഗറ്റീവ് പോയിന്റായി കണക്കാക്കിയിട്ടില്ലെന്ന് ടി.വി ചന്ദ്രൻ വെളിപ്പെടുത്തി. ഇത്തരം ചർച്ചകൾ അവാർഡ് ലഭിച്ച ഗായകനെ ചോദ്യം ചെയ്യുന്നതിന് തുല്യമാണെന്നും ടി.വി ചന്ദ്രനും മനോജ് കാനയും പറഞ്ഞു.

ജൂറി അംഗമായ സംഗീത സംവിധായകൻ ജെറി അമൽദേവിനെയാണ് പാട്ടുകൾ തെരഞ്ഞെടുക്കാൻ നിയോഗിച്ചത്. അദ്ദേഹം തെരഞ്ഞെടുത്തവ എല്ലാവരും കൂടി കേൾക്കുകയായിരുന്നു. ഒടുവിൽ മായാനദി എന്ന ചിത്രത്തിലെ മിഴിയിൽ നിന്നും മിഴിയിലേക്ക് എന്ന ഗാനം പാടിയ ഷഹബാസ് അമനെ തെരഞ്ഞെടുക്കുകയായിരുന്നു. ഒരുപാട് സമയമെടുത്താണ് സംഗീത അവാർഡുകൾ നിർണ്ണയിച്ചതെന്നും ടി.വി ചന്ദ്രൻ പറഞ്ഞു.

ജൂറി അംഗവും സംഗീത സംവിധായകനുമായ ജെറി അമൽ ദേവ് അവാർഡ് നിർണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ: 'ഭയാനകത്തിലെ പാട്ടു പാടിയ അഭിജിത്തിന് മികച്ച ഗായകനുള്ള പുരസ്‌കാരം ലഭിക്കുന്നതിനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ ഇദ്ദേഹം യേശുദാസിന്റെ ശബ്ദം അനുകരിക്കുകയാണെന്നൊരു അഭിപ്രായം ജൂറി അംഗങ്ങൾക്കിടയിലുണ്ടായി. യേശുദാസിനെക്കുറിച്ച് ആർക്കും അഭിപ്രായ വ്യത്യാസമൊന്നുമില്ല. അതുകൊണ്ടല്ല അഭിജിത്തിന് അവാർഡ് നൽകാതിരുന്നതും. ഒരു ഗായകൻ അയാളുടെ ശരിക്കുള്ള സ്വരത്തിൽ വേണം പാടാൻ എന്ന അഭിപ്രായം എനിക്കുണ്ട്.'

അഭിജിത്തിന്റെ സ്വരവും യേശുദാസിന്റെ സ്വരവും തമ്മിൽ സാമ്യമുള്ളതിനാൽ അങ്ങനെ തോന്നിയതാവില്ലേ എന്ന ചോദ്യത്തിന്, യേശുദാസ് ഉപയോഗിക്കാറുള്ള ചില 'സംഗതികൾ' പോലും അതേ പടി പകർത്താൻ അഭിജിത്ത് ശ്രമിച്ചുവെന്നാണ് ജെറി അമൽ ദേവ് മറുപടി പറഞ്ഞത്. എം.കെ അർജുനൻ മാസ്റ്റർക്ക് ഇത്തവണത്തെ മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിക്കൊടുത്തതും ഭയാനകത്തിലെ പാട്ടുകളാണ്.